സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് ചുമതല നൽകാൻ ശുപാർശ. കാവുകളുടെ സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി (2021–23) സ്വതന്ത്ര പഠനം നടത്തി തയാറാക്കിയ റിപോർട്ടിലാണ് ഇത്.
പഠന റിപോർട്ട് നിയമസഭയിൽ സമർപ്പിച്ചു. പുതുതായി രൂപീകരിക്കുന്ന വകുപ്പിനു കീഴിൽ കാവുകളുടെയും അനുബന്ധ ജലസ്രോതസുകളുടെയും സംരക്ഷണ–പരിപാലന–നവീകരണ പ്രവർത്തനങ്ങൾ, പദ്ധതികൾ എന്നിവ നിയന്ത്രിക്കുന്നതിന് അതോറിറ്റി രൂപീകരിക്കുന്നതിന് നിയമനിർമാണം നടത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
റിപോർട്ടിലെ മറ്റു ശുപാർശകൾ
കാവ് എന്ന വാക്കിന് നിർവചനം തയാറാക്കണം. ∙ പീപ്പിൾസ് ബയോ ഡൈവേഴ്സിറ്റി റജിസ്റ്ററിലെ വിവരങ്ങൾ ഉപയോഗപ്പെടുത്തി കാവുകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. ∙ ഇക്കോ–ടൂറിസവുമായി ബന്ധപ്പെടുത്തി ‘അരോമ ടൂറിസം’ പോലുള്ള വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുക.
കാവുകളിൽ നിന്നു നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്ത് അതിർത്തികൾ കൃത്യമായി നിർണയിക്കണം. കാവുകളിൽ തദ്ദേശീയമായ സസ്യങ്ങളും വൃക്ഷങ്ങളും ഉപയോഗിച്ച് ജൈവ വേലി സ്ഥാപിക്കണം.∙ കാവുകളിൽ കാണപ്പെടുന്ന അപൂർവ ഇനം വൃക്ഷ–ലതാദികളുടെ ഒരു ജീൻ ബാങ്ക് തയാറാക്കി, നാശോൻമുഖമാകാൻ സാധ്യതയുള്ളവയെ സംരക്ഷിക്കുക.കാവുകളെക്കുറിച്ചുള്ള കണക്കെടുപ്പ് നടത്താൻ കമ്മിറ്റി രൂപീകരിക്കണം.
കാവുകളുടെ ഉടമസ്ഥതയുടെ പേരിലുള്ള സങ്കീർണത ഒഴിവാക്കുന്നതിനും കാവു സംരക്ഷണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിന് റവന്യു വകുപ്പിന്റെ മേൽനോട്ടത്തിൽ വനം–പരിസ്ഥിതി–സാംസ്കാരിക, പുരാവസ്തു–തദ്ദേശ വകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടി സ്വീകരിക്കണം.
കാവുകളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കിൽ വകപ്പുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നതിനാൽ വനം–റവന്യു, പരിസ്ഥിതി, തദ്ദേശ എന്നീ വകുപ്പുകൾ പഠനം നടത്തി ഓരോ വകുപ്പിന്റെ കീഴിലുള്ള കാവുകളുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കണം. വനം വകുപ്പ് ഇതു ക്രോഡീകരിക്കണം.
കാവുകളിലെ പഴക്കമുള്ള വൻമരങ്ങൾ അന്യം നിന്നു പോകാതെ തൈകൾ ഉൽപാദിപ്പിച്ച് സംരക്ഷിക്കണം. ∙ കാവുകളിലെ സ്വാഭാവിക ജലസ്രോതസ്സുകൾ മലിനമാകാതെ സംരക്ഷിക്കുകയും തനിമ നിലനിർത്തുന്നതിന് തദ്ദേശ–ജലവിഭവ വകുപ്പുകൾ പദ്ധതികൾ ആവിഷ്കരിക്കണം. കാവുകൾ സംരക്ഷിക്കുന്നവർക്ക് ഹരിത അവാർഡുകൾ ഏർപ്പെടുത്തണം. ∙
കാവുകളിലേക്ക് പുറംതള്ളുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ–ജൈവ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം ലഭിച്ച തൊഴിലാളികളെ നിയോഗിക്കണം.
സംസ്ഥാനത്തെ കാവുകളുടെ വിസ്തൃതി, ലൊക്കേഷൻ, അവയിലെ ജീവികൾ, വൃക്ഷങ്ങൾ, സസ്യലതാദികൾ, ജലസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് സമഗ്ര ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം രൂപീകരിക്കണം.