എസ്‌ആർഒയും നാസയും ചേർന്ന് വികസിപ്പിച്ചെടുത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റായ നിസാറിന്‍റെ (NISAR) വിക്ഷേപണം ഇന്ന്

0
60

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് വൈകിട്ട് 5:40(IST) നാണ് നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നിസാർ ഉപഗ്രഹം വിക്ഷേപിക്കുക.

ബെംഗളുരു: ഐഎസ്‌ആർഒയും നാസയും ചേർന്ന് വികസിപ്പിച്ചെടുത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റായ നിസാറിന്‍റെ (NISAR) വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് (ബുധനാഴ്‌ച) വൈകിട്ട് 5:40 നാണ് നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നിസാർ ഉപഗ്രഹം വിക്ഷേപിക്കുക.

പത്ത് വർഷത്തിലധികമായുള്ള പരിശ്രമത്തിൻ്റെ ഫലമായാണ് ഇന്ന് നിസാർ കുതിച്ചുയരുന്നത്. ജിയോ- സിൻക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി-എഫ് 16 ഉപയോഗിച്ചാണ് നിസാർ ഭ്രമണപഥത്തിലെത്തുക. ആദ്യമായാണ് സൂര്യ-സിൻക്രണസ് ഭ്രമണപഥത്തിലേയ്ക്ക് ഒരു ഉപഗ്രഹത്തെ എത്തിക്കുന്നത്.

“ഇന്നാണ് ജിഎസ്എൽവി-എഫ് 16 നിസാറിൻ്റെ വിക്ഷേപണ ദിവസം. ലോഞ്ചിങ് പാഡിൽ തലയുയർത്തി നിൽക്കുന്നുണ്ട് വിക്ഷേപണ സന്നദ്ധമായ ഉപഗ്രഹം. നിസാർ തയ്യാറാണ്.” ഐഎസ്ആർഒ എക്‌സിൽ കുറിച്ചു.

ദ്വീപുകൾ, മഞ്ഞുമലകൾ, സമുദ്രങ്ങൾ എന്നിവയുടെ ചിത്രം ഓരോ 12 ദിവസം കൂടുമ്പോൾ നിസാർ പകർത്തി വിവരങ്ങൾ നൽകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. “ലോകവുമായുള്ള ഇന്ത്യയുടെ ശാസ്ത്രീയ ഹസ്‌തദാനമാണ് ഈ ദൗത്യം” എന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ഉപഗ്രഹ വിക്ഷേപണത്തെ വിശേഷിപ്പിച്ചു.

സമുദ്രപ്രദേശങ്ങളെക്കുറിച്ചുള്ള പഠനം, ആവാസവ്യവസ്ഥ, പരിസ്ഥിതി നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഉപഗ്രഹ ദൗത്ത്യത്തിൻ്റെ പ്രധാന ലക്ഷ്യം. ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, ഭൂകമ്പങ്ങൾ, സുനാമികൾ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പരിഹാരം കണ്ടെത്താനും സഹായകമാകും. ജനാധിപത്യത്തെ പിൻതുടരുന്ന രണ്ട് രാജ്യങ്ങളുടെ വിജയമാണ് ഈ ഉപഗ്രഹം.

ശാസ്ത്രത്തിനും ആഗോളക്ഷമതയ്ക്കും പ്രതിജ്ഞാബദ്ധമായ രാജ്യങ്ങൾക്ക് ലഭിക്കുന്ന മികച്ച നേട്ടമാണിത്. ഭൂമിയുടെ ഉപരിതല ചലനങ്ങളിലെ സൂക്ഷമമായ മാറ്റങ്ങളെ പോലും ഈ ഉപഗ്രഹം നിരീക്ഷിക്കുമെന്നും ഇവയെല്ലാം സർക്കാരുൾപ്പെടെയുള്ളവർക്ക് ഉപകാരപ്രദമാകുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

നിസാർ നൽകുന്നത് ഓപ്പൺ സോഴ്‌സ് ഡാറ്റയാണ്. നിരീക്ഷണങ്ങൾക്ക് ശേഷം രണ്ടു ദിവസം വരെ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭിക്കുമെന്നതാണ് ദൗത്യത്തിൻ്റെ പ്രധാന സവിശേഷത.

നിസാർ ദൗത്യം: തത്സമയം കാണാം

അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത പദ്ധതിയായതിനാൽ ഇരു രാജ്യങ്ങളുടെ ബഹിരാകാശ ഏജൻസികളും ദൗത്യത്തിന്‍റെ വിക്ഷേപണം തത്സമയ സംപ്രേക്ഷണം ചെയ്യും. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണം ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് ആരംഭിക്കും. നാസ പ്ലസിനൊപ്പം നാസയുടെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സംപ്രേക്ഷണം ചെയ്യും. ഇന്ത്യൻ സമയം വൈകുന്നേരം 5:10 മുതലാണ് ഐഎസ്ആർഒയുടെ ലൈവ് സ്‌ട്രീമിങ് ആരംഭിക്കുക. ഇസ്രോയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയായിരിക്കും ലൈവ് സ്‌ട്രീമിങ്.

 

LEAVE A REPLY

Please enter your comment!
Please enter your name here