കാലം മാറി, സാങ്കേതികവിദ്യ വളർന്നു, നിക്ഷേപിക്കാൻ ആയിരം പുതിയ വഴികൾ മുന്നിലെത്തി. എങ്കിലും, സാധാരണക്കാരുടെ മനസിൽ ഇന്നും ‘തപാൽ പെട്ടി’ പോലെ തന്നെ പ്രിയപ്പെട്ടതാണ് തപാൽ ഓഫീസ് നിക്ഷേപങ്ങളും. ഡിജിറ്റൽ ലോകത്തെ വിപണിയിലെ കയറ്റിറക്കങ്ങളെ പേടിക്കാതെ, കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം വളർത്തിയെടുക്കാൻ ഇന്നും ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളാണ്.
കുട്ടികൾ, മുതിർന്ന പൗരന്മാർ, വീട്ടമ്മമാർ, ശമ്പളക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും അനുയോജ്യമായ വിവിധ തരം സമ്പാദ്യ പദ്ധതികൾ ഇന്ന് തപാൽ വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിൻ്റെ പൂർണ ഗ്യാരൻ്റിയും ആകർഷകമായ പലിശനിരക്കും നൽകുന്ന ഈ നിക്ഷേപങ്ങൾ നിങ്ങളുടെ ഭാവി എങ്ങനെ ഭദ്രമാക്കുന്നു എന്ന് നോക്കാം. നികുതി ഇളവുകളും കൃത്യമായ വരുമാനവും ഉറപ്പുനൽകുന്ന ഈ മികച്ച പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് (SB)
മാറുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ വിശ്വസിക്കാൻ പറ്റിയ മികച്ച സമ്പാദ്യ മാർഗ്ഗമായി ഇന്ത്യൻ പോസ്റ്റ് ഓഫീസുകളുടെ സേവിംഗ്സ് അക്കൗണ്ടുകൾ മാറുന്നു. വിപണിയിലെ മടുപ്പിക്കുന്ന ഇടിവുകളോ സ്വകാര്യ ബാങ്കുകളുടെ പലിശ കുറയ്ക്കലോ ബാധിക്കാത്ത, കേന്ദ്ര സർക്കാരിൻ്റെ നൂറു ശതമാനം സുരക്ഷിതത്വമുള്ള പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ആളുകളുടെ ഒഴുക്ക് വർധിക്കുകയാണ്.
4% പലിശ
നിലവിൽ പ്രതിവർഷം 4 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് നൽകുന്നത്. പ്രമുഖ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വൻതോതിൽ കുറയ്ക്കുമ്പോഴാണ് തപാൽ വകുപ്പ് ഈ ആകർഷകമായ നിരക്ക് നിലനിർത്തുന്നത്. വലിയ ബാങ്കുകളിൽ മിനിമം ബാലൻസ് തുക കുറയുമ്പോൾ ഈടാക്കുന്ന കനത്ത പിഴകൾ പോസ്റ്റ് ഓഫീസിൽ ഇല്ല എന്നതും സാധാരണക്കാരെ ആകർഷിക്കുന്നു. വെറും 500 രൂപ മാത്രം മിനിമം ബാലൻസ് നിലനിർത്തിക്കൊണ്ട് ഈ അക്കൗണ്ടുകൾ സജീവമായി കൊണ്ടുപോകാം.
പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളുടെ ഏറ്റവും വലിയ സവിശേഷത അവ നൽകുന്ന ആദായനികുതി ഇളവുകളാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 10(15)(i) പ്രകാരം, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ നിന്നും ലഭിക്കുന്ന 3,500 രൂപ വരെയുള്ള പലിശയ്ക്ക് (ജോയിൻ്റ് അക്കൗണ്ട് ആണെങ്കിൽ 7,000 രൂപ വരെ) പൂർണമായ നികുതി ഇളവ് ലഭിക്കും. ഇതിന് പുറമെ സെക്ഷൻ 80TTA പ്രകാരമുള്ള 10,000 രൂപയുടെ പൊതുവായ ഇളവും നിക്ഷേപകർക്ക് സ്വന്തമാക്കാം. ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കാത്ത വലിയൊരു നികുതി ലാഭമാണിത്.
2. നാഷണൽ സേവിംഗ്സ് റിപ്പീറ്റിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് (RD)
ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളിലെ (FD) പലിശനിരക്കുകളിൽ വ്യതിയാനങ്ങൾ വരുമ്പോഴും, നിക്ഷേപകർക്ക് സുരക്ഷിതത്വത്തിൻ്റെയും കൃത്യമായ ലാഭത്തിൻ്റെയും ഉറപ്പ് നൽകുകയാണ് പോസ്റ്റ് ഓഫീസ് ആർ.ഡി അക്കൗണ്ടുകൾ. വിപണിയിലെ കയറ്റിറക്കങ്ങൾ ബാധിക്കാത്തതും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഗ്യാരന്റിയുള്ളതുമാണ് ഇതിന്റെ പ്രധാന ആകർഷണം. നിലവിൽ പ്രതിവർഷം 6.7% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ആർ.ഡിക്ക് ലഭിക്കുന്നത്. മൂന്ന് മാസം കൂടുമ്പോൾ കൂട്ടുപലിശ കണക്കാക്കുന്നതിനാൽ നിക്ഷേപകർക്ക് മികച്ച ലാഭം ഇതിലൂടെ സ്വന്തമാക്കാം.
വെറും 100 രൂപ മാത്രം ഉപയോഗിച്ച് ഓരോ മാസവും നിക്ഷേപം ആരംഭിക്കാം. 10 രൂപയുടെ ഗുണിതങ്ങളായി പിന്നീട് തുക വർധിപ്പിക്കാവുന്നതുമാണ്. നിക്ഷേപിക്കാൻ ഉയർന്ന പരിധിയില്ല. ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ് (60 മാസങ്ങൾ). ആവശ്യമെങ്കിൽ കാലാവധി കഴിഞ്ഞതിന് ശേഷം വീണ്ടും 5 വർഷത്തേക്ക് കൂടി അക്കൗണ്ട് നീട്ടാൻ സാധിക്കും.
6 മാസമോ 12 മാസമോ ഉള്ള നിക്ഷേപങ്ങൾ ഒന്നിച്ച് മുൻകൂറായി അടയ്ക്കുന്നവർക്ക് തപാൽ വകുപ്പ് പ്രത്യേക ഇളവുകൾ (കിഴിവ്) നൽകുന്നുണ്ട്. അക്കൗണ്ട് തുടങ്ങി ഒരു വർഷം (12 മാസത്തെ നിക്ഷേപം) പൂർത്തിയായാൽ, അക്കൗണ്ടിലുള്ള തുകയുടെ 50% വരെ ലോണായി എടുക്കാൻ സാധിക്കും.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം?
ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം പേരിലോ അല്ലെങ്കിൽ പരമാവധി മൂന്ന് പേർ ചേർന്ന് ജോയിൻ്റ് അക്കൗണ്ടായോ ഇത് ആരംഭിക്കാം. 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം പേരിലും, അതിൽ താഴെയുള്ള കുട്ടികൾക്കായി മാതാപിതാക്കൾക്കും അക്കൗണ്ട് തുറക്കാവുന്നതാണ്.
ഈ പദ്ധതിയിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80C പ്രകാരമുള്ള ആദായനികുതി ഇളവുകൾ ലഭിക്കില്ല. ലഭിക്കുന്ന പലിശ നിങ്ങളുടെ വാർഷിക വരുമാനത്തിൽ ഉൾപ്പെടുത്തി നികുതി സ്ലാബ് അനുസരിച്ച് നികുതി നൽകേണ്ടി വരും. എങ്കിലും പലിശ തുക ഒരു സാമ്പത്തിക വർഷം 40,000 രൂപയിൽ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) കൂടുകയാണെങ്കിൽ മാത്രമേ ടി.ഡി.എസ് (TDS) ഈടാക്കുകയുള്ളൂ.
3. നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (TD)
ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് (FD) സമാനമായി പോസ്റ്റ് ഓഫീസ് നൽകുന്ന വളരെ സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയാണ്. കേന്ദ്ര സർക്കാരിൻ്റെ പൂർണമായ ഗ്യാരണ്ടിയുള്ളതിനാൽ ഇതിൽ പണം നഷ്ടപ്പെടാനുള്ള യാതൊരു സാധ്യതയുമില്ല. ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി, പോസ്റ്റ് ഓഫീസ് ടിഡി (TD) പദ്ധതികൾ നാല് നിശ്ചിത കാലാവധികളിലാണ് ലഭ്യമാകുന്നത്. പലിശ കണക്കാക്കുന്നത് ഓരോ മൂന്ന് മാസം കൂടുമ്പോഴുമാണെങ്കിലും അത് വർഷാവർഷമാണ് അക്കൗണ്ടിലേക്ക് നൽകുന്നത്.
Post Office (Getty)
നിലവിലെ പലിശ നിരക്കുകൾ
- 1 വർഷത്തെ അക്കൗണ്ട്: പ്രതിവർഷം 6.90% പലിശ
- 2 വർഷത്തെ അക്കൗണ്ട്: പ്രതിവർഷം 7.00% പലിശ
- 3 വർഷത്തെ അക്കൗണ്ട്: പ്രതിവർഷം 7.10% പലിശ
- 5 വർഷത്തെ അക്കൗണ്ട്: പ്രതിവർഷം 7.50% പലിശ
ഈ അക്കൗണ്ട് ആരംഭിക്കാൻ കുറഞ്ഞത് 1,000 രൂപ ആവശ്യമാണ്. പിന്നീട് 100 രൂപയുടെ ഗുണിതങ്ങളായി തുക വർധിപ്പിക്കാം. ഈ പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിന് പരമാവധി പരിധിയില്ല. ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാവുന്നതാണ്.
നികുതി ഇളവ്
നിങ്ങൾ തിരഞ്ഞെടുക്കുന്നത് 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് (5-Year TD) ആണെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഒരു സാമ്പത്തിക വർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. എന്നാൽ 1, 2, 3 വർഷത്തെ നിക്ഷേപങ്ങൾക്ക് ഈ ഇളവ് ലഭിക്കില്ല. കൂടാതെ, ഇതിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനത്തിന് പോസ്റ്റ് ഓഫീസ് ടിഡിഎസ് (TDS) ഈടാക്കില്ല. അക്കൗണ്ട് തുടങ്ങി ആദ്യത്തെ 6 മാസത്തേക്ക് പണം പിൻവലിക്കാൻ അനുവാദമില്ല.
6 മാസത്തിന് ശേഷവും 1 വർഷത്തിന് മുൻപും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, സാധാരണ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് (4%) മാത്രമേ ലഭിക്കൂ. 1 വർഷത്തിന് ശേഷം (2, 3, 5 വർഷത്തെ അക്കൗണ്ടുകൾ) കാലാവധി തികയുന്നതിന് മുൻപ് പിൻവലിച്ചാൽ, നിശ്ചയിച്ച പലിശ നിരക്കിൽ നിന്നും 2% കുറച്ചുള്ള പലിശ മാത്രമേ ലഭിക്കുകയുള്ളൂ.
4. നാഷണൽ സേവിംഗ്സ് മന്ത്ലി ഇൻകം അക്കൗണ്ട് (MIS)
വളരെ ജനപ്രിയമായ ഒരു പദ്ധതിയാണിത്. 1000 രൂപയുടെ ഗുണിതങ്ങളായി അക്കൗണ്ട് തുടങ്ങാനും പണം നിക്ഷേപിക്കാനും സാധിക്കും. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാൻ പോസ്റ്റ് ഓഫീസ് അനുവദിക്കുന്നു. നിക്ഷേപകർക്ക് പ്രതിവർഷം 7.4 ശതമാനം പലിശ ലഭിക്കും, ഇത് പ്രതിമാസം അക്കൗണ്ടിലേക്ക് നൽകുന്നതാണ്.
6. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS)
വിരമിച്ച മുതിർന്ന പൗരന്മാർക്ക് പോസ്റ്റ് ഓഫീസിൽ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാം. നിലവിലെ നിയമങ്ങൾ അനുസരിച്ച്, നിക്ഷേപകർക്ക് പ്രതിവർഷം 8.2 ശതമാനം പലിശ ലഭിക്കും. നിക്ഷേപ തീയതി മുതൽ മാർച്ച് 31/ സെപ്റ്റംബർ 30/ ഡിസംബർ 31 വരെ ആദ്യഘട്ടത്തിലും, തുടർന്ന് ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, ജനുവരി 1 എന്നീ തീയതികളിലും പലിശ വിതരണം ചെയ്യും. 60 വയസ്സിന് മുകളിലുള്ളവർക്കും, വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ച് 1 മാസത്തിനുള്ളിൽ നിക്ഷേപിക്കുന്നു എന്ന നിബന്ധനയോടെ 55 നും 60 നും ഇടയിൽ പ്രായമുള്ള വിരമിച്ച സിവിലിയൻ ജീവനക്കാർക്കും ഈ അക്കൗണ്ട് തുടങ്ങാം. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
7. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (PPF)
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ദീർഘകാല നിക്ഷേപ മാർഗ്ഗങ്ങളിലൊന്നായ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാണ്. കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന ഈ പദ്ധതി പ്രതിവർഷം 7.1 ശതമാനം പലിശ (വാർഷിക കോമ്പൗണ്ടിംഗ്) നൽകുന്നു. സർക്കാർ പലിശ നിരക്കുകൾ ഘട്ടങ്ങളായി പുതുക്കാറുണ്ട്. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കണം. ഒറ്റത്തവണയായോ ഗഡുക്കളായോ പണം അടയ്ക്കാം. ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമപ്രകാരം പൂർണ്ണ നികുതി ഇളവുണ്ട്.
8. സുകന്യ സമൃദ്ധി യോജന (SSY)
2015 ജനുവരി 22-ന് ആരംഭിച്ചതുമുതൽ പെൺകുട്ടികളുള്ള മാതാപിതാക്കൾക്കിടയിൽ വളരെ ജനപ്രിയമായ ഒരു പദ്ധതിയാണിത്. 10 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാം. കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാം. ഒരു സാമ്പത്തിക വർഷം പരമാവധി 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അക്കൗണ്ട് തുടങ്ങി 15 വർഷം പൂർത്തിയാകുന്നതുവരെ പണം നിക്ഷേപിക്കാം. നിലവിലെ പലിശ നിരക്ക് പ്രതിവർഷം 8.2 ശതമാനമാണ്. ലഭിക്കുന്ന പലിശയ്ക്ക് പൂർണമായും നികുതി ഇളവുണ്ട്.
9. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി പ്രതിവർഷം 7.7 ശതമാനം പലിശ നൽകുന്നു, ഇത് വർഷം തോറും കൂട്ടിച്ചേർക്കപ്പെടുകയും കാലാവധി പൂർത്തിയാകുമ്പോൾ നൽകുകയും ചെയ്യുന്നു. ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ 5 വർഷത്തിന് മുൻപ് ഈ പദ്ധതി അവസാനിപ്പിക്കാൻ കഴിയില്ല. ഇതിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവ് ലഭിക്കും.
10. കിസാൻ വികാസ് പത്ര (KVP)
കിസാൻ വികാസ് പത്രയിലെ നിക്ഷേപങ്ങൾ, നിക്ഷേപ തീയതിയിൽ ധനകാര്യ മന്ത്രാലയം നിർദ്ദേശിക്കുന്ന കാലാവധി അനുസരിച്ചാണ് മെച്യൂർ ആകുന്നത്. നിലവിലെ പലിശ നിരക്ക് പ്രതിവർഷം 7.5 ശതമാനമാണ് (വാർഷിക കോമ്പൗണ്ടിംഗ്). കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന പണം 115 മാസങ്ങൾ കൊണ്ട് (9 വർഷവും 7 മാസവും) ഇരട്ടിയാകും.
ഈ പദ്ധതികളില്‍ എങ്ങനെ ചേരാം?
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ചേരുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്.തപാൽ വകുപ്പ് ഇതിനായി ചില പൊതുവായ മാനദണ്ഡങ്ങളും ഘട്ടങ്ങളുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ആവശ്യമായ രേഖകൾ
അക്കൗണ്ട് തുറക്കുന്നതിനായി താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ ആവശ്യമാണ്.
- തിരിച്ചറിയൽ രേഖ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, അല്ലെങ്കിൽ പാസ്‌പോർട്ട്.
- മേൽവിലാസം തെളിയിക്കുന്ന രേഖ: ആധാർ കാർഡ്, റേഷൻ കാർഡ്, അല്ലെങ്കിൽ ലേറ്റസ്റ്റ് കറന്റ് ബില്ല്/ഫോൺ ബില്ല്.
- പാസ്‌പോർട്ട് സൈസ് ഫോട്ടോ: സാധാരണയായി രണ്ട് കോപ്പികൾ ആവശ്യമായി വരും.
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: പലിശ പണം നിങ്ങളുടെ ബാങ്കിലേക്ക് വരാൻ ഒരു കാൻസൽ ചെയ്ത ചെക്കോ പാസ്ബുക്കിന്റെ പകർപ്പോ കരുതുന്നത് നന്നായിരിക്കും.
- പാൻ കാർഡ്: വലിയ തുകകളുടെ നിക്ഷേപത്തിന് പാൻ കാർഡ് നിർബന്ധമാണ്.
അക്കൗണ്ട് തുടങ്ങേണ്ട ഘട്ടങ്ങൾ
- അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക:നിങ്ങളുടെ വീടിനടുത്തുള്ള ഏതെങ്കിലും പ്രധാന പോസ്റ്റ് ഓഫീസോ അല്ലെങ്കിൽ സബ് പോസ്റ്റ് ഓഫീസോ സന്ദർശിക്കുക.
- അപേക്ഷാ ഫോം വാങ്ങുക:നിങ്ങൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന പദ്ധതിയുടെ അപേക്ഷാ ഫോം സൗജന്യമായി വാങ്ങുക. അല്ലെങ്കിൽ ഇന്ത്യാ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.
- ഫോം പൂരിപ്പിക്കുക:അപേക്ഷാ ഫോമിൽ നിങ്ങളുടെ പേര്, വിലാസം, നിക്ഷേപ തുക, നോമിനിയുടെ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തുക.
- രേഖകൾ സമർപ്പിക്കുക:പൂരിപ്പിച്ച ഫോമിനൊപ്പം നിങ്ങളുടെ ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തിയ KYC രേഖകളുടെ പകർപ്പുകളും ഒട്ടിച്ച് ഉദ്യോഗസ്ഥന് നൽകുക. ഒറിജിനൽ രേഖകൾ പരിശോധനയ്ക്കായി കൈയിൽ കരുതുക.
- തുക നിക്ഷേപിക്കുക:അക്കൗണ്ട് തുറക്കുന്നതിനാവശ്യമായ ആദ്യ തുക പണമായോ അല്ലെങ്കിൽ ചെക്കായോ നൽകാം.
ഓൺലൈനായി അക്കൗണ്ട് തുറക്കാൻ സാധിക്കുമോ?
നിങ്ങൾക്ക് നിലവിൽ ഒരു പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടും അതിനോടൊപ്പം ഇൻ്റർനെറ്റ് ബാങ്കിംഗ് / മൊബൈൽ ബാങ്കിംഗ് സൗകര്യവും ഉണ്ടെങ്കിൽ, ചില പ്രത്യേക പദ്ധതികൾ വീട്ടിലിരുന്ന് തന്നെ ഓൺലൈനായി തുടങ്ങാം. ഇതിനായി പോസ്റ്റ് ഓഫീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പായ IPPB Mobile Banking വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടൽ വഴിയോ ലോഗിൻ ചെയ്യുക. അതിൽ ‘General Services’ അല്ലെങ്കിൽ ‘Investment’ സെക്ഷൻ തിരഞ്ഞെടുത്ത് RD, PPF, അല്ലെങ്കിൽ ടൈം ഡെപ്പോസിറ്റ് (FD) അക്കൗണ്ടുകൾ ഡിജിറ്റലായി ആരംഭിക്കാവുന്നതാണ്.









