തിരുവനന്തപുരം: സഞ്ജുവിൻ്റെ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച പെർഫോമൻസായിരുന്നു ഇന്നലെത്തേതെന്ന് പിതാവ് വിശ്വനാഥ് സാംസൺ. “ഇന്നലെ കണ്ടതല്ലേ കളി… ഇത്രയും സന്തോഷിച്ചു കണ്ട കളി വേറെയില്ല. രാജ്യത്തിന് അഭിമാനമായി തോന്നിയ ഇന്നിംഗ്‌സ് ആയിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം”- വിശ്വനാഥ് സാംസൺ ഇ ടിവി ഭാരതിനോട് സന്തോഷം പങ്കുവെച്ചു. പല ബുദ്ധിമുട്ടുകളും ഈയിടെയായി അനുഭവിച്ചു. അതിനുശേഷം ശക്തമായി തിരിച്ചുവന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. തനിക്ക് നേരെ ഉയർന്ന പരിഹാസങ്ങൾക്കുള്ള മറുപടിയായിരുന്നു കണ്ടത്. ദൈവം ഇനിയും മുന്നോട്ടു നയിക്കട്ടേയെന്ന് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കളിക്കുശേഷം അവൻ ദൈവത്തിനോട് നന്ദി പറയുന്നതും കണ്ടു. അഭിഷേക് ശർമ്മ- സഞ്ജു കൂട്ടുകെട്ട് 2024 മുതൽ ശക്തമായിരുന്നു. സൂപ്പർ ഓപ്പണിങ് കോമ്പിനേഷനായിരുന്നു. ലോക ക്രിക്കറ്റിൽ തന്നെ മികച്ച ജോഡിയായിരുന്നു. മറ്റു ടീമുകൾ പേടിക്കുന്ന തരത്തിലുള്ള ജോഡിയായിരുന്നു. സഞ്ജുവിൻ്റെ പൊസിഷൻ പിടിച്ചുപറിച്ചാണ് ശുഭ്മാൻ ഗില്ലിന് അവസരം നൽകിയത്. സഞ്ജു മാനസികമായി പ്രശ്‌നത്തിലായി. അവൻ ഇല്ലാതായിപ്പോയോയെന്ന് പോലും തോന്നിപ്പോയി.
പതിനൊന്ന് വയസുമുതൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇതേവരെ അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലുടെയാണ് സഞ്ജു ഈയിടെ കടന്നുപോയത്. എല്ലാ പ്രശ്‌നങ്ങളും നേരിട്ട് അവൻ തിരിച്ചുവന്നു. നാച്വറൽ കളിയാണ് ഇന്നലെ പുറത്തെടുത്തെതന്നും വിശ്വനാഥ് സാംസൺ പറഞ്ഞു.
സഞ്ജു സാംസൺ തനിക്ക് കിട്ടിയ അവസരം പരമാവധി മുതലെടുത്തെന്നാണ് പരിശീലകരുടെ വിലയിരുത്തൽ. ലോകകപ്പിൽ രണ്ടു കളി മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. രണ്ടാമത്തെ മാച്ചിൽ നൂറിന് മുകളിൽ റൺറേറ്റുണ്ട്. കഠിന പരിശ്രമത്തിന് ലഭിച്ച ഫലമാണിതെന്നും സഞ്ജു ഇനിയും ഫോം തുടരുമെന്നുമാണ് സുഹൃത്തുക്കളുടെ വിശ്വാസം.
ട്വൻ്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തോറ്റാൽ ലോകകപ്പിൽ നിന്നു പുറത്താകുമായിരുന്ന ഇന്ത്യ, ജയത്തോടെ സെമിഫൈനലിലും കടന്നു. മൂന്നു റൺസിന് സെഞ്ച്വറി നഷ്ടമായെങ്കിലും സെഞ്ച്വറിയേക്കാൾ മൂല്യമുള്ള ഇന്നിങ്‌സ് കളിച്ച സഞ്ജു തന്നെ കളിയിലെ താരവുമായി.
വളരെയധികം സന്തോഷമുണ്ടെന്ന് സഞ്ജു കളിക്ക്‌ശേഷം പ്രതികരിച്ചിരുന്നു. ഇത് എനിക്ക് ലോകത്തോളം വലുതാണ്. ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അന്ന് മുതൽ, രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് സ്വപ്നം കണ്ട അന്നുമുതൽ, ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നത്. ഉയർച്ച താഴ്ചകൾ നിറഞ്ഞ സവിശേഷമായ ഒരു യാത്രയായിരുന്നു എൻ്റേത്. പലപ്പോഴും ഞാൻ എന്നെത്തന്നെ സംശയിച്ചിട്ടുണ്ട്. എനിക്ക് മുന്നേറാൻ സാധിക്കുമോ എന്നൊക്കെ ചിന്തിക്കുമായിരുന്നു. എന്നെ അനുഗ്രഹിച്ചതിന് സർവശക്തനായ ദൈവത്തോട് നന്ദി പറയുകയാണെന്നും സഞ്ജു അഭിപ്രായപ്പെട്ടിരുന്നു.






