കോൺഗ്രസ് പ്രചാരണ സമിതിയെ രമേശ് ചെന്നിത്തല നയിക്കും;

0
15

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂർവ്വമായ ജനക്കൂട്ടം ഭരണമാറ്റത്തിന്‍റെ സൂചനയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രചാരണ സമിതി ചെയർമാനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. ശശി തരൂർ എംപിയാണ് പ്രചാരണ സമിതിയുടെ കോ-ചെയർമാൻ. ഷാഫി പറമ്പിൽ സമിതിയുടെ കൺവീനറാകും. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ എന്നിവർക്കൊപ്പം രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവർ പ്രചാരണ സമിതി അംഗങ്ങളായിരിക്കും.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബഹന്നാൻ എംപിയെയും ഹൈക്കമാൻഡ് തീരുമാനിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് കോ-ചെയർമാൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് പ്രകടന പത്രിക കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

അതേസമയം, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണം കണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂർവ്വമായ ജനക്കൂട്ടം ഭരണമാറ്റത്തിന്‍റെ സൂചനയാണ്. കോൺഗ്രസിനുള്ളിൽ യാതൊരു തർക്കവുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും പ്രചരണ സമിതി ചെയർമാൻ എന്ന നിലയിൽ എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് തന്‍റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് കിട്ടുന്നവർക്ക് പോലും നിയമനം നൽകാതെ പിൻവാതിൽ നിയമനങ്ങൾ ക്രമപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസവും ജോലിയും ലഭിക്കാത്തതിനാലാണ് കേരളത്തിലെ കുട്ടികൾ വിദേശത്തേക്ക് പലായനം ചെയ്യുന്നത്. ഇതിന് മാറ്റം വരുത്തി കേരളത്തിൽ നിക്ഷേപങ്ങൾ കൊണ്ടുവരാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. കൂടാതെ, സമരങ്ങൾ ജനജീവിതം സ്തംഭിപ്പിക്കുന്ന ‘ബന്ദ്’ ആയി മാറുന്ന രീതി അവസാനിപ്പിക്കണമെന്നും തൊഴിലാളികളുടെ അവകാശങ്ങൾക്കായി സമരം ചെയ്യുമ്പോൾ തന്നെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുനർചിന്തനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയിലെ അഴിമതിയും സംസ്ഥാനത്തെ ഭരണസ്തംഭനവും ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജി വെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിൽ നടത്താത്ത ഭജനയുടെ പേരിലും വാങ്ങാത്ത സാധനങ്ങളുടെ പേരിലും ലക്ഷക്കണക്കിന് രൂപ എഴുതിയെടുക്കുന്ന വൻ അഴിമതിയാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കായി വാങ്ങിയ കട്ടിലും കിടക്കയും പോലും കാണാനില്ലെന്നും 7000 പേർക്ക് ഭക്ഷണം ഉണ്ടാക്കിയെന്ന് പറഞ്ഞ് അത് വെട്ടിമൂടുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വർണം അടിച്ചുമാറ്റുന്നതിന് പുറമെ ദേവസ്വം ബോർഡിന്‍റെ പണം കൂടി കവർന്നെടുക്കുന്ന സർക്കാർ നടപടിയെ ജനങ്ങൾ വെറുതെ വിടില്ലെന്നും മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here