ദീപാവലിയ്ക്ക് ആരോഗ്യകരമായി മധുരം നുണയാം

0
36

ദീപങ്ങളുടെ മാത്രമല്ല മധുരപലഹാരങ്ങളുടെ കൂടി ഉത്സവമാണ് ദീപാവലി. പതിവ് പോലെ വളരെ ആവേശയത്തോടെ ദീപാവലി ആഘോഷങ്ങൾക്കായി തയ്യാറെടുത്തിരിക്കുകയാണ് രാജ്യത്തുടനീളമുള്ള ജനങ്ങൾ. മധുര പലഹാരങ്ങളില്ലാതെ ദീപാവലി ആഘോഷങ്ങൾ പൂർണമാകില്ല. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവിധങ്ങളായ കൊതിയൂറും പലഹാരങ്ങൾ വിപണിയിൽ ഒരുങ്ങി കഴിഞ്ഞു. എന്നാൽ അമിതമായി എണ്ണമയമുള്ളതും മധുരമടങ്ങിയതുമായ പലഹാരങ്ങൾ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇക്കാരണത്താൽ തന്നെ ദീപാവലി പലഹാരങ്ങൾ ആസ്വദിച്ച് കഴിക്കാൻ പലർക്കും കഴിയാറില്ല. അതിനാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാത്ത പലഹാരങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദീപാവലി ആഘോഷങ്ങൾക്കിടയിൽ ആരോഗ്യകരമായി ഭക്ഷണം കഴിക്കാനും ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താനുമുള്ള ചില നുറുങ്ങുകൾ ഇതാ…

നാരുകൾ അടങ്ങിയ മധുരപലഹാരങ്ങൾ
ദീപാവലി നാളിൽ ആരോഗ്യത്തിന് ഹാനികരമാകാതെ മധുരപലഹാരങ്ങൾ നുണയാൻ നാരുകൾ അടങ്ങിയവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്ന് ഡയറ്റീഷ്യനും പോഷകാഹാര വിദഗ്‌ധനുമായ ജയ് ശ്രീ ബാനിക് പറയുന്നു. പയർ, കടല തുടങ്ങിയ പയർവർഗങ്ങൾ കൊണ്ട് നിർമിച്ച മധുരപലഹാരങ്ങൾ തെരഞ്ഞെടുക്കാം.

പ്രകൃതിദത്ത മധുരം അടങ്ങിയ പലഹാരങ്ങൾ
ദീപാവലി പലഹാരങ്ങൾ മിക്കതും കൃത്രിമ മധുരം ചേർത്ത് തയ്യാറാക്കുന്നവയാണ്. ഇത് അമിതമായി കഴിക്കുന്നത് പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ കൃത്രിമ മധുരത്തിന് പകരം പ്രകൃതിദത്തമായ പഞ്ചസാര ചേർത്ത് ഉണ്ടാക്കുന്ന പലഹാരങ്ങൾ തെരഞ്ഞെടുക്കാം. ഫ്രക്ടോസ്, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈത്തപ്പഴം കൊണ്ട് തയ്യാറാക്കിയ മധുര പലഹാരങ്ങൾ കഴിക്കാം. ഇത് രുചികരവും ആരോഗ്യകരവുമാണ്.

പാലുകൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ
പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരപലഹാരങ്ങൾ രുചികരവും ആരോഗ്യകരവുമാണ്. കടയിൽ നിന്ന് വാങ്ങുന്നതിന് പകരം വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാവുന്നവയാണ് ഇവ.

മധുരപലഹാരങ്ങൾ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അമിതമായി ഭക്ഷണം കഴിക്കരുത്
ദീപാവലി ഉൾപ്പെടെയുള്ള ആഘോഷ നാളുകളിൽ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് പലരും. ഇത് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ആഘോഷങ്ങൾ ഏതുമാകട്ടെ ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

വെറുംവയറ്റിൽ മധുരപലഹാരങ്ങൾ കഴിക്കരുത്
വെറും വയറ്റിൽ മധുരമടങ്ങിയ പലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ഉയരാൻ കാരണമാകും. ഇത് പ്രമേഹം ഉൾപ്പെടെയുള്ള അവസ്ഥകൾ വഷളാക്കുകയും പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ഉറങ്ങുന്നതിന് മുമ്പ് മധുരപലഹാരങ്ങൾ കഴിക്കരുത്
രാത്രിയിൽ മധുരപഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കുറയാനും ഇടയാക്കും. ഇത് ഉറക്കത്തിന്‍റെ ഗണനിലവാരം മോശമാക്കും. മാത്രമല്ല ദഹന പ്രശ്‌നങ്ങൾ, ദന്ത പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാനും ശരീരഭാരം വർധിക്കാനും ഇത് കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here