ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് തുടക്കമായി. ഏപ്രിൽ 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ വനിതാ സംവരണ ബിൽ, ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ എന്നിവ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് സഭയിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്.
സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ നീക്കമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. എന്നാൽ വനിതാ സംവരണത്തെ പിന്തുണയ്ക്കുമ്പോഴും മണ്ഡല പുനർനിർണ്ണയ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ തെരുവുകളിലും ഇന്ത്യാ (INDIA ALLIANCE) സഖ്യത്തിൻ്റെ നേതൃത്വത്തിൽ സഭയ്ക്കുള്ളിലും പ്രതിഷേധങ്ങൾ ശക്തമാണ്.ഇന്ന് ലോക്സഭയിൽ നടക്കുന്ന ചർച്ചകളിൽ സർക്കാരിനെ നേരിടാൻ പ്രമുഖ നേതാക്കളുടെ നിരയെ കോൺഗ്രസ് അണിനിരത്തുന്നു. ഗൗരവ് ഗൊഗോയി, പ്രിയങ്ക ഗാന്ധി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ എന്നിവയിൽ കോൺഗ്രസിന്റെ നിലപാടുകൾ ഇവർ സഭയിൽ ശക്തമായി അവതരിപ്പിക്കും.
കെസി വേണുഗോപാൽ, മനീഷ് തിവാരി, പ്രണിതി ഷിൻഡെ, കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ആദ്യ ദിനം സംസാരിക്കാനുള്ള കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിലുള്ള മറ്റ് നേതാക്കൾ. സർക്കാരിന്റെ പുതിയ ബില്ലുകൾക്കെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ കെസി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും സഭയുടെ ശ്രദ്ധയിൽപ്പെടുത്തും.
വോട്ടിംഗിൽ എൻഡിഎ എംപിമാരുടെ അസാന്നിധ്യം
ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനായി നടന്ന വോട്ടിംഗിൽ 207 പേർ അനുകൂലിച്ചും 126 പേർ എതിർത്തും വോട്ട് ചെയ്തു. പ്രതിപക്ഷം ഡിവിഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. ബിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചെങ്കിലും എൻഡിഎ പക്ഷത്തെ 86 എംപിമാർ വോട്ടിംഗ് സമയത്ത് സഭയിൽ ഹാജരാകാതിരുന്നത് ശ്രദ്ധേയമായി. വോട്ടെടുപ്പിന് പിന്നാലെ സഭയിൽ ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു, വെള്ളിയാഴ്ച രാവിലെ 11-ന് വീണ്ടും ചേരും.
ജാതി സെൻസസ് നടത്തുമെന്ന് അമിത് ഷാ
സഭയിൽ നടന്ന ചർച്ചയ്ക്കിടെ സുപ്രധാനമായ ഒരു പ്രഖ്യാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തി. രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഘട്ടത്തിൽ ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചുവെന്നും അദ്ദേഹം സഭയെ അറിയിച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സാങ്കേതികമായ തടസ്സവാദങ്ങൾ മാത്രമേ ബിൽ അവതരണ ഘട്ടത്തിൽ ഉന്നയിക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം കെസി വേണുഗോപാലിനെ ഓർമ്മിപ്പിച്ചു.
വനിതാ സംവരണ ബില്ലിൽ കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നും സോണിയ ഗാന്ധി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ബില്ലിനെ തത്വത്തിൽ പിന്തുണയ്ക്കുമ്പോഴും മണ്ഡല പുനർനിർണ്ണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിലാണ് പ്രതിപക്ഷം പ്രധാനമായും ഊന്നുന്നത്. ലോക്സഭയിൽ 292 സീറ്റുകളുള്ള എൻഡിഎയും 233 സീറ്റുകളുള്ള പ്രതിപക്ഷവും തമ്മിലുള്ള സംഖ്യാപരമായ പോരാട്ടത്തിനാകും വരും ദിവസങ്ങളിൽ സഭ സാക്ഷ്യം വഹിക്കുക.







