ഇറാനെതിരെ യുദ്ധം തുടരുമെന്ന മുന്നറിയിപ്പുമായി ട്രംപ്,ഏകദേശം ഒരു മാസം വരെ നീളും”,

0
15

വാഷിങ്‌ടണ്‍: ഇറാനുമായുള്ള നിലവിലെ സംഘർഷം നാല് ആഴ്‌ചകളോളം നീണ്ടുനിൽക്കാമെന്നും, ഒരു പെട്ടെന്നുള്ള പരിഹാരത്തിന് പകരം സുസ്ഥിരമായ ഒരു സൈനിക നീക്കത്തിനാണ് അമേരിക്ക തയ്യാറെടുക്കുന്നതെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ എന്ന വലിയ രാജ്യത്തിനെതിരെയുള്ള ഈ ഓപ്പറേഷൻ സങ്കീർണവും സമയമെടുക്കുന്നതുമാണെന്നും ട്രംപ് വിശേഷിപ്പിച്ചു. എന്നാൽ സംഘർഷം വർധിക്കുമ്പോഴും നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ നാമമാത്രമായി തുറന്നു കിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

“ഇതൊരു നാലാഴ്‌ചത്തെ (ഏകദേശം ഒരു മാസം) പ്രക്രിയയാണ്. ഏകദേശം നാലാഴ്‌ച എടുക്കുമെന്ന് ഞങ്ങൾ കണക്കുകൂട്ടിയിരുന്നു. ഇറാൻ ഒരു വലിയ രാജ്യമാണ്, അത് എത്ര ശക്തമാണെങ്കിലും നാലാഴ്‌ച യോ അതിൽ കുറവോ സമയമെടുക്കും,” ട്രംപ് പറഞ്ഞതായി ബ്രിട്ടീഷ് പത്രം റിപ്പോർട്ട് ചെയ്‌തു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ഇറാൻ്റെ മിസൈൽ വ്യവസായത്തെയും നാവികസേനയെയും പൂർണമായും തകർക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാൻ ഇറാനിയൻ ജനതയോട് ട്രംപ് ആഹ്വാനം ചെയ്‌തു. ഇതാണ് അവർക്ക് ലഭിക്കുന്ന അവസാന അവസരമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇറാനിലെ സൈനിക നീക്കം ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സങ്കീർണവും ശക്തവുമായ സൈനിക ആക്രമണങ്ങളിൽ ഒന്നാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. യുദ്ധം ഇപ്പോൾ പൂർണശക്തിയോടെ തുടരുകയാണ്, തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ അത് തുടരും. തങ്ങൾക്ക് വളരെ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ദീർഘദൂര മിസൈലുകളും ആണവായുധങ്ങളുമുള്ള ഇറാൻ ഭരണകൂടം എല്ലാ അമേരിക്കക്കാർക്കും വലിയ ഭീഷണിയാണെന്നും ഇറാനിയൻ നേതാക്കൾ നാഗരികതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

സൈനിക നടപടി ആസൂത്രണം ചെയ്‌തതുപോലെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ട്രംപ് വ്യക്തമാക്കി. “അത് ആസൂത്രണം ചെയ്‌തതുപോലെ നടക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ അവരുടെ മുഴുവൻ നേതൃത്വത്തെയും ഇല്ലാതാക്കി, ഞങ്ങൾ കരുതിയതിനേക്കാൾ വളരെ കൂടുതലാണിത്. ഏകദേശം 48 പേർ ഉണ്ടെന്നാണ് കരുതുന്നത്,” കൊല്ലപ്പെട്ട ഇറാനിയൻ നേതാക്കളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി സംസാരിച്ചുവെന്നും സൈനിക കമാൻഡർമാരുമായി കൂടിയാലോചിച്ച ശേഷം അമേരിക്കൻ ജനതയെ വീണ്ടും അഭിസംബോധന ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

യുഎസ്-ഇസ്രയേൽ സംയുക്ത വ്യൂഹം ഇറാന് നേരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് പോരാട്ടം കടുക്കുകയും 200-ലധികം പേർ കൊല്ലപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയും സൈനിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ മിഡിൽ ഈസ്റ്റിലുടനീളം ഏറ്റുമുട്ടൽ വ്യാപിച്ചു.

മൂന്ന് അമേരിക്കൻ സൈനികരാണ് പോരാട്ടത്തിൽ കൊല്ലപ്പെട്ടതെന്നും അവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു. “അവർ മഹത്തായ മനുഷ്യരാണ്. നിർഭാഗ്യവശാൽ ഇത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇത് തുടരാം, വീണ്ടും സംഭവിക്കാം,” കൊല്ലപ്പെട്ട സൈനികരുടെ സേവന റെക്കോർഡുകളെ പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ഇനിയും കൂടുതൽ സൈനികർ കൊല്ലപ്പെട്ടേക്കാമെന്നും, ലക്ഷ്യങ്ങൾ പൂർത്തിയാകുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിലെ പുതിയ നേതൃത്വം ചർച്ചകൾക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ “അവർക്ക് സംസാരിക്കണമെന്നുണ്ട്, പക്ഷേ അവർ കഴിഞ്ഞ ആഴ്‌ച സംസാരിക്കണമായിരുന്നു, ഈ ആഴ്‌ചയല്ല” എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. അതേസമയം, ചര്‍ച്ച തങ്ങള്‍ക്ക് തയ്യാറല്ലെന്ന് ഇറാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here