പ്ലസ് വൺ പ്രവേശനത്തിന് 29 മുതൽ അപേക്ഷിക്കാം

0
94

തിരുവനന്തപുരം: ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 29 മുതൽ ആരംഭിക്കും. ജില്ലയിൽ എസ്എസ് എൽ സി പരീക്ഷ എഴുതിയവരിൽ ഉപരിപഠന യോഗ്യത നേടിയ 34771 വിദ്യാർത്ഥികളാണ് പ്രവേശനം നേടാൻ കാത്തിരിക്കുന്നത്. ഇതിൽ 17509 പേർ ആൺകുട്ടികളും 17262പേർ പെൺകുട്ടികളുമാണ്.
മുൻവർഷങ്ങളിലെപ്പോലെ ഓൺലൈനായി ഏകജാലക സംവിധാനത്തിൽത്തന്നെയാകും പ്രവേശന നടപടികൾ. അപേക്ഷിക്കാൻ കൂടുതൽ ദിവസം അനുവദിക്കും. 202 ഹയർ സെക്കന്ററി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതിൽ 76 എണ്ണം ഗവൺമെന്റും 93 എണ്ണം എയ്ഡഡും 33 എണ്ണം അൺഎയ്ഡഡുമാണ്. സർക്കാർ, എയ്ഡഡ് മേഖലകളിലായി 32,650 പ്ലസ് വൺ സീറ്റാണ് ജില്ലയിലുള്ളത്. ഹയർസെക്കന്ററി സ്‌കൂളുകളിലായി ആകെ 653 ബാച്ചുകളാണ് നിലവിലുള്ളത്. ഇതിൽ 354 എണ്ണം സയൻസും 107 എണ്ണം ഹ്യൂമാനിറ്റീസും 192 എണ്ണം കോമേഴ്സ് ഗ്രൂപ്പുകളുമാണ്. ഏറ്റവുമധികം ബാച്ചുകൾ അലോട്ട്മെന്റ് ചെയ്ത സ്‌കൂൾ പുതുക്കാട് സെന്റ് ആന്റണീസിലാണ്. 10 ബാച്ചുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ ആനുപാതിക സീറ്റ് വർദ്ധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് മാത്രമേ അലോട്ട്മെന്റ് ഘട്ടത്തിൽ തീരുമാനമുണ്ടാകൂ.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അല്ലെങ്കിൽ സ്വയമോ ഏകജാലക വിന്റോവായ hscap.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റിൽ കയറി അഡ്മിഷൻ ലിങ്ക് ഓപ്പൺ ചെയ്ത് എസ് എസ് എൽ സി രജിസ്റ്റർ നമ്പർ നൽകണം. സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാർത്ഥികൾക്ക് അവരുടെ പേര് വിവരങ്ങൾ സ്വയം ടൈപ്പ് ചെയ്ത് നൽകണം. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എല്ലാ സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവേശനം. ട്രയൽ അലോട്ട്‌മെന്റ് കൂടാതെ അലോട്ട്‌മെന്റുകളും സപ്ലിമെന്ററി അലോട്ടുമെന്റുകളും ഉണ്ടാകും. സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ കഴിഞ്ഞ വർഷം രണ്ട് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നു.

മെറിറ്റ് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ സ്‌പോർട്ട് കൗൺസിലിൽ ആദ്യ രജിസ്‌ട്രേഷൻ നടത്തണം. കൗൺസിൽ നൽകുന്ന സ്‌കോർ കാർഡ് അടക്കം ഏകജാലക രജിസ്‌ട്രേഷൻ നടത്തണം. ഭിന്നശേഷിയുള്ള കുട്ടികൾക്ക് അവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സാധാരണ പോലെ അപേക്ഷിക്കാൻ അവസരമുണ്ടാകും. പ്രവേശന സമയത്ത് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ വിവരങ്ങൾ തെറ്റ് കൂടാതെ നൽകാൻ ശ്രമിക്കണം. അഡ്മിഷന് അപേക്ഷിക്കുന്ന സ്‌കൂൾ കോഡും തെറ്റ് കൂടാതെ നൽകണം. പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പിൽ രക്ഷിതാവും വിദ്യാർഥിയും ഒപ്പിട്ട ശേഷം എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ കോപ്പി സഹിതം സ്‌കൂളിൽ വെരിഫിക്കേഷന് നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഹയർസെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എം കരീം-9447437 201, അസിസ്റ്റൻറ് കോർഡിനേറ്റർ, ഷാജു. ഇ.ഡി – 9446229366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here