തലമുറകളായി കാത്ത് സൂക്ഷിച്ച അത്യപൂര്‍വ്വ ഗ്രന്ഥം

0
34

കണ്ണൂര്‍: തലമുറകളായി കാത്ത് സൂക്ഷിച്ച അത്യപൂര്‍വ്വ ഗ്രന്ഥം തലശേരിയിലെ ഒരു വികാരിയുടെ ശേഖരത്തില്‍ സുരക്ഷിതം. മലയാള ഭാഷയ്‌ക്ക് ആദ്യമായി നിഘണ്ടു നിര്‍മ്മിച്ച ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിൻ്റെ ‘ ലോക ചരിത്ര ശാസ്ത്രം’ എന്ന ഗ്രന്ഥമാണ് ഇന്നും പ്രൗഢിയോടെ സി.എസ്.ഐ വികാരി റവ. ഡോ. ജിഎസ് ഫ്രാന്‍സിസിൻ്റെ കൈയില്‍ ഭദ്രമായി ഉള്ളത്.

1845ല്‍ നിട്ടൂര്‍-ഇല്ലിക്കുന്നില്‍ വച്ച് കല്ലച്ചില്‍ മുദ്രണം ചെയ്‌ത ഗ്രന്ഥം ചരിത്ര വിദ്യാര്‍ഥികളും അധ്യാപകരും മതവിശ്വാസികളും ഉള്‍പ്പെടുന്ന വിവിധ ജനവിഭാഗങ്ങള്‍ കാണാനെത്തുന്നു. ഫ്രാന്‍സിസിൻ്റെ മുത്തച്ഛനും സഭാ പ്രവര്‍ത്തകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ഇ.കെ. സത്യവ്രതനില്‍ നിന്നാണ് ഭാര്യാ പിതാവായിരുന്ന സത്യസന്ധന് ഈ പുസ്‌തകം ലഭിച്ചത്.

തലശേരി ബിഇഎംപി സ്‌കൂള്‍ അധ്യാപകനായിരുന്ന സത്യസന്ധന്‍ ഗുണ്ടര്‍ട്ടിൻ്റെ ‘ലോകചരിത്ര ശാസ്ത്രം ‘ സൂക്ഷിക്കാന്‍ മകളുടെ ഭര്‍ത്താവായ ഫ്രാന്‍സിസിനെ ഏല്‍പ്പിക്കുകയായിരുന്നു. 174 വര്‍ഷം മുമ്പ് കല്ലച്ചില്‍ അച്ചടിച്ച ഈ ഗ്രന്ഥത്തിന് 400 പേജുകളാണ് ഉള്ളത്. കാലപ്പഴക്കം കൊണ്ട് യാതൊരു പോറലുമേല്‍ക്കാത്ത ഈ ഗ്രന്ഥം സുരക്ഷിതമായി ഫ്രാന്‍സിസിൻ്റെ കൈയില്‍ നിലകൊള്ളുന്നതും ആശ്ചര്യം സൃഷ്‌ടിക്കുന്നു. 1972ലാണ് ഡോ. ജി.എസ് ഫ്രാന്‍സിസിന് ഈ ഗ്രന്ഥം ലഭിച്ചത്.

നെട്ടൂരിലെ സെമിനാരിയിലെ സംസ്‌കൃത പണ്ഡിതനായിരുന്ന മുത്തച്ഛന്‍ സത്യവ്രതന്‍ അക്കാലത്ത് തലശേരിയിലെ എഡിഎം ആയും സേവനമനുഷ്‌ഠിച്ചിരുന്നു. മലയാള മുദ്രണത്തിൻ്റെ പ്രാഗ് രൂപമായ ഈ ഗ്രന്ഥം കയ്യെഴുത്തില്‍ എഴുതി കല്ലച്ചില്‍ അച്ചടിച്ചതാണ്. കയ്യക്ഷരത്തിലെ വടിവും വരികള്‍ തമ്മിലുളള അകലവും ആകര്‍ഷണീയമാണ്. ക്രിസ്‌തുവിന് മുമ്പുളള ചരിത്രമെന്ന് വിശേഷിപ്പിച്ചാണ് ഈ ഗ്രന്ഥം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി രചിച്ചിട്ടുള്ളത്.

ബൈബിളിലെ വചനങ്ങളും മറ്റുമാണ് ഗ്രന്ഥത്തിലെ പരാമര്‍ശം. ‘ ലോക ചരിത്ര ശാസ്ത്രം ‘ ഒന്നാം കാണ്ഡം ‘ ‘ക്രിസ്‌തുവിന് മുമ്പുള്ള വൃത്താന്തം’ എന്നാണ് കവര്‍ പേജിലുള്ളത്. താഴെ തലശേരിയിലെ ‘ഛാപിതം’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബാസല്‍ മിഷൻ്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ഇന്ത്യയിലെത്തിയത്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് എത്തിയ ഗുണ്ടര്‍ട്ട് താമസ സൗകര്യമില്ലാത്തതിനാലാണ് തലശേരിയിലെത്തിയത്.

ഇല്ലിക്കുന്നില്‍ പത്‌നീ സമേതം താമസിച്ച് വരവേ മത പ്രചാരണം തുടരുകയും വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുകയും 18 ഇന്ത്യന്‍ ഭാഷകള്‍ പഠിക്കുകയും ചെയ്‌തു. 1846ല്‍ ഇല്ലിക്കുന്നില്‍ ഒരു അച്ചടി യന്ത്രം സ്ഥാപിച്ചു. മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാജാരവും പശ്ചിമോദയവും ഇവിടെ വച്ച് അച്ചടിച്ചു. മംഗലാപുരത്തേക്ക് താമസം മാറ്റിയതോടെ അച്ചടിയന്ത്രവും അവിടത്തേക്ക് മാറ്റുകയായിരുന്നു. മലയാളം ഇംഗ്ലീഷ് നിഘണ്ടുവും മലയാള വ്യാകരണവും ബൈബിള്‍ വിവര്‍ത്തനവും അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ കൃതികളാണ്.

വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്ക് പഠിക്കാനായി ചരിത്രം, ഭൂമിശാസ്ത്രം എന്നിവയും സ്‌കൂള്‍ ഇന്‍സ്‌പെക്‌ടറായ കാലത്ത് അദ്ദേഹം രചിച്ചിരുന്നു. പഴഞ്ചല്‍മാല, പാഠമാല, കേരളപ്പഴമ, മലയാള രാജ്യം, കേരളോല്‍പ്പത്തി, സത്യവേദ ഇതിഹാസം, മതവിചാരണ, മുഹമ്മദ് നബി ചരിത്രം എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് കൃതികള്‍. കേരള സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പുസ്‌തകം പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിൻ്റെ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

തലശേരി മിഷന്‍ പ്രസില്‍ അച്ചടിച്ചിരുന്ന പുസ്‌തകങ്ങള്‍ ഛാപിതം എന്ന പേരിലാണ് പുറത്തിറക്കിയിരുന്നത്. സി. കുണ്ട്യന്‍ കിട്ടു എന്ന തമിഴ്‌നാട്ടുകാരൻ്റെ സഹായത്തോടെയാണ് ഗുണ്ടര്‍ട്ട് അച്ച് കൂടം നടത്തിയത്. പുസ്‌തകത്തില്‍ കാണുന്ന കയ്യക്ഷരം കുണ്ട്യന്‍ കിട്ടുവിൻ്റേതാണ്. 1864 വരെയാണ് ഈ പ്രസ് പ്രവര്‍ത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here