ഇക്കുറി ഓണത്തിന് വെളിച്ചെണ്ണയില്ലാതെ ഏത്തയ്ക്ക ചിപ്‌സ് വീട്ടില്‍ ഉണ്ടാക്കാം

0
43

ഓണം എന്നാല്‍ രുചികളുടെ ആഘോഷം കൂടിയാണ്. എത്ര കഴിച്ചാലും മലയാളിക്ക് മതിവരാത്ത സദ്യ തന്നെയാണ് ഓണാഘോഷത്തിലെ താരം. ഓണക്കോടികളിലും ഓണാഘോഷങ്ങളിലും എത്ര പുതുമ കൊണ്ടുവന്നാലും സദ്യയുടെ കാര്യം വരുമ്പോള്‍ മലയാളി പാരമ്പര്യത്തെ കൂട്ടുപിടിക്കും. ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ ഒന്നാണ് നേന്ത്രക്കായ ചിപ്‌സ്.
ഇലയില്‍ ഒരറ്റത്ത് പാവത്താനെ പോലെ ഇരിക്കുന്ന ഉപ്പേരിക്ക് പക്ഷേ ഇക്കുറി അല്‍പം ഗമ കൂടും. അതിനു കാരണം വെളിച്ചെണ്ണ വിലയാണ്. 500 രൂപയോളമാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വില. സാധാരണക്കാരനെ സംബന്ധിച്ച് ഈ വിലയ്ക്ക് നേന്ത്രക്കായ ഉപ്പേരി വീട്ടില്‍ ഉണ്ടാക്കുന്നതും മുതലാകില്ല. എന്നാല്‍ ഈ വെല്ലുവിളിയും മലയാളി അതിജീവിക്കും.

ഇപ്പോള്‍ ഒരുവിധം എല്ലാവരുടെയും വീട്ടിലുള്ള ഇലക്ട്രിക് ഗൃഹോപകരണമാണ് എയര്‍ ഫ്രൈയര്‍. എണ്ണയില്ലാതെ എയര്‍ ഫ്രൈയറില്‍ ഈസിയായി ചിപ്‌സ് ഉണ്ടാക്കാന്‍ കഴിയും. ഇങ്ങനെ എണ്ണയ്ക്ക് വേണ്ടിയുള്ള ബജറ്റും കുറയ്ക്കാന്‍ കഴിയും. നേന്ത്രക്കായ ചിപ്‌സ് എങ്ങനെ എയര്‍ ഫ്രൈയറില്‍ ഉണ്ടാക്കാമെന്നു നോക്കാം. വേണ്ട ചേരുവകള്‍ പച്ചക്കായ ഉപ്പ് പാകത്തിന് മുളക് പൊടി അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു നുള്ള് ഉണ്ടാക്കുന്ന വിധം പച്ചക്കായ ചെറുതായി വട്ടത്തില്‍ അരിയുക. ആദ്യം അരിഞ്ഞ നേന്ത്രക്കായ കഷ്ണങ്ങള്‍ ഉപ്പു കലക്കിയ വെള്ളത്തില്‍ കുറച്ചുസമയം ഇട്ടു വയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ കായയിലെ കറ കളയാം. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനും ഇത് സഹായിക്കും. തുടര്‍ന്ന് ഈ കഷ്ണങ്ങള്‍ എടുത്ത് മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും മിക്‌സ് ചെയ്ത വെള്ളത്തില്‍ നാല് മുതല്‍ അഞ്ചു മിനിറ്റ് വരെ ഇട്ടു വയ്ക്കണം. വെള്ളം വാര്‍ന്നു പോകാനായി ഒരു അരിപ്പയിലേക്ക് നേന്ത്രക്കായ കഷ്ണങ്ങള്‍ മാറ്റാം. ഇനി എയര്‍ ഫ്രൈയറിലെ തട്ടില്‍ ഒരു ബ്രഷ് ഉപയോഗിച്ച് വെളിച്ചെണ്ണ പുരട്ടുക. അതിനു ശേഷം നേന്ത്രക്കായ കഷ്ണങ്ങള്‍ ഈ തട്ടില്‍ നിരത്തി വയ്ക്കുക. ഒന്നിനു മുകളില്‍ ഒന്നായി കഷണങ്ങള്‍ വയ്ക്കരുത്.

നിരത്തിയ നേന്ത്രക്കായ കഷ്ണങ്ങള്‍ക്കു മുകളില്‍ വെളിച്ചെണ്ണ ഒന്ന് തടവി കൊടുക്കുക. ഇതു നിര്‍ബന്ധമല്ല, രുചി കൂടാന്‍ മാത്രം. 180 ഡിഗ്രിയില്‍ 18 മിനിറ്റ് എയര്‍ ഫ്രൈയര്‍ സെറ്റ് ചെയ്യുക. ഇടയ്ക്ക് എയര്‍ ഫ്രൈയര്‍ നിര്‍ത്തി നോക്കാവുന്നതാണ്. 18 മിനിറ്റ് ആകുമ്പോള്‍ എയര്‍ ഫ്രൈയര്‍ ഓഫ് ചെയ്യുക. നല്ല ക്രിസ്പി ആയും അതേസമയം ഹെല്‍ത്തിയായും ഉപ്പേരി വറുത്ത് കിട്ടും

l

LEAVE A REPLY

Please enter your comment!
Please enter your name here