പലപ്പോഴും നിസാരമായി കാണുന്ന കാര്യങ്ങൾ മോണ രോഗത്തിന് കാരണമാവാം, ഡെൻ്റൽകാർട്ടിൻ്റെ സ്ഥാപകനും സിഇഒയുമായ ഡോ.വികാസ് പറയുന്നു.
മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ മാർക്ക്, സ്‌ക്രീൻ സമയം, ഉയരം, ഭാരം, ഭക്ഷണം എന്നീ കാര്യങ്ങളിൽ വളരെ അധികം ആശങ്കപ്പെടുന്നത് കാണാം. എന്നാൽ പൊതുവേ മാതാപിതാക്കൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് കുട്ടികളിൽ ഉണ്ടാകുന്ന മോണ രോഗം.
വളരെ സാധാരണയായി മാത്രമാണ് പലപ്പോഴും മോണ രോഗങ്ങളെ കാണുന്നത്. മോണ തടിച്ച് വീങ്ങുകയോ രക്തസ്രാവമുണ്ടാവുകയോ ചെയ്യുമ്പോൾ മാത്രമാണ് പലപ്പോഴും മോണ രോഗത്തെ നമ്മൾ ഗുരുതരമായി കാണുന്നത്.
എങ്ങനെയാണ് കുട്ടികളിൽ മോണ രോഗമുണ്ടാവുന്നത്
പലപ്പോഴും കുട്ടികൾ ശരിയായ രീതിയിൽ ആയിരിക്കില്ല ബ്രഷ് ചെയ്യുന്നത്. പുറമേ കാണുന്ന ഭാഗം മാത്രം നല്ല രീതിയിൽ ബ്രഷ് ചെയ്യുകയും മറ്റ് ഭാഗങ്ങൾ ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്നു. ഇത് പല തരത്തിലുള്ള ബാക്‌ടീരിയകൾ ഉണ്ടാകാൻ കാരണമാകുന്നു.
ഇത് പ്ലാക്ക് ഉണ്ടാക്കുകയും മോണ രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. നിരന്തരം മധുര പലഹാരങ്ങളും സോഫ്‌റ്റ് ഡ്രിങ്ക്സും കഴിച്ച് കഴിഞ്ഞതിന് ശേഷം വായ കഴുകാത്തതും മോണ രോഗത്തിന് കാരണമാകുന്നു.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ…
മോണ രോഗത്തിന് തുടക്കത്തിൽ പലപ്പോഴും വേദന അനുഭവപ്പെടണം എന്നില്ല. അതുകൊണ്ട് തന്നെ കുട്ടികൾ അത് പറയില്ല. എന്നാൽ ആരംഭഘട്ടത്തിൽ തന്നെ മോണ രോഗം തിരിച്ചറിഞ്ഞാൽ ഇത് മാറ്റാൻ വളരെ എളുപ്പമായിരിക്കും. മോണ രോഗ ലക്ഷണങ്ങൾ ഇവയൊക്കെയാണ്.
- മോണകൾ സാധരണയേക്കാൾ വീർത്തതോ ഇരുണ്ടതോ അല്ലെങ്കിൽ കടും ചുവപ്പ് നിറത്തിലോ ആയി കാണപ്പെടും.
- കുട്ടികൾ ബ്രഷ് ചെയ്യുമ്പോൾ ടൂത്ത് ബ്രഷിലോ സിങ്കിലോ രക്തം ഉണ്ടായേക്കാം.
- ചിലർക്ക് തുടർച്ചയായ വായ്‌നാറ്റം ഉണ്ടാവും.
- ഭക്ഷണം ചവക്കാൻ ബുദ്ധിമുട്ട് തോന്നുക, ഭക്ഷണത്തിന് സ്വാദ് വ്യത്യാസം ഉണ്ടാവുക ഇവയെല്ലാം ലക്ഷണങ്ങളാണ്.
എന്തുകൊണ്ടാണ് കുട്ടികളിൽ മോണരോഗം കൂടുതലായി കാണപ്പെടുന്നത്
കുട്ടികളിൽ മോണരോഗം കൂടുതലായി കാണാനുള്ള പ്രധാന കാരണം ശരിയായ രീതിയിൽ അല്ലാത്ത ബ്രഷ് ചെയ്യൽ, പഞ്ചസാരയുടെ കൂടുതലുള്ള ഉപയോഗം, കൃത്യമായി ദന്ത പരിശോധന നടത്താത്തത് എന്നിവയെല്ലാമാണെന്ന് ഡെൻ്റൽകാർട്ടിൻ്റെ സ്ഥാപകനും സിഇഒയുമായ ഡോ.വികാസ് പറഞ്ഞു.
പ്രാരംഭ ഘട്ടത്തിൽ വലിയ ബുദ്ധിമുട്ടകൾ ഒന്നും ഉണ്ടാവണമെന്നില്ല. പിന്നീടാണ് ഇത് ബുദ്ധിമുട്ടായി മാറുന്നത്. മോണ വീർക്കുക, രക്തസ്രാവം ഉണ്ടാവുക, വായ്‌നാറ്റം, അസഹനീയമായ വേദന, ചില സന്ദർഭങ്ങളിൽ പല്ലുകൾക്ക് ചുറ്റും മോണകൾ പിന്നോട്ട് പോകാൻ തുടങ്ങുക എന്നവയെല്ലമാണ് ഇതിൻ്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ പ്രതിരോധിക്കാം
- കുട്ടികളുടെ പ്രായത്തിനനുസരിച്ച് ശരിയായ ടൂത്ത് പേസ്‌റ്റ് ഉപയോഗിച്ച് ദിവസത്തിൽ രണ്ട് തവണ ബ്രഷ് ചെയ്യുക.
- പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
- എന്ത് ഭക്ഷണം കഴിച്ചാലും വായ നന്നായി കഴുകുക
- ആറുമാസത്തിലൊരിക്കൽ ദന്ത പരിശോധന നടത്തുന്നത് പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും






