കഴിഞ്ഞ തവണ വലിയതോതിലുള്ള ലാഭമാണ് മിക്ക കർഷകർക്കും ഓണവിപണിയിൽ നിന്നും ലഭിച്ചിരുന്നത്. ഇത്തവണയും ഈ ലാഭം പ്രതീക്ഷിച്ച കര്‍ഷകര്‍ക്കാണ് മഴ തിരിച്ചടിയായത്.
കോഴിക്കോട്: നിർത്താതെ പെയ്യുന്ന മഴ ദുരിതം വിതച്ചതോടെ കര്‍ഷകര്‍ക്ക് ഇത്തവണ വറുതിയുടെ ഓണക്കാലം. നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിധത്തിൽ കാർഷിക മേഖലയാകെ ഇപ്രാവശ്യത്തെ മഴയിൽ മുങ്ങി. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിയുള്ള കിഴക്കൻ മലയോര ഗ്രാമങ്ങളിലെ കർഷകരാണ് കടുത്ത പ്രതിസന്ധിയിലായത്.
ഓരോ തവണ ഓണം എത്തുമ്പോഴും വലിയ വരുമാനം പ്രതീക്ഷിച്ച് വിവിധതരം പച്ചക്കറികളും വാഴ കൃഷിയുമെല്ലാം കർഷകർ കൂടുതലായി ഇറക്കിയിരുന്നു. കഴിഞ്ഞ തവണയും വലിയതോതിലുള്ള ലാഭമാണ് മിക്ക കർഷകർക്കും ഓണവിപണിയിൽ നിന്നും ലഭിച്ചിരുന്നത്. ഈ ഓണത്തിനും കൂടുതൽ ലാഭം പ്രതീക്ഷിച്ചാണ് കർഷകർ വിവിധ മേഖലകളിൽ കൃഷി ഇറക്കിയിരുന്നത്.
എന്നാല്‍ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് മഴ ഇടമുറിയാതെ പെയ്‌തതോടെ കൃഷികളെല്ലാം ചീഞ്ഞ് നശിച്ച് പോയ നിലയിലാണ്. മിക്ക പച്ചക്കറി തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം കാട് പിടിച്ച് നശിച്ച അവസ്ഥയിലാണ്. വാഴത്തോട്ടങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. കാറ്റിലും മഴയിലും വാഴകളെല്ലാം നശിച്ചു. ഒരുകാലത്തും ഇല്ലാത്ത വിധത്തിലാണ് ഈ വർഷം മഴയെത്തിയത്. മേയ് മാസം പകുതിയോടെ തുടങ്ങിയ മഴ ഒരു ശമനവും ഇല്ലാതെയാണ് ഓരോ ദിവസവും തിമിർത്ത് പെയ്‌തത്.






