വിഴിഞ്ഞത്ത് ഇനി ലോകനിലവാരത്തിലുള്ള ലോജിസ്റ്റിക്സ് ഹബ്ബ്;

0
15

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമുദ്ര-വ്യാവസായിക ഭൂപടത്തിലെ കരുത്തുറ്റ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2000 കോടി രൂപയുടെ ബൃഹത്തായ ലോജിസ്റ്റിക്സ് പദ്ധതിക്ക് തുടക്കമിടാന്‍ കേരള സർക്കാർ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പരിവർത്തനത്തിൽ നിർണായകമാകുന്ന ഈ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (CONCOR), സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ (CWC) എന്നിവയുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ധാരണാപത്രം ഒപ്പുവെച്ചു.

നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വിസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലായിരുന്നു കരാറുകൾ കൈമാറിയത്. വിഴിഞ്ഞത്തെ കേവലം ഒരു തുറമുഖം എന്നതിനപ്പുറം പൂർണ്ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുക എന്ന സർക്കാർ ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരമാണ് ഈ പദ്ധതി. വിസിലിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ വികസന പ്രവർത്തനങ്ങൾക്കായി സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാത്ത വിധത്തിലാണ് നിക്ഷേപം ഉറപ്പാക്കിയിരിക്കുന്നത്.

തുറമുഖ വികസനത്തിൽ ‘കേരള മാതൃക’ ഉയർത്തിപ്പിടിക്കുന്നതാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കുമ്പോഴും, കപ്പലുകൾക്കാവശ്യമായ ഇന്ധനം, യാർഡുകൾ, ചരക്ക് നീക്കത്തിനുള്ള റെയിൽ ഗതാഗതം എന്നീ തന്ത്രപ്രധാനമായ സംവിധാനങ്ങൾ പൊതുമേഖലയിൽ തന്നെ സർക്കാർ ഉറപ്പാക്കുന്നു. ചരക്ക് കൈമാറ്റത്തിലെ കുത്തകവൽക്കരണം തടയാനും വ്യാപാരികൾക്ക് ന്യായമായ നിരക്ക് ലഭ്യമാക്കാനും രാജ്യത്തിന്‍റെ സമുദ്ര സുരക്ഷ ഉറപ്പുവരുത്താനും ഈ മാതൃകയിലൂടെ സാധിക്കും. മൂന്ന് പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുന്നതോടെ വലിയ തോതിലുള്ള തൊഴിലവസരങ്ങൾക്കും അത്യാധുനിക അടിസ്ഥാന സൗകര്യ വികസനത്തിനും വഴിയൊരുങ്ങും.

പദ്ധതിയുടെ ഭാഗമായി 700 കോടി രൂപയുടെ നിക്ഷേപമാണ് ഐ.ഒ.സി.എൽ വിഴിഞ്ഞത്ത് നടത്തുന്നത്. കൂറ്റൻ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള ബങ്കറിങ് സൗകര്യം വികസിപ്പിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ തന്നെ പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറും.

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കോൺകോർ 600 കോടി രൂപയുടെ നിക്ഷേപത്തിലൂടെ റെയിൽ വഴി ചരക്കുകൾ രാജ്യമെമ്പാടും എത്തിക്കാനുള്ള കണ്ടെയ്‌നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും (ICD & CFS) വികസിപ്പിക്കും. മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്ക്, അത്യാധുനിക ഗോഡൗണുകൾ, കോൾഡ് സ്റ്റോറേജുകൾ എന്നിവയുടെ നിർമ്മാണത്തിനായി സി.ഡബ്ല്യു.സി 700 കോടി രൂപയും വിനിയോഗിക്കും. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ, വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗൻ, വിസിൽ എം.ഡി. ഡോ. ദിവ്യ എസ് അയ്യർ എന്നിവരും വിവിധ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here