ഹാൻഡ വൈറസ് (Hantavirus)

0
26
എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറുകയും മനുഷ്യർ അത് ശ്വസിക്കാൻ ഇടവരുമ്പോഴുമാണ് വൈറസ് ശരീരത്തിലെത്തുന്നത്. എലികളുടെ വിസർജ്യം കലർന്ന പ്രതലങ്ങളിൽ തൊടുകയും പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ വായിലോ തൊടുകയോ ചെയ്യുന്നതു വഴിയും വൈറസ് മനുഷ്യരിലെത്തും. ശ്വാസകോശത്തെയോ വൃക്കകളെയോ ആണ് ഹാന്റ വൈറസ് ഗുരുതരമായി ബാധിക്കുന്നത്. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 അംഗ ക്രൂസ് സംഘത്തിൽ ഇന്ത്യയടക്കം 23 രാജ്യക്കാരാണ് ഉള്ളത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രോഗബാധിതനായ ആളുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ശക്തമായ പനിയും വിറയലും, ഇടുപ്പ്, പുറംഭാഗം, തോളുകൾ എന്നിവിടങ്ങളിലുള്ള പേശിവേദന, തലവേദന, തളർച്ചയും ക്ഷീണവും, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം മുർച്ഛിക്കുമ്പോൾ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയും കടുത്ത ശ്വാസതടസ്സം, ചുമ, രക്തസമ്മർദ്ദം കുറയുക, വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുക എന്നിങ്ങനെയുള്ള ഗുരുതരാവസ്ഥയിലേക്ക് നീങ്ങും. ഹാന്റ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുക. നിലവിൽ ഹാന്റ വൈറസിന് വാക്‌സിനുകൾ ഇല്ല.

തെക്കൻ കൊറിയയിലെ ഹാന്റൻ നദിയുടെ പേരിൽ അറിയപ്പെടുന്ന ഹാന്റയെ രോഗബാധയ്ക്കനുസരിച്ച് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോം (എച്ച്.പി.എസ്. Pulmonary Syndrome)) ആണ് ഒന്ന്. ഇത് അമേരിക്ക, ചിലി തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു. ഹാന്റ വൈറസ് ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം (എച്ച്.എഫ്.ആർ.എസ്.) ആണ് മറ്റൊന്ന്. ഇത് ആദ്യത്തേതിനെ അപേക്ഷിച്ച് മാരകവുമാണ്. എലികളുടെ വിസർജ്യത്തിൽനിന്ന് പടർന്നാണ് വൈറസ് മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്.

ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം

പൊതുവേ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന എച്ച്.എഫ്. ആർ.എസ് വൃക്കയെയാണ് ബാധിക്കുക. എച്ച്.എഫ്.ആർ. എസിനുതന്നെ പൂമാല എന്നും സിയോൾ എന്നുമൊക്കെ അവാന്തര വിഭാഗങ്ങൾ കൂടിയുണ്ട്. ഫിൻലാൻഡിലെ ഒരു മുനിസിപ്പാലിറ്റിയാണ് പൂമാല. അവിടെനിന്ന് റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വൈറസ് വിഭാഗത്തിന് പൂമാല എന്ന പേരുകിട്ടിയത്. സിയോളും അങ്ങനെ പേരുനേടിയതാണ് .

തീവ്രപരിചരണവും ഓക്‌സിജനും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ. 2008 ൽ തമിഴ്‌നാട്ടിൽ നടത്തിയ ഒരു പഠനത്തിൽ വെയർഹൗസ് തൊഴിലാളികൾ, കർഷകർ, എലിപിടുത്തക്കാർ എന്നിവരിൽ 28 കേസുകൾ സ്ഥിരീകരിച്ചിരുന്നു. 2021ൽ ഒരു ക്വാറി ജീവനക്കാരനിലും ഹാന്റ വൈറസ് കണ്ടെത്തിയിരുന്നു. എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്‌കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ് വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം.

LEAVE A REPLY

Please enter your comment!
Please enter your name here