മുംബൈ: ഐസിഐസിഐ ബാങ്കിന്റെ 0.006 ശതമാനം ഓഹരികൾ ചൈന സ്വന്തമാക്കി. 15 കോടി രൂപയാണ് ഇതിനായി ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന മുടക്കിയത്. ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ മൂലധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് നിക്ഷേപം.
പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുപുറമെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉള്‍പ്പടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. സിംഗപൂര്‍ സര്‍ക്കാര്‍, മോര്ഗന് ഇന്‍വെസ്റ്റ്മന്റ് തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്.
നേരത്തെ, എച്ച്ഡിഎഫ്സിയിലും ചൈനയുടെ കേന്ദ്ര ബാങ്ക് ഓഹരി പങ്കാളിത്തം നേടിയിരുന്നു. എച്ച്ഡിഎഫ്സിയുടെ ഒരു ശതമാനം ഓഹരിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ പിപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സ്വന്തമാക്കിയത്.