കമന്ററിയിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

0
81

ബി.സി.സി.ഐകമന്ററി പാനലിൽ നിന്ന് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ വിരമിച്ചു. 23 വർഷം നീണ്ട തന്റെ കരിയറിൽ വംശീയ അധിക്ഷേപവും അവഗണനയും നേരിട്ടതായി ആരോപിച്ചാണ് 60-കാരനായ ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ പിന്മാറ്റം. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രണ്ട് പതിറ്റാണ്ടിലേറെയായി ഈ സംവിധാനത്തിന്റെ ഭാഗമായിട്ടും ടോസ് ഡ്യൂട്ടി, മത്സരാനന്തര പുരസ്കാര ചടങ്ങുകൾ തുടങ്ങിയ പ്രധാന ഓൺ-എയർ റോളുകളിൽ തന്നെ നിരന്തരം അവഗണിക്കാറുണ്ടെന്ന് ശിവരാമകൃഷ്ണൻ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു. ഇതിന് കാരണം വംശീയതയാണോ എന്ന ചോദ്യത്തിന്, “നിങ്ങൾ പറഞ്ഞത് ശരിയാണ്, നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണിത്” എന്ന് അദ്ദേഹം മറുപടി നൽകി.

പുതിയ കമന്റേറ്റർമാർക്ക് നൽകുന്ന അവസരങ്ങൾ പോലും തനിക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. “23 വർഷമായിട്ടും ടോസ് ചടങ്ങുകൾക്കോ പുരസ്കാര ചടങ്ങുകൾക്കോ എന്നെ പരിഗണിക്കുന്നില്ല, പകരം പുതുതായി വരുന്നവർക്ക് ആ അവസരം കിട്ടുന്നുണ്ടെങ്കിൽ അതിന്റെ കാരണം എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ,” അദ്ദേഹം പറഞ്ഞു.

രവി ശാസ്ത്രിയെ പോലുള്ള പ്രമുഖർ ടീം സെറ്റപ്പിലുണ്ടായിരുന്ന കാലത്ത് പോലും തനിക്ക് ഇത്തരം ചമുതലകൾ നൽകിയിരുന്നില്ലെന്നും ഇത് കാലങ്ങളായുള്ള വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വിരമിക്കൽ കേവലം ഒരു പടിയിറക്കം അല്ലെന്നും മറിച്ച് ടെലിവിഷൻ പ്രൊഡക്ഷൻ രംഗത്തെയും ചുമതലകൾ വിഭജിക്കുന്നതിലെയും അപാകതകൾ പുറത്ത് കൊണ്ടുവരാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ?

1980 കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള ലെഗ് സ്പിന്നർമാരിൽ ഒരാളായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണൻ. 1983 നും 1987 നും ഇടയിൽ 9 ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ച അദ്ദേഹം ടെസ്റ്റിൽ 26 വിക്കറ്റുകളും ഏകദിനത്തിൽ 15 വിക്കറ്റുകളും നേടി. മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.

1983 ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെയാണ് അദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ചെറുപ്പത്തിൽ ഒരു ആഭ്യന്തര മത്സരത്തിൽ രണ്ട് റൺസിന് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയതോടെ അദ്ദേഹം ആദ്യകാല ശ്രദ്ധ പിടിച്ചുപറ്റി. 1984 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്, ആ മത്സരത്തിൽ അദ്ദേഹം 12 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

1985 ൽ ഓസ്ട്രേലിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യയുടെ ടീമിലും അദ്ദേഹം അംഗമായിരുന്നു, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരൻ അദ്ദേഹമായിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കമന്ററിയിലേക്ക് മാറി. സ്പിൻ ബൗളിംഗിലെ സാങ്കേതിക വിശകലനത്തിന് പേരുകേട്ടയാളായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here