മുട്ടകളിൽ നൈട്രോഫ്യൂറാനുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വീഡിയോ കഴിഞ്ഞ ദിവസം വൻ തോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെമ്പാടുമുള്ള മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ച് എഫ്എസ്‌എസ്‌എഐ പരിശോധിച്ചിരുന്നു. തുടർന്നാണ് അധികൃതരുടെ വിശദീകരണം…
ന്യൂഡൽഹി: രാജ്യത്ത് ലഭ്യമാകുന്ന മുട്ടകൾ ഭക്ഷ്യയോഗ്യമാണെന്ന അറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മുട്ടകളിൽ കാൻസർ സാധ്യതയുണ്ടാക്കുന്ന വസ്‌തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് സമീപകാലത്ത് ഉയർന്നുവന്ന ആരോപണങ്ങള്‍ തള്ളിയാണ് എഫ്എസ്എസ്എഐയുടെ വിശദീകരണം.
ഇത്തരം റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്താന്‍ കാരണമാണെന്നും ആരോപണങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ സന്ദേശമാണ് പ്രചരിക്കുന്നതെന്നും ഇവ അനാവശ്യമായ പൊതുജന ആശങ്ക സൃഷ്‌ടിക്കുമെന്നും എഫ്എസ്എസ്എഐ കൂട്ടിച്ചേർത്തു.
മുട്ടകളിൽ നൈട്രോഫ്യൂറാനുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വീഡിയോ കഴിഞ്ഞ ദിവസം വൻ തോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെമ്പാടുമുള്ള മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ച് എഫ്എസ്‌എസ്‌എഐ പരിശോധിച്ചിരുന്നു. തുടർന്നാണ് ഇത് വ്യാജമാണെന്ന് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉൽപാദനത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്‌എസ്‌എഐ അറിയിച്ചു.
പക്ഷി മൃഗങ്ങളിലെ രോഗബാധ പടരുന്നത് തടയാനായി വളരെ ചെറിയ അളവിൽ മാത്രം നൈട്രോഫ്യൂറാനുകൾ ഉൾപ്പെടുത്താമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഈ പദാർഥം ഉപയോഗിക്കാൻ അനുവദനീയമാണെന്ന് സൂചിപ്പിക്കുന്നില്ലെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും മാംസത്തിനും മുട്ടയ്ക്കുമായി വളർത്തുന്ന മൃഗങ്ങളിൽ നൈട്രോഫ്യൂറാനുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
ഭക്ഷണത്തിൽ ഉൾപ്പെടുന്ന ചെറിയ തോതിലുള്ള നൈട്രോഫ്യൂറാൻ മെറ്റബോളൈറ്റുകളുമായുള്ള സമ്പർക്കം മനുഷ്യരിൽ കാൻസറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ ഉണ്ടാക്കില്ലെന്നും എഫ്എസ്എസ്എഐ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മുട്ട ഉത്പാദനം നടത്തുകയും വിൽക്കുകയും കഴിക്കുകയും ചെയ്യുമ്പോൾ യാതൊരു വിധ കുഴപ്പവുമുണ്ടാകില്ലെന്ന് എഫ്എസ്എസ്എഐ കൂട്ടിച്ചേർത്തു. മാനദണ്ഡങ്ങൾ പാലിച്ച് മുട്ടകൾ ഉത്പാദിപ്പിക്കുമ്പോൾ സമീകൃത പോഷകാഹാരമായി മുട്ട തുടരുമെന്നും എഫ്‌എസ്‌എസ്‌എഐ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് നൈട്രോഫ്യൂറാനുകൾ വില്ലന്‍മാരാകുന്നത്
ലാബുകളിൽ നിർമിക്കുന്ന പ്രത്യേകതരം ആൻ്റിബയോട്ടിക്കുകളാണ് നൈട്രോഫ്യൂറാനുകൾ. ‘സാൽമൊണെല്ല’ പോലുള്ള ദോഷകരമായ ബാക്‌ടീരിയകളെ നശിപ്പിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്. വളരെ വിലക്കുറവില്‍ ലഭിക്കുന്നത്കൊണ്ടു തന്നെ കോഴികൾ, പന്നികൾ, ചെമ്മീൻ, മറ്റ് മൃഗങ്ങൾ എന്നിവയെ ചികിത്സിക്കാൻ ഒരുകാലത്ത് ഇവ ധാരാളമായി ഉപയോഗിച്ചിരുന്നു.
അവയുടെ രാസഘടനയിൽ നൈട്രോ ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന ‘ഫ്യൂറാൻ റിങ്’ എന്ന ഭാഗം ഉൾപ്പെടുന്നു. ഇവയൊരു രാസ പദാര്‍ഥമായതിനാല്‍ ഉപയോഗം ശാസ്‌ത്രജ്ഞരില്‍ ആശങ്ക ഉളവാക്കി. തുടര്‍ന്ന് നടത്തിയ ശാസ്‌ത്രീയ പഠനങ്ങളിലാണ് നൈട്രോഫ്യൂറാനുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.





