ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ച് ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോക രാഷ്ട്രീയ രംഗത്ത് സൈനിക ചെലവുകൾ റെക്കോർഡ് തലത്തിൽ വർധ്ധിച്ചിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ സംഘർഷങ്ങളും രാഷ്ട്രീയപരമായ പ്രശ്നങ്ങളും വർധിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.4% വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തികളിൽ സംഘർഷം നിലനിൽക്കുന്ന ഈ നിർണായക സമയത്താണ് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്.
പാകിസ്താനുമായി അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നു. കിഴക്കൻ ലഡാക്കിൽ നിന്ന് സൈന്യത്തെ പിൻവലിച്ചെങ്കിലും ചൈന ഒരു ലക്ഷത്തിലധികം സൈനികരെ നിയന്ത്രണരേഖയിൽ വിന്യസിച്ചിട്ടുണ്ട്.
യുഎസ് ($997 ബില്യൺ), ചൈന ($314 ബില്യൺ), റഷ്യ ($149 ബില്യൺ), ജർമ്മനി ($88 ബില്യൺ), ഇന്ത്യ ($86 ബില്യൺ), യുകെ ($82 ബില്യൺ), സൗദി അറേബ്യ ($80 ബില്യൺ), ഉക്രെയ്ൻ ($65 ബില്യൺ), ഫ്രാൻസ് ($65 ബില്യൺ), ജപ്പാൻ ($55 ബില്യൺ) എന്നീ രാജ്യങ്ങളാണ് റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സൈനിക ചിലവ് നടത്തുന്ന ആദ്യ പത്ത് രാജ്യങ്ങൾ.
അതേസമയം, പാകിസ്ഥാൻ ഈ പട്ടികയിൽ 29-ാം സ്ഥാനത്താണ്. അവരുടെ സൈനിക ചിലവ് ഏകദേശം $10 ബില്യൺ ആണ്, ഇത് ഇന്ത്യയുടെ സൈനിക ചിലവിനേക്കാൾ ഒൻപത് മടങ്ങ് കുറവാണ്. ചൈനയുടെ സൈനിക ചിലവാകട്ടെ ഇന്ത്യയുടെ നാലിരട്ടിയാണ്. ഇന്ത്യ ഒരു വലിയ സൈനിക ശക്തിയാണെങ്കിലും, അതിന്റെ സാമ്പത്തിക ശേഷി പൂർണ്ണമായി ഉപയോഗിക്കുന്നതിൽ പിന്നോട്ട് പോവുകയാണ്.
025-26 ലെ പ്രതിരോധ ബഡ്ജറ്റിൽ നിന്ന് ഏകദേശം 22% തുക മാത്രമാണ് പുതിയ ആയുധങ്ങൾ വാങ്ങാൻ മാറ്റിവെക്കുന്നത്. ബാക്കിയുള്ള തുക സൈനികരുടെ ശമ്പളത്തിനും മറ്റു ദൈനംദിന ചിലവുകൾക്കുമായി ഉപയോഗിക്കുന്നു. ഏകദേശം 1.4 മില്യൺ സൈനികരും 3.4 മില്യൺ വിമുക്ത ഭടന്മാരും രാജ്യത്തിനുണ്ട്.