സാഹോദര്യവും ദയയും വർധിക്കട്ടെ’; ഈദുൽ ഫിത്വർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
60

ന്യൂഡൽഹി: വ്രതശുദ്ധിയുടെ നാളുകൾക്ക് വിരാമമിട്ട് ഈദുൽ ഫിത്വർ ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. പവിത്രമായ ഈ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഇരുവരും ആശംസകള്‍ അറിയിച്ചു. മാനവികതയുടെയും സാഹോദര്യത്തിൻ്റെയും സന്ദേശമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കുവെച്ചത്.

“ഈ ദിവസം എല്ലായിടത്തും സാഹോദര്യവും ദയയും വർധിക്കട്ടെ. എല്ലാവരും സന്തോഷവാനും ആരോഗ്യവാനുമായിരിക്കട്ടെ”, എന്ന് പ്രധാനമന്ത്രി ആശംസിച്ചു. കൂടാതെ നൗറോസ് ദിനത്തിൽ ജനങ്ങൾക്ക് ഊഷ്‌മളമായ ആശംസകളും നേർന്നു. “സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർഥിക്കുന്നു. എല്ലാവരും ആരോഗ്യവാനായിരിക്കട്ടെ, എല്ലാ അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ. നവ്‌റോസ് മുബാറക്!”, എന്നും എക്‌സിൽ മോദി കുറിച്ചു.

രാഷ്‌ട്രപതി ദ്രൗപതി മുർമു ഈദുൽ ഫിത്വറിൻ്റെ തലേ ദിവസം ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം പ്രോത്സാഹിപ്പിക്കാനും രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന നൽകാനും എല്ലാവരും ദൃഢനിശ്ചയം പുലർത്തണമെന്ന് മുര്‍മു പറഞ്ഞു. അതേസമയം കേരളത്തിൽ ഇന്നലെയായിരുന്നു ചെറിയപെരുന്നാൾ. ഈദാശംസകൾ നേർന്നും മധുരം പങ്കുവച്ചും വിശ്വാസികൾ ഒന്നടങ്കം സുദിനം ആഘോഷിച്ചു.

ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ വിശ്വാസികളിൽ ഏറ്റവും പവിത്രമായ കാലഘട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മുഹമ്മദ് നബിക്ക് വിശുദ്ധ ഗ്രന്ഥമായ ഖുർആൻ വെളിപ്പെട്ടതിൻ്റെ ഓർമയ്‌ക്കായാണ് ഈ ദിനം കരുതിപ്പോരുന്നത്. ഒരു മാസം നീണ്ടുനിന്ന ഭക്തിയുടെയും വ്രതത്തിൻ്റെയും ഉപവാസത്തിൻ്റയും സമാപനം കുറിക്കലാണിത്. ഇനി അടുത്ത നോമ്പുകാലത്തിനായുള്ള കാത്തിരിപ്പാണ് വിശ്വാസികൾക്ക്.

സൂര്യോദയത്തിന് തൊട്ടുപിന്നാലെ നടക്കുന്ന പ്രത്യേക പ്രാർഥനയോടെയാണ് ഈദുൽ ഫിത്വർ ആരംഭിക്കുന്നത്. ദൈനംദിന പ്രാർഥനകളിൽ നിന്ന് വ്യത്യസ്‌തമാണിത്. പുത്തൻ വസ്‌ത്രങ്ങൾ ധരിച്ചും ദാനധർമങ്ങൾ നൽകിയും കൈകളിൽ മൈലാഞ്ചിയണിഞ്ഞും വിശ്വാസികൾ ആഘോഷിക്കുന്നു. ഇസ്ലാം വിശ്വാസികൾക്കിടയിലെ രണ്ട് പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഈദ്-ഉൽ-ഫിത്വർ. മറ്റൊന്ന് ഈദ്-ഉൽ-അദ്ഹയാണ്. സമൂഹത്തിൻ്റെ ഒത്തുചേരൽ, ബന്ധുമിത്രാദികളെ സന്ദർശിക്കൽ, ആശംസകളും സമ്മാനങ്ങളും കൈമാറൽ എന്നിങ്ങനെ ഈ ദിവസം അടയാളപ്പെടുത്തിയിരിക്കുന്നു.

സാധാരണയായി ഈദ് ഒരു ദിവസം ആഘോഷിക്കുമ്പോൾ പല രാജ്യങ്ങളിലും ആഘോഷങ്ങൾ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്നു. റമദാൻ വിജയകരമായി പൂർത്തിയാക്കിയതിൻ്റെ ആഘോഷങ്ങൾ ഈ ദിനത്തിൽ കൊണ്ടാടുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, യുദ്ധ ബാധിത പ്രദേശങ്ങളിൽ ആഘോഷങ്ങൾ മന്ദഗതിയിലാണ്.

ആഘോഷങ്ങൾക്കപ്പുറം, ഈദുൽ ഫിത്വറിന് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുണ്ട്. നോമ്പ് പൂർത്തിയാക്കാനുള്ള ശക്തിക്കും ലഭിച്ച അനുഗ്രഹങ്ങൾക്കും അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കാനുള്ള സമയമാണിത്. ദാനധർമം, ദയ, സമൂഹബന്ധം എന്നിവ പുണ്യനാളിൽ കേന്ദ്രബിന്ദുവായി തുടരുന്നു. വിശ്വാസത്തിൻ്റെയും ഐക്യത്തിൻ്റെയും ഉദാരതയുടെയും ഓർമപ്പെടുത്തലായി ഈദുൽ ഫിത്വർ നിലനിൽക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here