ചർമ്മ സംരക്ഷണത്തിന് ജലാംശം വളരെ പ്രധാനമാണ്. അതിന് സ്ഥിരമായി കുടിക്കുന്ന വെള്ളത്തിൽ ഇത് കൂടി ചേർക്കൂ
ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ ഇതിനായി വിലകൂടിയ ക്രീമുകളോ സൗന്ദര്യവർദ്ധക വസ്തുക്കളോ മാത്രം ഉപയോഗിച്ചതുകൊണ്ട് കാര്യമില്ല; യഥാർത്ഥ മാറ്റം തുടങ്ങേണ്ടത് ശരീരത്തിനുള്ളിൽ നിന്നുമാണ്. ചർമ്മാരോഗ്യം സംരക്ഷിക്കുന്നതിൽ നാം കുടിക്കുന്ന വെള്ളത്തിനും കഴിക്കുന്ന ഭക്ഷണത്തിനും വലിയ പങ്കുണ്ട്. ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും ചുളിവുകൾ അകറ്റാനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
കുടിക്കുന്ന വെള്ളത്തിലേയ്ക്ക് ദിവസവും രാവിലെ വെള്ളത്തിൽ ബദാം കുതിർത്തതു കൂടി കഴിച്ചു നോക്കൂ. ചർമ്മാരോഗ്യത്തിന് സഹായകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന നട്സാണ് ബദാം. വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റ് എന്നിവയുടെ പവർ ഹൗസാണത്.
ബദാം വെള്ളത്തിൽ കുതിർത്തു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുന്നത് ചർമ്മത്തിന് തിളക്കം നൽകിയേക്കും. ഇത് കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തി ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷണം നൽകും.
പതിവായി ബദാം ഇങ്ങനെ കഴിക്കുന്നത് നിറം വർധിപ്പിക്കാനും, വീക്കം കുറയ്ക്കാനും, ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ
ജലാംശം നൽകുന്നു: കുതിർത്ത ബദാമിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ആരോഗ്യകരവും മൃദുലവുമായ ചർമ്മം നിലനിർത്തുന്നതിന് ശരിയായ ജലാംശം അത്യാവശ്യമാണ്, ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റ് സംരക്ഷണം
വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് ബദാം. ഈ സംയുക്തങ്ങൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. കുതിർത്ത ബദാം പതിവായി കഴിക്കുന്നതിലൂടെ യുവത്വം നിലനിർത്താനും കഴിയും.
കുതിർത്ത ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഇതിലൂടെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാം.
മോയ്സ്ച്യുറൈസേഷൻ
ബദാം ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് മോയ്സ്ച്യുറൈസ് ചെയ്യാൻ സഹായിക്കുന്നു.
വീക്കം കുറയ്ക്കുന്നു
ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും പോലുള്ള ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ കുതിർത്ത ബദാം ഉൾപ്പെടുത്തുന്നതിലൂടെ വീക്കം ശമിപ്പിക്കാനും ആരോഗ്യകരവുമായ ചർമ്മം നേടാനും സഹായിക്കും.








