അപൂർവ്വ കാഴ്‌ച സമ്മാനിച്ച് ലഡാക്കില്‍ ഒരു ഗ്രാമം; വാനനിരീക്ഷണത്തിന് ഇതിലും നല്ല ഇടമില്ല.

0
55

ലേയിൽ നിന്ന് ഏകദേശം 275 കിലോമീറ്റർ അകലയായി സ്ഥിതി ചെയ്യുന്ന ലഡാക്കിലെ മനോഹര ഗ്രാമമായ ഹാൻലെയാണ് ഇപ്പോൾ വിനോദ സഞ്ചാരികളുടെ ഇഷ്‌ടയിടം.

ലഡാക്ക്: രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ മുൻപന്തിയിലാണ് ‘ഉയർന്ന ചുരങ്ങളുടെ നാടായ’ ലഡാക്ക്. ബൈക്ക് യാത്രികരുടെയും സാഹസികരുടെയും സ്ഥിരം സന്ദർശന സ്ഥലവും കൂടിയാണ് ലേ ലഡാക്ക്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള കിഴക്കൻ ലഡാക്കിലെ ഗ്രാമമാണ് ഇപ്പോൾ വിനോദ സഞ്ചാരികളുടെ മുഖ്യാകർഷണം. ലേയിൽ നിന്ന് ഏകദേശം 275 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ മനോഹര ഗ്രാമമായ ഹാൻലെയാണ് ഇപ്പോൾ വിനോദ സഞ്ചാരികളുടെ ഇഷ്‌ടയിടം.

മനം മയക്കുന്ന പ്രകൃതി ദ്യശ്യത്താൽ ഏറെ നാളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഗ്രാമമാണ് ഹാൻലെ. ബുദ്ധമതാശ്രമങ്ങൾ, വാനനിരീക്ഷണ കേന്ദ്രം തുടങ്ങി മികച്ച കാഴ്‌ചാനുഭവം നൽകുന്ന വിനോദ സഞ്ചാരയിടങ്ങളുമുണ്ട് ഹാൻലെയിൽ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ ചുരങ്ങളിൽ ഒന്നായ ഉംലിങ് ലായിലേക്കുള്ള സഞ്ചാരികൾ കടന്നു പോകുന്നത് ഹാൻലെ ഗ്രാമത്തിലൂടെയാണ്.

വിദേശ വിനോദസഞ്ചാരികൾക്ക് ഹാൻലെയിൽ ഒരു രാത്രി താമസിക്കാനുള്ള അവസരം അടുത്തിടെ സർക്കാർ നൽകിയിരുന്നു. ഇത് ഗ്രാമത്തിലെ വിനോദസഞ്ചാര സാധ്യതയ്ക്ക് കൂടുതൽ പ്രചോദനം നൽകി. വിനോദസഞ്ചാരികളുടെ വർധനവ് ഉണ്ടാകുമ്പോൾ ഗ്രാമവും പുരോഗമനം കൈവരിക്കുന്നു. മെച്ചപ്പെട്ട വരുമാനവും അവസരങ്ങളും ഗ്രാമീണർക്ക് ലഭിക്കുന്നു. എന്നാൽ വിനോദസഞ്ചാരികളുടെ ക്രമാതീതമായ കടന്നുവരവോടെ തങ്ങളുടെ സ്വതസിദ്ധമായ സംസ്‌കാരവും പൈതൃകവും കൈമോശം വരുമോ എന്ന ആശങ്കയിലാണ് ഗ്രാമീണർ.

“2008 ലാണ് ടൂറിസത്തിനായി ഹാൻലെ ആദ്യമായി തുറന്നുകൊടുക്കുന്നത്. പക്ഷേ 2013 ഓടെയാണ് വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത്. വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം ഹാൻലെയിലെ വാനനിരീക്ഷണ കേന്ദ്രമായിരുന്നു. നിരവധി വാനനിരീക്ഷണ ഫോട്ടോഗ്രാഫർമാർ സന്ദർശിക്കാൻ തുടങ്ങിയതിന് ശേഷമാണ് നക്ഷത്രനിരീക്ഷണം ഇവിടുത്തെ പ്രധാന ആകർഷണമായി മാറിയത്.” പ്രദേശവാസിയായ സോനം ഡോർജെ പറഞ്ഞു.

ആകർഷണമായി വാനനിരീക്ഷണ കേന്ദ്രം

മേഘാവൃതമല്ലാത്ത ആകാശമെന്ന പ്രത്യേകതയാണ് ഹാൻലെയെ വാനനിരീക്ഷണത്തിന് അനുയോജ്യമാക്കുന്നത്. ഏഷ്യയിൽ തന്നെ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ വാനനിരീക്ഷണം നടത്താൻ സാധിക്കുന്ന ഇടമാണ് ഹാൻലെ. ലോകത്തിലെ ഏറ്റവും ഉയർന്ന വാനനിരീക്ഷണ കേന്ദ്രങ്ങളിലൊന്ന് ഹാൻലെയിലാണ് സ്ഥിതി ചെയ്യുന്നത്.

പ്രകൃതി സൗന്ദര്യത്തിൻ്റെയും ജ്യോതിശാസ്ത്ര അത്ഭുതങ്ങളുടെയും സവിശേഷത വാഗ്‌ദാനം ചെയ്യുന്ന ഗ്രാമം അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ടതാണ്. രാത്രി കാലങ്ങളിൽ ഹാൻലെയിലെ ആകാശങ്ങൾ മേഘാവൃതമായിരിക്കില്ല. ഇതിനാലാണ് നക്ഷത്രനിരീക്ഷണത്തിനും പഠനങ്ങൾക്കും ഹാൻലെ തെരഞ്ഞെടുക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

അപൂർവ്വയിനം വന്യമൃഗങ്ങളുമായി ഹാൻലെയിലെ കാഴ്‌ചകൾ

പല്ലാസ് പൂച്ച, ടിബറ്റൻ ഗാസലെ, ടിബറ്റൻ സാൻഡ് കുറുക്കൻ, ടിബറ്റൻ വൈൽഡ് ആസ് (കിയാങ്), മാർമോട്ട്, അർഗാലി, തുടങ്ങിയ അപൂർവ ജീവികളെ ഹാൻലെ ഗ്രാമത്തിൽ കാണാനാകും. മേച്ചിൽപ്പുറങ്ങളിൽ വൃത്യസ്‌തയിനം കൊക്കുകളെ കാണാൻ കഴിയും. കൂടാതെ 70-ലധികം ഇനം പക്ഷികൾ ഈ പ്രദേശത്തിലുണ്ടെന്നത് ഈ സ്ഥലത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്.

വിനോദ സഞ്ചാരികൾ ഹാൻലെയിലേയ്ക്ക് വരുന്നതിൻ്റെ പ്രധാനകാരണം ഗ്രാമത്തിലെ പ്രകൃതി സൗന്ദര്യമാണ്. ഇവയെ മറ്റൊരു തരത്തിലും ചൂഷണം ചെയ്യപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടത് ഗ്രാമീണരുടെ കടമയാണ്. പ്രകൃതി സംരക്ഷണവും വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതു പോലെ പ്രധാനമാണെന്ന് പ്രദേശവാസിയായ സോനം ഡോർജെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here