ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾപ്പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാനദൗത്യം.
ബഹിരാകാശ ഗവേഷണത്തിലെ രണ്ട് ലോകോത്തര ശക്തികൾ– ഇന്ത്യയുടെ ഐഎസ്ആർഒയും അമേരിക്കയുടെ നാസയും. ഒരേ ലക്ഷ്യവുമായി ഇവർ ഒന്നിച്ചപ്പോൾ പിറന്നത് ആകാശത്തിരുന്ന് ഭൂമിയുടെയും കടലിന്റെയും അന്തർഭാഗത്തെ മാറ്റങ്ങൾ വരെ കാണാവുന്ന ഒരു സാറ്റലൈറ്റ് നൈസർ. ഐ എസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ഏറ്റവും വലിയ ഇൻഡോ-യുഎസ് ഉപഗ്രഹ ദൗത്യങ്ങളില്‍ ഒന്നാണിത്. ഭൂമിയുടെ അഭൂതപൂര്‍വമായ വിശദാംശങ്ങളോടുകൂടിയ ത്രിമാനദൃശ്യം നല്‍കുന്ന ആദ്യത്തെ ഉപഗ്രഹമാണിത്.
മണ്ണിടിച്ചില്‍, ഭൂകമ്പം, അഗ്നിപര്‍വ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായുള്ള ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ഈ വിവരങ്ങള്‍ ശാസ്ത്രജ്ഞരെ സഹായികയിക്കും. അതുവഴി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കും. ഓരോ 12 ദിവസത്തിലും രണ്ടു തവണ ഭൂമിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സ്‌കാന്‍ ചെയ്യുകയും, ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങളിലൂടെ ഒരു സെന്റിമീറ്റര്‍ വരെയുള്ള ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കുകയും ചെയ്യും. മുന്‍പ് നാസയുടെ ഒരു ഉപഗ്രഹത്തിനും സാധിക്കാത്ത തരത്തില്‍ ഇത് ഭൗമ നിരീക്ഷണ വിവരങ്ങള്‍ ശേഖരിക്കും. കാലക്രമേണ ഭൂമിയിലെ കരയും സമുദ്രങ്ങളും എങ്ങനെ മാറുന്നു എന്നതിന്റെ വിശദമായ രേഖ ഉപഗ്രഹം നല്‍കും, ഇത് കാലാവസ്ഥാ ഗവേഷണത്തിന് ഊര്‍ജം പകരും. ഈ ഉപഗ്രഹം കർഷകർക്ക് മികച്ച വിള കിട്ടാനും സൂനാമി പ്രവചനത്തിനു പോലും സഹായകം.
ഇരട്ട ഫ്രീക്വൻസ്വിയിൽ, ഏറ്റവും നവീനമായ റഡാർ സാങ്കേതികവിദ്യയിലാണ് നിസാർ പ്രവർത്തിക്കുന്നത്. ഇരട്ട ആവൃത്തി ഉപയോഗിക്കുന്ന ആദ്യത്തെ റഡാർ ഇമേജിംഗ് ഉപഗ്രഹമായിരിക്കും നിസാർ. വിദൂര സംവേദനം, ഭൗമനിരീക്ഷണം എന്നിവയ്ക്കും ഇത് ഉപയോഗിക്കും. ഭൂവൽക്കം (crust) പരിണമിച്ചുണ്ടായതിനെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ വിവരങ്ങൾ നിസാർ ശേഖരിക്കും. ഭൗമാന്തർഭാഗത്ത് നടക്കുന്ന സംവഹന പ്രവർത്തനങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും കൂടുതൽ വിശ്വസനീയമായ വിവരങ്ങൾ നൽകാൻ നിസാറിന് കഴിയും.
സൂര്യകേന്ദ്രീകൃത ഭ്രമണ പഥത്തിലാണ് (sun synchronous orbit) പേടകത്തെ നിലനിർത്തുന്നത്. മൂന്ന് വർഷമാണ് ദൗത്യകാലാവധി. സ്പേസ് ക്രാഫ്റ്റിന്റെ ഡിസൈനിങ് ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞർ നേരത്തെ തന്നെ നിർവഹിച്ചിരുന്നു. നാസ ഈ ഡിസൈൻ അംഗീകരിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത റഡാർ ഉപയോഗിച്ച് ഭൂമുഖത്തെ ഓരോ സെന്റീമീറ്ററും സ്കാൻ ചെയ്യാൻ കഴിയുന്ന നിസാറിന് അവിടെയുണ്ടാകുന്ന ചെറിയ മാറ്റം പോലും കൃത്യമായി കണ്ടെത്താൻ കഴിയും. ലക്ഷ്യസ്ഥാനത്തേക്ക് റേഡിയോ സിഗ്നലുകൾ അയക്കുകയും പ്രതിഫലിച്ചു വരുന്ന തരംഗങ്ങളിലുണ്ടാകുന്ന ആന്ദോളനങ്ങൾ കൃത്യമായി കണക്കുകൂട്ടിയുമാണ് ഭൂപ്രദേശത്തിന്റെ സമഗ്രമായ ചിത്രം നിർമ്മിക്കുന്നത്. ഇങ്ങനെ പ്രതിഫലിച്ചു വരുന്ന അനുപ്രസ്ഥ തരംഗങ്ങൾക്കുണ്ടാകുന്ന അപശ്രുതി അളക്കുന്നതുവഴി ഭൂകമ്പം, സുനാമി, അഗ്നിപർവത സ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയും.
മൊത്തം ചെലവ് 1.5 ബില്യൺ യുഎസ് ഡോളർ ആയി കണക്കാക്കപ്പെടുന്ന നിസാർ ലോകത്തിലെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് ഉപഗ്രഹമായിരിക്കുമെന്ന് കരുതപ്പെടുന്നു.








