പുണ്യനൂലില്‍ ദൃഢമാകുന്ന സ്‌നേഹവും കരുതലും..!രക്ഷാബന്ധന് പിന്നിലെ ചരിത്രവും വിശ്വാസവും ഇങ്ങനെ

0
43

ഈ വർഷം രക്ഷാബന്ധൻ ആഘോഷിക്കുന്ന ശുഭ മുഹൂർത്തത്തോടൊപ്പം ഉത്സവത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം…

ന്ത്യയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് രക്ഷാബന്ധൻ. ഈ വർഷത്തെ രക്ഷാബന്ധൻ ഓഗസ്റ്റ് 9 ശനിയാഴ്‌ചയാണ്. ഇന്ത്യൻ സംസ്ഥാനങ്ങൾ ആഘോഷിക്കുന്ന ഈ ഉത്സവം വ്യത്യസ്‌ത രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. കുട്ടികളും മുതിർന്നവരും ഒരു പോലെ കാത്തിരിക്കുന്ന ഈ ദിനത്തിൻ്റെ പ്രത്യേകതകളും ചരിത്രവും അറിയാം…

എന്താണ് രക്ഷാബന്ധൻ ?

രക്ഷാബന്ധൻ എന്ന പദം സംസ്‌കൃതത്തിൽ നിന്നാണ് ഉത്ഭവിച്ചത്. “രക്ഷ” എന്നാൽ സംരക്ഷണം എന്നും “ബന്ധൻ” എന്നാൽ ബന്ധനം എന്നുമാണ്. “സംരക്ഷണബന്ധം” എന്നാണ് ഇതിൻ്റെ അർഥം. സഹോദര-സഹോദരി ബന്ധങ്ങളെയും സഹോദര സ്നേഹത്തെയും സ്‌നേഹം കൊണ്ടും സംരക്ഷണം കൊണ്ടും ദൃഢമാക്കുന്നു ഈ ഉത്സവം. ചന്ദ്ര-സൗര മാസമായ ശ്രാവണത്തിലെ പൂർണ്ണചന്ദ്ര സമയത്താണ് രക്ഷാബന്ധൻ ആചരിക്കുന്നത്.

ഹിന്ദു പാരമ്പര്യത്തിൽ, ഒരു സഹോദരി തൻ്റെ സഹോദരൻ്റെ ആരോഗ്യം, വിജയം, സുരക്ഷ എന്നിവയ്ക്കായി പ്രാർഥിച്ച് അവൻ്റെ കൈത്തണ്ടയിൽ ഒരു രാഖി (ഒരു പുണ്യനൂൽ) കെട്ടുന്നു. പകരമായി, സഹോദരൻ അവൾക്ക് സമ്മാനങ്ങൾ നൽകുകയും അവളെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു ഈ ദിനത്തിൽ.

എപ്പോഴാണ് രക്ഷാബന്ധൻ?

  • ഈ വർഷം ഓഗസ്റ്റ് 9 നാണ് രക്ഷാബന്ധൻ
  • പൂർണിമ തിഥി ആരംഭിക്കുന്നത്: 2025 ഓഗസ്റ്റ് 8 ഉച്ചയ്ക്ക് 2:12 ന്
  • പൂർണിമ തിഥി അവസാനിക്കുന്നത്: 2025 ഓഗസ്റ്റ് 9 ഉച്ചയ്ക്ക് 1:24 ന്
  • രാഖി കെട്ടാൻ ഏറ്റവും അനുയോജ്യമായ സമയം: 2025 ഓഗസ്റ്റ് 9 രാവിലെ 5:47 നും ഉച്ചയ്ക്ക് 1:24 നും ഇടയിൽ

രക്ഷാബന്ധൻ്റെ ചരിത്ര പശ്ചാത്തലം

രക്ഷാബന്ധൻ്റെ ഉത്ഭവം വേദ കാലഘട്ടം മുതലെ നിലകൊള്ളുന്നു. പുരാണത്തിലും ഭാഗവതം പോലെയുള്ള ഗ്രന്ഥങ്ങളിലും രാഖിയുടെ സാന്നിധ്യം കാണാം. പുരാണങ്ങളിൽ, സ്ത്രീകൾ ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ രാഖി അണിയിച്ചതായും അത് ആത്മീയമായ ഒരു സംരക്ഷണ വസ്‌തുവായി ഉപയോഗിച്ചിരുന്നതായും പറയുന്നു.

ഇന്ദ്രാണി കഥ

ഭവിഷ്യ പുരാണത്തിലെ 137-ാം അധ്യായത്തിൽ പറയുന്നത് പ്രകാരം, ദേവതകളും അസുരരും തമ്മിലുള്ള യുദ്ധത്തിൽ ദേവരാജാവ് ഇന്ദ്രൻ പരാജയപ്പെട്ടു. അപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യയായ ശചി (ഇന്ദ്രാണി) ബ്രഹ്മദേവൻ്റെ ഉപദേശപ്രകാരം ഇന്ദ്രൻ്റെ കൈയിൽ ഒരു രാഖി കെട്ടി കൊടുത്തു. പിന്നീട് ഇന്ദ്രൻ യുദ്ധത്തിൽ വിജയം നേടി. അതിനാൽതന്നെ രാഖിയെ തന്ത്രിക ശക്തിയുള്ള സംരക്ഷണചിഹ്നമായി കണക്കാക്കുന്നു.

കൃഷ്‌ണനും ദ്രൗപദിയും

രക്ഷാബന്ധൻ ദൈവികമായ സ്നേഹബന്ധത്തെ കുറിച്ചുള്ളൊരു ആഘോഷവും മഹാഭാരതത്തിലെ ഒരു സംഭവവും കൂടിയാണ്. കൃഷ്‌ണനും ദ്രൗപദിയും തമ്മിലുള്ള ബന്ധം ഈ ഉത്സവത്തിൻ്റെ ഉദാഹരണമാണ്. ശിശുപാലന് നേരെ കൃഷ്‌ണൻ വാൾ നീട്ടിയപ്പോൾ കയ്യിൽ നിന്നും രക്തം വന്നു. അത് കണ്ട ദ്രൗപദി മറ്റ് മാർഗങ്ങളില്ലാതെ ധരിച്ചിരുന്ന സാരിയുടെ ഒരു അറ്റം കീറി പാടുപാടി സ്‌നേഹത്തോടെ കൃഷ്‌ണൻ്റെ വിരലിൽ കെട്ടി കൊടുത്തു. അതിന് പ്രതിഫലമായി കൃഷ്‌ണൻ ദ്രൗപദിയെ ഏത് ഘട്ടത്തിലും രക്ഷിക്കുമെന്ന് വാഗ്‌ദാനം നൽകി. പിന്നീട് വസ്ത്രഹരണത്തിൽ ദ്രൗപദിയെ കൃഷ്‌ണൻ അത്ഭുതകരമായി രക്ഷിച്ചത് ഈ വാഗ്‌ദാനത്തിൻ്റെയും സ്‌നേഹത്തിൻ്റെയും തെളിവായിരുന്നു.

ഹുമയൂണും റാണി കർണാവതിയും

മധ്യകാല ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും പ്രശസ്‌തമായ കഥയിലൊന്നാണിത്. ചിതോർസ്ഥാനത്തെ രാജപുത്ര റാണിയായ കർണാവതി. മേവാറിലെ രാജ്ഞി സംരക്ഷണം അഭ്യർഥിച്ച് മുഗൾ ചക്രവർത്തിയായ ഹുമയൂണിന് ഒരു രാഖി അയച്ചു. അദ്ദേഹം അത് അംഗീകരിക്കുകയും തൻ്റെ ശത്രുവായ സുലേമാൻ താക്കൂറിൽ നിന്ന് കർണാവതിയെ രക്ഷിക്കാനും തയ്യാറായി.

രക്ഷാബന്ധൻ ഒരു സഹോദര–സഹോദരീ ബന്ധത്തിൻ്റെ പ്രതീകം മാത്രമല്ല, അത് വിശ്വാസത്തിൻ്റെ, ഐക്യത്തിൻ്റെ, മനുഷ്യസ്നേഹത്തിൻ്റെ ഉത്സവമാണ്. സുഹൃത്തുക്കൾ, അകന്ന ബന്ധുക്കൾ സമൂഹങ്ങളിലുടനീളം ബഹുമാനവും സംരക്ഷണ ബന്ധവും സൂചിപ്പിക്കാൻ ആർക്കും രാഖി കെട്ടാം. പുരാതനകാലത്ത് ആരംഭിച്ചിട്ടുള്ള ഈ ആഘോഷം ഇന്നും അതേ ഉത്സാഹത്തോടെയും സ്നേഹത്തോടെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ആഘോഷിക്കപ്പെടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here