കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോൾ കുട്ടികൾക്ക് ചുമ, ജലദോഷം, പനി എന്നിവ വരുന്നത് സാധാരണമാണ്. പലപ്പോഴും മാതാപിതാക്കൾ ഇത് ഒരു സാധാരണ വൈറൽ അണുബാധയായാണെന്ന് കരുതി അവഗണിക്കും.
എന്നാൽ, കുട്ടി സാധാരണയേക്കാൾ വേഗത്തിൽ ശ്വസിക്കുകയോ, ശ്വസിക്കുമ്പോൾ വാരിയെല്ലുകൾ ഉള്ളിലേക്ക് വലിയുകയോ അല്ലെങ്കിൽ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ ഇതിനെ വെറുമൊരു ജലദോഷമായോ പനിയായോ കണ്ട് അവഗണിക്കരുത്. ഇവ ന്യുമോണിയയുടെ ഗൗരവകരമായ മുന്നറിയിപ്പ് ലക്ഷണങ്ങളാകാമെന്ന് ജയ്പൂരിലെ നാരായണ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പൾമനോളജിസ്റ്റ് ഡോ. ഹർഷിൽ അൽവാനി പറയുന്നു.
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ; ഇത് ബാക്ടീരിയകളോ വൈറസുകളോ കാരണം ഉണ്ടാകാം. ഇതുമൂലം ശ്വാസകോശത്തിലെ ചെറിയ വായു അറകളിൽ (air sacs) നീർവീക്കം ഉണ്ടാവുകയും അവയിൽ ദ്രാവകം നിറയുകയും ചെയ്തേക്കാം. ഇതുമൂലം കുട്ടികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ശരീരത്തിന് ആവശ്യമായ ഓക്ജിജൻ ലഭിക്കാതിരിക്കുകയും ചെയ്യും.
ചുമ മാത്രമല്ല, കുട്ടിയുടെ ശ്വസനരീതിയും ശ്രദ്ധിക്കുക
ചെറിയ കുട്ടികൾക്ക് തങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറയാൻ കഴിഞ്ഞെന്നു വരില്ലെന്ന് ഡോ. ഹർഷിൽ അൽവാനി പറയുന്നു. അതിനാൽ, മാതാപിതാക്കൾ കുട്ടിയുടെ പെരുമാറ്റത്തിലും ശ്വസനരീതിയിലും പ്രത്യേകം ശ്രദ്ധ ചെലുത്തണം. കുട്ടി സാധാരണയേക്കാൾ വേഗത്തിൽ ശ്വസിക്കുക, ശ്വസിക്കുമ്പോൾ മൂക്കിലെ ദ്വാരങ്ങൾ വികസിക്കുക, അല്ലെങ്കിൽ നെഞ്ചിൻ്റെയും വാരിയെല്ലുകളുടെയും ഭാഗം ഉള്ളിലേക്ക് വലിയുന്നതായി കാണപ്പെടുക എന്നിവ അപകടസൂചനകളാകാം.
കൂടാതെ, കുട്ടി പാൽ കുടിക്കാൻ വിസമ്മതിക്കുകയോ, സാധാരണയേക്കാൾ കൂടുതൽ തളർച്ച പ്രകടിപ്പിക്കുകയോ, കളികളിൽ ഒട്ടും താൽപ്പര്യം കാണിക്കാതിരിക്കുകയോ ചെയ്തേക്കാം. ഗുരുതരമായ സാഹചര്യങ്ങളിൽ, കുട്ടിയുടെ ചുണ്ടുകളോ നാവോ നീലനിറമായി മാറിയേക്കാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.
ആർക്കൊക്കെയാണ് ന്യുമോണിയ വരാൻ സാധ്യത കൂടുതൽ?
ഡോ. ഹർഷിൽ അൽവാനിയുടെ അഭിപ്രായത്തിൽ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതൽ. മാസം തികയാതെ ജനിച്ച കുട്ടികൾ, പോഷകാഹാരക്കുറവുള്ളവർ, വാക്സിനേഷൻ എടുക്കാത്ത കുട്ടികൾ എന്നിവർക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. വീടിനുള്ളിലെ പുക, മലിനീകരണം എന്നിവയും കുട്ടികളുടെ ശ്വാസകോശ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
എല്ലാ ന്യുമോണിയയ്ക്കും ആൻ്റിബയോട്ടിക്കുകൾ ആവശ്യമാണോ?
ഇതൊരു തെറ്റിദ്ധാരണയാണ്. ബാക്ടീരിയകൾ മൂലമോ വൈറസുകൾ മൂലമോ ന്യുമോണിയ ഉണ്ടാകാം. ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയയ്ക്ക് ഡോക്ടർമാർ ആൻ്റിബയോട്ടിക്കുകൾ നൽകിയേക്കാം, എന്നാൽ വൈറസ് മൂലമുണ്ടാകുന്ന അണുബാധകൾക്ക് ആൻ്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. അതിനാൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ കുട്ടികൾക്ക് ആൻ്റിബയോട്ടിക്കുകൾ നൽകുന്നതോ, ഇടയ്ക്ക് വെച്ച് മരുന്ന് നൽകുന്നത് നിർത്തുന്നതോ ദോഷകരമായേക്കാം.
പ്രതിരോധിക്കാം
കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള എല്ലാ വാക്സിനുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ന്യുമോണിയയുടെ ചില വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന ‘ന്യൂമോകോക്കൽ വാക്സിൻ’ നൽകേണ്ടത് പ്രധാനമാണ്.
കൂടാതെ, ആദ്യത്തെ ആറ് മാസം മുലപ്പാൽ മാത്രം നൽകുക, പോഷകസമൃദ്ധമായ ഭക്ഷണം നൽകുക, കൈകളുടെ ശുചിത്വത്തിൽ ശ്രദ്ധ ചെലുത്തുക, കുട്ടികളെ സിഗരറ്റ് പുകയിൽ നിന്നോ അടുപ്പിൽ നിന്നുള്ള പുകയിൽ നിന്നോ അകറ്റി നിർത്തുക എന്നിവയും വളരെ പ്രധാനമാണ്. കുട്ടികളുടെ ശ്വസന നിരക്കിലും ശ്വസന രീതിയിലും പ്രത്യേക ശ്രദ്ധ ചെലുത്തുക. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതും ഡോക്ടറെ കാണിച്ച് പരിശോധന നടത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കും.









