കോയമ്പത്തൂർ : കോയമ്പത്തൂരിൽ പെൺവാണിഭ സംഘം തടവിൽ പാർപ്പിച്ചിരുന്ന യുവതിയെ രക്ഷിച്ച് പൊലീസ്. കർണാടക സ്വദേശിനിയായ 22കാരിയെയാണ് കോയമ്പത്തൂർ പൊലീസ് രക്ഷപ്പെടുത്തിയത്. കോയമ്പത്തൂരിലെ ഊട്ടി റോഡിലെ ഹോട്ടലിലെ രഹസ്യ മുറിയിൽ അടച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളാർ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ശരണ്യ ലോഡ്ജിൽ ബുധനാഴ്ച പൊലീസ് റെയ്ഡ് നടത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചു പൂട്ടിയ നിലയിലായിരുന്നു സ്ഥാപനം. ഈ നടത്തിപ്പുകാരനും സഹായിയും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. തുടർന്ന് ആളൊഴിഞ്ഞ മുറികളും മറ്റും പൊലീസ് പരിശോധിച്ചു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് തെരച്ചിൽ നിർത്തി മടങ്ങാൻ ഒരുങ്ങുന്നതിനിടെ സംഘത്തിൽപ്പെട്ട ഒരു പൊലീസുകാരന് ചുമരിൽ പതിച്ചിരുന്ന കണ്ണാടിയെ കുറിച്ച് സംശയം തോന്നുകയും,കണ്ണാടിക്ക് പിറകിൽ ഒരാൾക്ക് നൂഴ്‌നിന്നിറങ്ങാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇടുങ്ങിയ മുറിയിൽ യുവതിയെ കണ്ടെത്തിയത്
രക്ഷപ്പെടുത്തിയ പെൺകുട്ടിയെ പൊലീസുകാർ സർക്കാർ അഗതിമന്ദിരത്തിലേക്ക് മാറ്റി. ലോഡ്ജ് നടത്തിപ്പുകാരൻ മഹേന്ദ്രനേയും സഹായി ഗണേശനേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.