ദേശീയപാത കഞ്ഞിക്കുഴിയില്‍ എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കാൻ ജലഗതാഗതം സുഗമമാകാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ്. എഎസ് കനാലിനു കുറുകെ കഞ്ഞിക്കുഴിയില്‍ ദേശീയപാതയില്‍ മേല്‍പാലം വരുന്നു. ഇതോടെ ദീർഘകാലമായി മുടങ്ങി കിടന്ന എഎസ് കനാൽ പദ്ധതി പൂർത്തീകരിക്കപ്പെടുകയും വര്‍ഷകാലങ്ങളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകുകയാണ്.
മേല്‍പാലം നിര്‍മാണത്തിന്റെ പൈലിങ് ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. മേല്‍പാലം വന്നാല്‍, ജില്ലയിലെ ടൂറിസവും ജലഗതാഗതവും മെച്ചപ്പെടുകയും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടപടി സ്വീകരിച്ചതോടെയാണ് കഞ്ഞിക്കുഴി മേല്‍പ്പാലം യാഥാര്‍ഥ്യമായത്.
ആദ്യകാലങ്ങളില്‍ ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേയ്‌ക്കും, ആലപ്പുഴയിലേയ്‌ക്കും കൊപ്രാ-തേങ്ങ പോലുള്ള ചരക്കുകള്‍ കൊണ്ടുപോയിരുന്നത് എഎസ് കനാലിലൂടെയായിരുന്നു. പിന്നീട് ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബണ്ട് നിര്‍മ്മിച്ചതോടെയാണ് കനാല്‍ മുറിഞ്ഞ് പോയത്.
പ്രമുഖ കയര്‍ വ്യവസായിയും എന്‍ജിനീയറുമായ വി.വി.പവിത്രനായിരുന്നു ആദ്യകാല നിര്‍മാണ ചുമതല വഹിച്ചത്. ആറ് വരി പാത നിര്‍മ്മാണം വന്നതോടെയാണ് വിവിധയിടങ്ങളില്‍ നിന്നും മേല്‍പ്പാലം വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്.
പാലം നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും ആദ്യം അനുകൂലമായ നിലപാട് ഉണ്ടായിരുന്നില്ല.
ഇതിനായി സംസ്ഥാന സര്‍ക്കാരാണ് പണം മുടക്കേണ്ടതെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ കേന്ദ്ര വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പണം മുടക്കി അഞ്ച് മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിക്കുന്നത്.
പാലം വരുന്നതോടെ തദ്ദേശ നിവാസികള്‍ക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ എല്ലാം പരിഹരിച്ചു. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുകയും, പാലം, അണ്ടര്‍ പാസ്സും സൗകര്യപ്രദമായി രീതിയില്‍ നിർമ്മിക്കുകയും ചെയ്യും.








