ചെന്നൈ: ജാതി അധിക്ഷേപത്തിനെതിരെ പരാതിപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സഹോദരങ്ങളെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്‌കൂളുകളിലെ ജാതിവെറി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി കെ ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി കമ്മിറ്റി അധ്യക്ഷന്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജാതി അധിക്ഷേപത്തിനെതിരെ പരാതിപ്പെട്ടതിന് ദളിത് വിദ്യാര്‍ത്ഥികളായ സഹോദരങ്ങളെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വീടുകയറി ആക്രമിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയെ നിയമിച്ചത്. 17 വയസ്സുള്ള ആണ്‍കുട്ടിയും പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുമാണ് ആക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. അരിവാള്‍ ഉപയോഗിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഇവരെ ആക്രമിച്ചത്.
തമിഴ്‌നാട്ടിലെ വല്ലിയൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് നേരെ ജാതി അധിക്ഷേപം നടത്തിയിരുന്നു. ഇക്കാര്യം കുട്ടികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു.തുടര്‍ന്ന് കുട്ടിയെ അധിക്ഷേപിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ വിളിപ്പിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രിയോടെ 3 വിദ്യാര്‍ത്ഥികള്‍ ആണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയിരുന്നു. ഇവര്‍ കുട്ടിയെ ആക്രമിക്കാനും തുടങ്ങി. ആണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് തടുക്കാനെത്തിയ സഹോദരിയേയും സംഘം ക്രൂരമായി ആക്രമിച്ചു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ തിരുനെല്‍വേലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ ആറ് വിദ്യാര്‍ത്ഥികളെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് സൂപ്രണ്ട് എന്‍ സിലമ്പരശന്‍ പറഞ്ഞു. ഇവരെ ജുവൈനല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അരിവാളുമായി എത്തിയാണ് സംഘം കുട്ടികളെ ആക്രമിച്ചത്. ആണ്‍കുട്ടിയുടെ ശരീരത്തില്‍ ഏകദേശം 15 മുറിവുകളുണ്ട്. സഹോദരിയുടെ ശരീരത്തില്‍ അഞ്ചിടത്താണ് മുറിവേറ്റതെന്നും പോലീസ് അറിയിച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നാലെ കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അതിനിടെ കുട്ടികളുടെ ബന്ധുമായ അറുപതുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചതും പ്രതിഷേധം ആളിക്കത്തിച്ചു.
അതേസമയം ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു.”സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ അല്ല. ആ സഹോദരങ്ങളുടെ മൂത്ത ജ്യേഷ്ഠനെന്ന നിലയില്‍ അവരുടെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും തുല്യരായി കാണാന്‍ വിദ്യാര്‍ത്ഥി സമൂഹം ശീലിക്കണമെന്നും അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു. തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ രാജ്യത്തുടനീളം അംഗീകരിക്കപ്പെടുന്ന സമയത്താണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പും തിരുനെല്‍വേലിയിലെ സ്‌കൂളുകളില്‍ ജാതിയുടെ പേരില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചില ഉത്തരവുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 2015ല്‍ ജാതി തിരിച്ചറിയുന്ന റിസ്റ്റ് ബാന്‍ഡുകളും മറ്റ് അടയാളങ്ങളും സ്‌കൂളില്‍ നിരോധിച്ച് കൊണ്ട് ജില്ലാകളക്ടര്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ നിറമുള്ള ടി-ഷര്‍ട്ടുകളും പാന്റുകളും സ്‌കൂളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.
2019ല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ റിസ്റ്റ് ബാന്‍ഡ് ധരിക്കുന്നത് നിരോധിച്ച് കൊണ്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അത്തരം രീതികളൊന്നും നിലവില്‍ ഇല്ലെന്ന് പറഞ്ഞ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഈ വിജ്ഞാപനം അസാധുവാക്കി.
2022 മെയില്‍ സംസ്ഥാനത്തെ ഒരു സ്‌കൂളിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ 17കാരന്‍ കൊല്ലപ്പെട്ടതും വാര്‍ത്തയായിരുന്നു. ഒബിസി വിഭാഗമായ തേവര്‍ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ജൂനിയറായ ദളിത് വിദ്യാര്‍ത്ഥി റിസ്റ്റ് ബാന്‍ഡ് ധരിച്ചതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പിന്നീട് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു.