മത്തി മുട്ടയിടുന്ന മെയ്-ജൂൺ മാസങ്ങളിൽ കടലിൽ കടുത്ത ഭക്ഷ്യക്ഷാമം; കനത്ത ചൂടിൽ മുട്ടകൾ നശിക്കുന്നു

0
38

കൊച്ചി: മലയാളികളുടെ ദേശീയമത്സ്യം എന്ന് വിശേഷിപ്പിക്കാറുള്ള മത്തിയുടെ ലഭ്യതയിൽ കുറവ് വരുമെന്ന വാർത്ത ആശങ്ക ഉയർത്തിയിരിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) ആണ് ഈ മുനന്നറിയിപ്പ് നൽകിയിരിക്കുന്നത്. സമുദ്രത്തിൽ ഉഷ്ണതരംഗങ്ങൾ സൃഷ്ടിക്കുന്ന എൽ നിനോ പ്രതിഭാസം ഈ സീസണിൽ ശക്തമായതോടെ മത്സ്യലഭ്യത കുറയുമെന്നാണ് മുന്നറിയിപ്പ്. എൽ നിനോ പ്രതിഭാസം ഏറ്റവും കൂടുതൽ ബാധിക്കുന്ന മത്സ്യങ്ങളിലൊന്ന് മത്തിയായിരിക്കുമെന്നും സിഎംഎഫ്ആർഐയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കേരള തീരത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്ന നെയ് മത്തി (Oil Sardine) പോലെയുള്ള ചെറുമത്സ്യങ്ങളെയാണ് കടലിൽ ഉയരുന്ന കടുത്ത ചൂട് ബാധിക്കുന്നത്. സിഎംഎഫ്ആർഐ (CMFRI) ശാസ്ത്രജ്ഞർ നൽകുന്ന റിപ്പോർ‌ട്ടുകൾ പ്രകാരം ചൂടേറുന്ന സമയങ്ങളിൽ മത്തിയുടെ പ്രജനനത്തിന് തടസ്സമുണ്ടാകുകയും മുട്ടകൾ നശിക്കുകയും ചെയ്യുന്നത് സാധാരണമാണ്. മത്തി സാധാരണയായി മെയ്-ജൂൺ മാസങ്ങളിലാണ് മുട്ടയിടുന്നത്. എൽ നിനോ പ്രതിഭാസം സമുദ്രോപരിതലത്തിലെ ചൂട് ക്രമാതീതമായി ഉയർത്തുന്നതോടെ മത്തിയുടെ മുട്ടകൾ വിരിഞ്ഞ് ലാർവയായി മാറുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ചൂട് താങ്ങാനാവാതെ മുട്ടകളും കുഞ്ഞുങ്ങളും നശിച്ചുപോകുന്നതാണ് ഫലം.

കടലിലെ ഭക്ഷ്യക്ഷാമം

ഇതിനു പുറമെയാണ് മത്തികളുടെ പ്രധാന ആഹാരം കടലിലെ പ്ലവഗങ്ങൾ നശിക്കുന്നത്. കടലിന്റെ അടിത്തട്ടിൽ നിന്ന് പോഷകസമ്പന്നവുമായ വെള്ളം മലരി പോലെ മുകളിലേക്ക് വരുന്ന പ്രതിഭാസം എൽ നിനോ കാരണം ദുർബലപ്പെടുന്നു. അപ്‌വെല്ലിങ് എന്നാണ് ഈ പ്രതിഭാസത്തിന് പറയുക. ഇതോടെ പ്ലവഗങ്ങളുടെ വരവ് വൻതോതിൽ കുറയുന്നു. മത്തികൾക്ക് കടുത്ത ആഹാരക്ഷാമം ഉണ്ടാകുന്നു. ഇത്തരത്തിൽ ചൂട് കൂടുകയും ഭക്ഷ്യക്ഷാമം ഉണ്ടാവുകയും പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥ ഇല്ലാതാവുകയും ചെയ്യുന്നതോടെ മത്തി അടക്കമുള്ള മത്സ്യങ്ങൾ തണുത്ത കാലാവസ്ഥയുള്ള കടൽഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നു.

ഇന്നത്തെ എൽനിനോ നാളത്തെ മത്സ്യക്ഷാമം

ഇന്ന് അനുഭവപ്പെടുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ പ്രത്യാഘാതം അനുഭവപ്പെടുക അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളോടെയായിരിക്കും. പുതിയ മത്സ്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടാത്ത സ്ഥിതി അടുത്ത വർ‌ഷത്തോടെ കടുത്ത മത്സ്യക്കുറവ് കടലിലുണ്ടാക്കും.

ഇതിനെല്ലാം പുറമെയാണ് പവിഴപ്പുറ്റുകളുടെ നാശം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ. ചെമ്പല്ലി പോലുള്ള മത്സ്യങ്ങൾ പഴിപ്പുറ്റുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ലക്ഷദ്വീപ് പോലുള്ള ദ്വീപസമൂഹങ്ങളിൽ പവിഴപ്പുറ്റിന്റെ നാശം ഭൂവിസ്തൃതിയുടെ നാശം കൂടിയായി പരിണമിക്കുമെന്നതിനാൽ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here