കേരളത്തിലെ സ്കൂൾ അവധിക്കാല ക്രമീകരണങ്ങളിൽ കാതലായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പൊതുചർച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

0
114

സ്‌കൂള്‍ അവധിക്കാലം മാറ്റാൻ ആലോചന; വേനലവധി മാറ്റുന്നത് ചർച്ചയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ സ്കൂൾ അവധിക്കാല ക്രമീകരണങ്ങളിൽ കാതലായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പൊതുചർച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ ഏപ്രിൽ, മേയ് മാസങ്ങളിലുള്ള വേനലവധി, കനത്ത ചൂട് കാരണം കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ മൺസൂൺ അവധിയാക്കി മാറ്റുന്നതിനെക്കുറിച്ചാണ് മന്ത്രി അഭിപ്രായങ്ങൾ ക്ഷണിച്ചത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പുറത്തിറങ്ങാനോ വേനലവധി ആസ്വദിക്കാനോ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷീണിപ്പിക്കുന്നു. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും, ഇത് അധ്യയനം താളം തെറ്റിക്കുകയും പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് തടസ്സമുണ്ടാക്കുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, ജൂൺ, ജൂലൈ മാസങ്ങൾ അവധിയാക്കുന്നതിലൂടെ അധ്യയനവർഷത്തിലെ തുടർച്ചയായ ക്ലാസുകൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് നിർദ്ദേശത്തിൻ്റെ പ്രധാന വാദം.

വേനൽ കഴിഞ്ഞ് മൺസൂൺ ആരംഭിക്കുന്ന സമയത്ത് സ്കൂളുകൾ തുറക്കുന്ന നിലവിലെ രീതിക്ക് പകരം, അവധിക്കാലം ജൂൺ-ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാൽ, ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളോടെ മഴയുടെ തീവ്രത കുറയുന്നതോടെ അധ്യയനവർഷം സുഗമമായി ആരംഭിക്കാൻ സാധിക്കും. ഇത് പഠനത്തിന് അനുകൂലമായ കാലാവസ്ഥ ഒരുക്കുന്നതിനും സഹായകമാകും

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം, കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും, അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും, മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ഈ വിഷയത്തിൽ ക്രിയാത്മകമായ ഒരു ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്നും, വിദ്യാർഥികളുടെ ഭാവിക്കും ആരോഗ്യത്തിനും ഏറ്റവും ഉചിതമായ തീരുമാനമെടുക്കാൻ ഇത്തരം ചർച്ചകൾ സഹായിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here