എറണാകുളം: മേഘപാളികൾക്കിടയിൽ ഒളിച്ചുകളിച്ച പൂർണചന്ദ്രൻ ഒടുവിൽ ആകാശത്ത് സുവർണ ശോഭയോടെ തെളിഞ്ഞപ്പോൾ അത് നയനാന്ദകരമായ കാഴ്‌ചയായി. സ്ട്രോബെറി മൂൺ എന്ന കൗതുകപ്പേരിൽ അറിയപ്പെടുന്ന ജൂൺ മാസത്തിലെ പൂർണചന്ദ്രൻ ഇന്നലെ രാത്രിയോടെയാണ് മാനത്ത് വിസ്‌മയം തീർത്തത്. ചന്ദ്രന് സ്ട്രോബെറി പഴത്തിൻ്റെ നിറമുണ്ടാകുമെന്ന അന്ധവിശ്വാസങ്ങളെ തിരുത്തിക്കൊണ്ടാണ് തിളക്കമാർന്ന പൂർണചന്ദ്രൻ ആകാശത്ത് ദൃശ്യമായത്.
ഇന്നലെ വൈകുന്നേരം 7.57നാണ് പൂർണചന്ദ്രൻ അതിൻ്റെ പൂർണ പ്രഭയോടെ ആകാശത്ത് ദൃശ്യമാകേണ്ടിയിരുന്നത്. എന്നാൽ മഴമേഘങ്ങൾ പൂർണമായും ഈ കാഴ്‌ചയെ മറച്ചു. മണിക്കൂറുകൾ പിന്നിട്ടതോടെ മേഘങ്ങൾ മാറി പൂർണചന്ദ്രൻ തെളിഞ്ഞുവരികയായിരുന്നു. ഒരു ആകാശക്കാഴ്‌ച എന്നതിലുപരി കൃത്യമായ ശാസ്ത്രീയ നിരീക്ഷണങ്ങളും അന്തരീക്ഷ പ്രതിഭാസങ്ങളും ഇതിന് പിന്നിൽ നിലനിൽക്കുന്നുണ്ട്.
സ്‌ട്രോബെറി മൂണിന് പിന്നിലെ യാഥാർഥ്യം
മറ്റ് മാസങ്ങളിൽ കാണാറുള്ള പൂർണചന്ദ്രനെപ്പോലെ തന്നെയാണ് ജൂണിലെ പൂർണചന്ദ്രനുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻ്റ് ടെക്നോളജീസിലെ ഡോ. ആനന്ദ് നാരായണൻ ഇടിവി ഭാരതിനോട് പറഞ്ഞു. ചന്ദ്രൻ ചക്രവാളത്തോട് ചേർന്ന് കാണപ്പെടുമ്പോൾ ഭൂമിയിൽ വലിയ വേലിയേറ്റങ്ങൾക്കോ മറ്റ് അസാധാരണമായ പ്രകൃതി പ്രതിഭാസങ്ങൾക്കോ കാരണമാകുന്നില്ല. ചക്രവാളത്തിനടുത്തുള്ള ചന്ദ്രൻ്റെ സ്ഥാനം ഭൂമിയിലുള്ള ഒരു നിരീക്ഷകൻ്റെ കാഴ്‌ചപ്പാട് മാത്രമാണ്. ഭൂമിയുടെ ഭ്രമണം മൂലമാണ് ചന്ദ്രൻ ഉദിക്കുന്നതും അസ്‌തമിക്കുന്നതുമായി നമുക്ക് തോന്നുന്നത്. അല്ലാതെ ചന്ദ്രൻ ഉദിക്കുമ്പോഴോ അസ്‌തമിക്കുമ്പോഴോ ഭൂമിയോട് കൂടുതൽ അടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രൻ്റെ ഗുരുത്വാകർഷണ ബലത്തിൻ്റെ തീവ്രത പ്രധാനമായും നിർണയിക്കുന്നത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള യഥാർഥ ദൂരത്തെ ആശ്രയിച്ചാണ്. അല്ലാതെ ചന്ദ്രൻ ആകാശത്ത് എവിടെ കാണപ്പെടുന്നു എന്നതിനെ ആശ്രയിച്ചല്ലെന്നും ഡോ. ആനന്ദ് നാരായണൻ കൂട്ടിച്ചേർത്തു.
പേരിന് പിന്നിലെ ചരിത്രം
വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗ്ഗക്കാരാണ് ജൂൺ മാസത്തിലെ പൂർണചന്ദ്രന് ‘സ്ട്രോബെറി മൂൺ’ എന്ന പേര് നൽകിയത്. വടക്കേ അമേരിക്കയിൽ സ്ട്രോബെറികൾ പാകമാകുന്നതും വിളവെടുക്കുന്നതും ജൂൺ മാസത്തിലാണ്. ഈ വിളവെടുപ്പ് കാലത്തെ സൂചിപ്പിക്കാൻ അവർ ഉപയോഗിച്ച പേരാണിത്. യൂറോപ്പിൽ ഇതിനെ ‘റോസ് മൂൺ’ എന്നും വിളിക്കാറുണ്ട്. ചുരുക്കത്തിൽ, ഇത് സീസണുമായി ബന്ധപ്പെട്ട ഒരു പേര് മാത്രമാണ്, ചന്ദ്രൻ്റെ നിറവുമായോ മറ്റ് ഭൗതിക മാറ്റങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ല.
ഈ വർഷത്തെ പ്രത്യേകതകൾ
ഈ വർഷത്തെ സ്ട്രോബെറി മൂണിന് പ്രധാനമായും രണ്ട് പ്രത്യേകതകളാണുള്ളത്. ഉത്തരാർധഗോളത്തിൽ ചന്ദ്രൻ സാധാരണയേക്കാൾ താഴ്ന്ന പാതയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. അതിനാൽ ചക്രവാളത്തോട് ചേർന്ന് നിൽക്കുമ്പോൾ ചന്ദ്രൻ സാധാരണയേക്കാൾ കൂടുതൽ വലുതായി അനുഭവപ്പെടുന്നു. ഇതിനെ ശാസ്ത്രലോകം മൂൺ ഇല്യൂഷൻ എന്നാണ് വിളിക്കുന്നത്. ഇതൊരു കാഴ്‌ചാഭ്രമം മാത്രമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ചന്ദ്രൻ ചക്രവാളത്തിന് മുകളിൽ താഴെയായി കാണപ്പെടുമ്പോൾ ഭൂമിയുടെ കട്ടിയേറിയ അന്തരീക്ഷത്തിലൂടെ വേണം പ്രകാശത്തിന് കടന്നുപോകാൻ. ഈ സമയത്ത് പ്രകാശത്തിൻ്റെ വിസരണം മൂലം ചന്ദ്രന് നേരിയ സ്വർണ നിറമോ ഓറഞ്ച് നിറമോ കലർന്ന രീതിയിൽ ദൃശ്യമാകുന്നു.
ഇന്നലെ വൈകുന്നേരം ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ ഈ മനോഹരമായ കാഴ്‌ച നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതായിരുന്നില്ല. എന്നാൽ ഇന്ന് പുലർച്ചെയുള്ള ചന്ദ്ര ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു. കിഴക്കൻ ചക്രവാളം തടസങ്ങളില്ലാതെ വ്യക്തമായി കാണാവുന്ന ഉയർന്ന പ്രദേശങ്ങളിലാണ് സ്ട്രോബെറി മൂണിൻ്റെ മികച്ച കാഴ്‌ചാനുഭവം ലഭ്യമായത്. അന്ധവിശ്വാസങ്ങൾക്കപ്പുറം പ്രകൃതിയുടെ ഈ ശാസ്ത്രീയ പ്രതിഭാസത്തെ അതിൻ്റെ തനിമയോടെ ആസ്വദിക്കാൻ ശാസ്ത്ര തത്പരർക്ക് കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വരും ദിവസങ്ങളിലും ആകാശ നിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും മികച്ച ദൃശ്യങ്ങൾ പകർത്താൻ ഈ പ്രതിഭാസം അവസരമൊരുക്കും.




