പ്രമേഹ ബാധിതരുടെ എണ്ണത്തിൽ ചൈന ഒന്നാം സ്ഥാനത്തും യുഎസ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. കൂടുതൽ പ്രവചനങ്ങളുമായി ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ.
ന്യൂഡൽഹി: ആരോഗ്യകാര്യത്തിൽ ഇന്ത്യക്കാർക്ക് വലിയ ശ്രദ്ധയില്ലെന്നാണ് പുതിയ പഠനം. ലേകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ് പഠനം. പ്രമേഹ രോഗികളായവരുടെ എണ്ണത്തിൽ 148 ദശലക്ഷവുമായി ചൈന ഒന്നാം സ്ഥാനത്തും 39 ദശലക്ഷവുമായി യുഎസ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നു. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചൈന, ഇന്ത്യ, യുഎസ്, പാകിസ്‌താൻ തുടങ്ങിയ വലിയ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ലോകമെമ്പാടുമുള്ള പ്രമേഹരോഗികളുടെ എണ്ണത്തിൽ വലിയൊരു പങ്ക് വഹിക്കുന്നതെന്ന് ബെൽജിയത്തിലെ ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ, ഇന്ത്യ ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ, ചെന്നൈയിലെ ഡോ. എ. രാമചന്ദ്രൻസ് ഡയബറ്റിസ് ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ പറയുന്നത്.
2050 ആകുമ്പോഴേക്കും പാകിസ്ഥാൻ യുഎസിനെ മറികടക്കുമെന്നും പഠനം പ്രവചിക്കുന്നു. ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ്റെ (ഐഡിഎഫ്) പതിനൊന്നാം പതിപ്പ് 2024-ലെ ദേശീയ, പ്രാദേശിക, ആഗോള തലത്തിലുള്ള പ്രമേഹ വ്യാപന കണക്കുകൾ വ്യക്തമാക്കുന്നു. 2050 വരെയുള്ള പ്രവചനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
2005 നും 2024 നും ഇടയിൽ നടത്തിയ 246 പഠനങ്ങൾ വിശകലനം ചെയ്‌തതിന് ശേഷമാണ് കണക്കുകൾ നൽകിയിരിക്കുന്നത്. ഇതിൽ ലോകത്തിലെ മുതിർന്നവരുടെ ജനസംഖ്യയുടെ 11 ശതമാനത്തിലധികം, അതായത് 20 നും 79 നും വയസിന് ഇടയിൽ പ്രായമുള്ള 589 ദശലക്ഷം മുതിർന്നവർക്ക് 2024-ൽ ഡയബറ്റിക് ബാധിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം 2050 ആകുമ്പോഴേക്കും ഏകദേശം 13 ശതമാനം മുതിർന്നവർക്ക്, അതായത് 853 ദശലക്ഷം ആളുകൾക്ക് ഡയബറ്റിസ് ബാധിക്കപ്പെടാൻ സാധ്യതയുള്ളതായും പഠനം പറയുന്നു.
“ലോകമെമ്പാടുമുള്ള പ്രമേഹമുള്ള രോഗികളുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞു. 2050 ആകുമ്പോഴേക്കും ഇത് 900 ദശലക്ഷത്തിനടുത്ത് ഉയരുമെന്ന് കാണുന്നു. 2024-ൽ 20 നും 79 നും ഇടയിലുള്ള പ്രായക്കാരിൽ ഏറ്റവുമധികം പ്രമേഹമുള്ളവർ ചൈനയിലാണ്. 148 ദശലക്ഷം ആളുകൾ. പിന്നിൽ ഇന്ത്യയും (90 ദശലക്ഷം) യുഎസും (39 ദശലക്ഷം)”, എന്ന് 2024 ലെ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രമേഹ വ്യാപനം വർധിക്കുന്നുവെന്ന് ഗവേഷകർ
2024-ൽ ലോകത്തിലെ പ്രമേഹ ബാധിതരുടെ അഞ്ചിൽ നാല് ഭാഗവും (80.64 ശതമാനം) ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. 2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ പ്രമേഹരോഗികളുടെ വർധനവിൻ്റെ 95 ശതമാനത്തിലധികവും ഈ രാജ്യങ്ങളിൽ കാണപ്പെടുമെന്ന് പ്രതീക്ഷിക്കാം. ജനസംഖ്യാവർധനവ്, തുടർച്ചയായ നഗരവത്ക്കരണം എന്നിവ രോഗത്തിന് പ്രധാന കാരണമാകുന്നു. ഇത് മൂലം രോഗബാധിതരുടെ എണ്ണം വർധിക്കുന്നു എന്ന് ഗവേഷകർ പറയുന്നു.
ലോകത്തിലെ 75 നും 79 നും ഇടയിൽ പ്രായമുള്ളവരിൽ പ്രമേഹത്തിൻ്റെ വ്യാപനം ഏകദേശം 25 ശതമാനമായി ഉയർന്നതായി കണ്ടെത്തിയിരിക്കുന്നു. നഗരപ്രദേശങ്ങളിലെ പുരിഷന്മാർക്കാണ് പ്രമേഹവ്യാപനം കൂടുതലെന്നും പഠനം കണ്ടെത്തുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം. 20 നും 79 നും ഇടയിൽ പ്രായമുള്ളവരിൽ 11.46 ശതമാനം രോഗ വ്യാപനമാണ് നിർണയിക്കപ്പെട്ടിരിക്കുന്നത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 10.21 ശതമാനവും മറ്റ് രാജ്യങ്ങളിൽ 7.49 ശതമാനവുമാണ്. തുടർന്ന് പ്രമേഹവ്യാപനം നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതകളും പഠനം മുൻപോട്ട് വച്ചു. ഇതിനായി അനുയോജ്യമായ നടപടികൾ ആവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.







