അസം ജോർഹട്ടിലെ നാഗദേര സ്വദേശിയായ കൃഷ്‌ണപ്രസാദ് ശർമയാണ് മുളയില ചായയ്ക്ക് പിന്നിൽ.
ഗുവാഹത്തി: മിക്ക മലയാളികൾക്കും ചായയില്ലാതെ ഒരു ദിവസം ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ല. ചായ ഒരു വൈദേശിക പാനീയമാണെങ്കിലും വിവിധ തരം രുചികൾ ചായയോടൊപ്പം ചേർന്നപ്പോൾ വർഷങ്ങൾക്കിപ്പുറത്ത് ചായയ്ക്കും പ്രാദേശികത കൈവന്നു. തത്ഫലമായി ചായ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി മാറി. അങ്ങനെയുള്ള ഹെർബൽ ചായയ്ക്ക് പുതിയ വാസനയും രുചിയും നിറവും വന്നിരിക്കുകയാണ് അസമിൽ നിന്ന്.
ഇന്ത്യയിൽ ഏറ്റവും അധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് അസം. ജൈവികമായ ഉത്പാദന രീതിയെ പിൻതുടരുന്ന കർഷകർ മുളയുടെ ഇലകൾ കൊണ്ട് ചായ ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. അസം ജോർഹട്ടിലെ നാഗദേര സ്വദേശിയായ കൃഷ്‌ണപ്രസാദ് ശർമയാണ് ഈ കണ്ടെത്തലിനു പിന്നിൽ.
1996 ലാണ് കൃഷ്‌ണപ്രസാദ് ചായ കച്ചവടത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ജൈവ കൃഷിയിലേയ്ക്ക് തിരിയുകയായിരുന്നു. വീടിനടുത്തുള്ള തേയില തോട്ടത്തിൽ തീർത്തും ജൈവികമായ രീതിയിൽ തേയില കൃഷി ചെയ്യാൻ കൃഷ്‌ണപ്രസാദ് തീരുമാനിച്ചു. കൊവിഡ് പരക്കുന്നതിന് മുൻപ് ഗ്രീൻ ടീയിൽ പരീക്ഷണം നടത്തുകയും ചെയ്‌തു. ടോക്ലൈ ഗവേഷണ കേന്ദ്രത്തിലെ അധ്യാപകർ, അസം കാർഷിക സർവകലാശാലയിലെ വിദ്യാർഥികൾ, നിരവധി വിനോദ സഞ്ചാരികൾ, എന്നിവർക്ക് വളരെ വേഗം രുചി രസിച്ചതോടെയാണ് ചായ രുചികളിലെ വൈവിധ്യം പരീക്ഷിക്കാൻ കൃഷ്‌ണപ്രസാദ് തയാറാകുന്നത്.
ഹെർബൽ ചായയുടെ ആവശ്യകത വർധിച്ചു വന്നതോടെ സ്വന്തം തോട്ടത്തിൽ വളർത്തിയ അപരാജിത (ശംഖുപുഷ്‌പം) പൂക്കൾ കൊണ്ട് ചായപ്പൊടി നിർമിക്കാൻ ആരംഭിച്ചു. നീല നിറത്തിലുള്ള അതിരുചികരമായ ചായ വൻ വിജയമായതിന് ശേഷമാണ് കൃഷ്‌ണപ്രസാദ് മുളയിലയിൽ നിന്ന് ചായ ഉണ്ടാക്കാമെന്ന ആശയത്തിലേയ്ക്ക് എത്തുന്നത്.
മുളയില ചായയിലേയ്ക്ക്
പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിൽ മുളയില കൊണ്ട് ഉണ്ടാക്കിയ ചായയ്ക്ക് രുചിയും ഗുണങ്ങളും ഏറെയുണ്ടെന്ന് കൃഷ്‌ണപ്രസാദ് കണ്ടെത്തി.
മുല്ലപ്പൂക്കൾ ചേർത്ത ചായപ്പൊടി നിർമിക്കുക എന്നതാണ് അടുത്ത പരീക്ഷണമെന്ന് കൃഷ്‌ണപ്രസാദ് പറഞ്ഞു. വരുന്ന വർഷം ഇത് പുറത്തിറക്കാനുള്ള പദ്ധതികളാണ് പുരോഗമിക്കുന്നതെന്നും പറഞ്ഞു. മുളയില ചായ എന്ന ആശയം ലോകം എമ്പാടും പരന്നാൽ , അസമിൻ്റെ ചായ ചരിത്രത്തിൽ ഒരു പുതിയ അധ്യായം സൃഷ്‌ടിച്ചേക്കാവുന്ന വിപ്ലവത്തിന് നേതൃത്വം നൽകുന്ന വ്യക്തിയായി കൃഷ്‌ണപ്രസാദ് മാറിയേക്കാം.



