ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മറ്റു ജാഗ്രത നിർദേശങ്ങളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല
കാസർകോട്: സംസ്ഥാനത്ത് ഓഗസ്റ്റ് 13 മുതൽ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിൻ്റെ ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുക. 13- ന് ന്യൂനമർദ്ദം രൂപപ്പെടും. ഇതോടെ ദുർബലമായ മൺസൂൺ വീണ്ടും സജീവമാകും. എന്നാൽ ബംഗാൾ ഉൾക്കടലിൻ്റെ വടക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ ഇടിവി ഭാരതിനോട് പറഞ്ഞു.
അതി ശക്തമായ മഴയ്ക്കു സാധ്യത ഇല്ലെന്നും എന്നാൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അവർ വ്യക്തമാക്കി. 13 മുതൽ നാലോ അഞ്ചോ ദിവസമാണ് മഴ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 6 മുതൽ സംസ്ഥാനത്ത് മഴ കുറഞ്ഞിരുന്നു. മൂന്നു ദിവസം കൂടി തെളിഞ്ഞ ആകാശം ആയിരിക്കും. മറ്റു ജില്ലകളിൽ 7 മുതൽ മാനം തെളിഞ്ഞെങ്കിലും കണ്ണൂർ, കാസർകോട് ജില്ലകളിൽ കാർമേഘങ്ങൾ മൂടിയ കാലാവസ്ഥയാണ്.
ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മറ്റു ജാഗ്രത നിർദേശങ്ങളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 8 വരെ ലഭിച്ചത് 1259.5 മില്ലി മീറ്റർ മഴ ആണ്. ലഭിക്കേണ്ടതിൻ്റെ 13 % കുറവാണെങ്കിലും മെയ് 24 മുതലുള്ള കണക്ക് പരിശോധിച്ചാൽ റെക്കോർഡ് മഴയാണ് ലഭിച്ചത്. ജൂൺ 1 മുതൽ 4 വരെ മഴ കുറഞ്ഞത് ഒഴിച്ചാൽ ഇതുവരെ എല്ലാ ദിവസവും മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.
കണ്ണൂർ ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 1975.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 2205.2 മില്ലി മീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ടതിൻ്റെ 12% അധിക മഴയാണ് ലഭിച്ചത്. വയനാട് ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 1829.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1077. 1 മഴയാണ് ലഭിച്ചത്. കിട്ടേണ്ടതിൻ്റെ 41% മഴ കുറഞ്ഞു. ലക്ഷദ്വീപിൽ ലഭിക്കേണ്ടതിൻ്റെ 8% കുറവാണെങ്കിലും 622.4 മില്ലി മീറ്റർ മഴ ലഭിച്ചു. കേരളത്തിന് പ്രധാനമായും രണ്ടു മഴക്കാലങ്ങളാണുള്ളത്. ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണും ഒക്ടോബര്‍ പകുതിയോടെ വടക്കു കിഴക്കന്‍ മണ്‍സൂണും. ആദ്യത്തേത് കാലവർഷം എന്നും രണ്ടാമത്തേത് തുലാവര്‍ഷം എന്നും അറിയപ്പെടുന്നു.





