ഭിന്നശേഷിക്കാരുടെ ക്ഷേത്ര ദര്‍ശനത്തെ കുറിച്ച് ഹൈക്കോടതി. ഭിന്നശേഷിക്കാർക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ കഴിയും വിധം സൗകര്യമൊരുക്കണം. ഇക്കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കണമെന്നും നിര്‍ദേശം.
എറണാകുളം: ഭിന്നശേഷിക്കാർക്ക് ക്ഷേത്ര ദർശനത്തിന് പ്രത്യേക സമയം നിശ്ചയിക്കുന്നതിൻ്റെ സാധ്യതകൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. വിവിധ ദേവസ്വങ്ങൾക്കാണ് ഹൈക്കോടതിയുടെ നിർദേശം. വീൽ ചെയറുകളും മറ്റും നാലമ്പലത്തിലേക്ക് കടത്താനാകുമോയെന്നും പരിശോധിക്കണം. സ്വമേധയാ ഫയലിൽ സ്വീകരിച്ച ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
ഭിന്നശേഷിക്കാർക്ക് നാലമ്പലത്തിലേക്ക് (മൂലസ്ഥാനം ഉൾപ്പെടെ) പ്രവേശിക്കാൻ കഴിയുന്ന രീതിയിൽ ക്ഷേത്ര സൗകര്യങ്ങൾ ഒരുക്കണം. ക്ഷേത്രത്തിൻ്റെ പ്രത്യേകതകൾ കൂടി പരിഗണിച്ച് വീൽ ചെയറുകൾ നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാനാകുമോയെന്നും തീരുമാനിക്കണം.
അതായത്, വീല്‍ച്ചെയർ റാംപുകൾ, ലിഫ്റ്റുകൾ, മുതലായവയുടെ സൗകര്യം പരിശോധിക്കുകയും നിലവിലുള്ള സൗകര്യങ്ങൾ പ്രവർത്തനക്ഷമമാക്കുകയും വേണം. അവർ അത്തരം സൗകര്യങ്ങളുണ്ടോയെന്ന് വിലയിരുത്താനും വേണമെങ്കിൽ ക്രമീകരണങ്ങൾ ചെയ്യാനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്
ഇവർക്കായി പ്രത്യേക ദർശന സമയം ഒരുക്കുന്നത് ദർശനം കൂടുതൽ സുഖകരമാക്കും. അനാവശ്യ തിരക്കുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കും. ഭിന്നശേഷിക്കാർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രത്യേക ദർശന സൗകര്യം ക്രമീകരിക്കാൻ തന്ത്രി ഉൾപ്പെടെയുള്ളവരോട് കൂടിയാലോചന നടത്തി തീരുമാനമെടുക്കാനാണ് ഹൈക്കോടതി ഉത്തരവ്.
ഭിന്ന ശേഷിക്കാർക്ക് ദർശനത്തിന് പ്രത്യേക ദിവസമോ, സമയമോ നിശ്ചയിച്ചുള്ള സാധ്യതയും തേടണം. വെർച്ച്വൽ ക്യൂ ബുക്കിങ്, മുൻകൂർ ബുക്കിങ് എന്നിവയും പരിഗണിക്കണമെന്ന് ഹൈക്കോടതി തിരുവിതാം കൂർ, മലബാർ, ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് നിർദേശം നൽകി.
കഴിഞ്ഞ വർഷം വടക്കുംനാഥ ക്ഷേത്രത്തിൽ ഭിന്നശേഷിക്കാരിയായ ഭക്തയ്ക്ക് വീൽച്ചെയർ ക്ഷേത്ര ദർശനത്തിന് അനുവദിച്ചിരുന്നില്ല. ഭക്ത നൽകിയ പരാതിയിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ.





