എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി ലക്ഷ്യം; ലിൻ്റോ ജോസഫ് എംഎൽഎയുടെ ‘റിവിഷൻ കലണ്ടർ’

0
39

ചിട്ടയോടെ പഠനം മികവോടെ വിജയം’ എന്ന സന്ദേശവുമായാണ് ഈ മാതൃകാ പദ്ധതിക്ക് തുടക്കമാകുന്നത്

കോഴിക്കോട്: പരീക്ഷാച്ചൂടിലേക്ക് കടക്കുന്ന വിദ്യാർഥികളുടെ ആശങ്കയകറ്റാൻ വ്യത്യസ്തമായ ഒരു പഠന സമ്മാനവുമായി തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്. മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘ഉയരെ’ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ‘റിവിഷൻ കലണ്ടർ’ ഇന്ന് വിതരണം ചെയ്യും. ‘ചിട്ടയോടെ പഠനം മികവോടെ വിജയം’ എന്ന സന്ദേശവുമായാണ് ഈ മാതൃകാ പദ്ധതിക്ക് തുടക്കമാകുന്നത്.

എന്താണ് റിവിഷൻ കലണ്ടർ?

പരീക്ഷാക്കാലത്ത് എവിടെ തുടങ്ങണം, എങ്ങനെ പഠിച്ചു തീർക്കണം എന്ന കുട്ടികളുടെ ആശയക്കുഴപ്പത്തിന് ശാസ്ത്രീയമായ പരിഹാരമാണ് ഈ കലണ്ടർ.

ജനുവരി മുതൽ പരീക്ഷ അവസാനിക്കുന്നത് വരെ ഓരോ ദിവസവും പഠിക്കേണ്ട വിഷയങ്ങളും ചാപ്റ്ററുകളും കലണ്ടറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും പാഠഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം കലണ്ടറിലെ കോളത്തിൽ ‘ടിക്ക്’ ഇട്ട് കുട്ടികൾക്ക് സ്വന്തം പുരോഗതി വിലയിരുത്താം. മോഡൽ പരീക്ഷയുടെ
ഗ്രേഡ് നോക്കി പിന്നാക്കം നിൽക്കുന്ന വിഷയങ്ങൾക്ക് അധിക സമയമെടുത്ത് ഫൈനൽ ടച്ച് നടത്തണമെന്ന നിർദേശവും ഇതിലുണ്ട്.

ലക്ഷ്യം നൂറ് ശതമാനം വിജയം

പരീക്ഷാ സമയത്തുണ്ടാകുന്ന മാനസിക സമ്മർദം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു. ” എവിടെ തുടങ്ങണം എങ്ങനെ തീർക്കണം എന്ന് ഒരു ആശയക്കുഴപ്പം പൊതുവേ പരീക്ഷ അടുക്കുമ്പോൾ കുട്ടികൾക്ക് ഉണ്ടാകാറുണ്ട്. അത് വർധിച്ചു വലിയ തലവേദന ആകുന്ന സമയത്ത് പഠിച്ചതും കൂടി മറന്നു പോകുന്ന അവസ്ഥ വരും. ചില കുട്ടികളിൽ ഇത് മാനസിക പ്രശ്നങ്ങൾ വരെ ഉണ്ടാക്കാറുണ്ട്. അതിനെല്ലാം പരിഹാരം എന്ന നിലയിലാണ് ചിട്ടയായ ഒരു രീതി അവതരിപ്പിക്കുന്നത്. എഇഒ അടക്കമുള്ള ഒരു അധ്യാപകൻ സമൂഹം ഈ പദ്ധതിക്ക് കരുത്തേകാൻ ഒപ്പം ഉണ്ടെന്നും” എംഎൽഎ പറഞ്ഞു.

മലയോര മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഉയരെ’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കൃത്യമായ പരിശീലനവും കൗൺസിലിംഗും നൽകി കുട്ടികളെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള എംഎൽഎയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനകം തന്നെ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

കലണ്ടറിൻ്റെ മണ്ഡലതല വിതരണോദ്ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എംഎൽഎ നിർവഹിക്കും. ഈ രീതി പിന്തുടരുന്നതിലൂടെ മണ്ഡലത്തിൽ 100 ശതമാനം വിജയം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അത് വ്യത്യസ്തമായ രീതിയിൽ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്.

LEAVE A REPLY

Please enter your comment!
Please enter your name here