‘ പാകിസ്താന്‍ തെമ്മാടി രാജ്യം ‘ ; ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

0
22

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വര്‍ക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്.

പാകിസ്താന്‍ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ് എന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിമര്‍ശിച്ചത്. ഇതിനെ ഒരു തുറന്ന കുറ്റസമ്മതം എന്നാണ് യോജ്‌ന പട്ടേല്‍ വിമര്‍ശിച്ചത്.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പിന്തുച്ച ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും പട്ടേല്‍ നന്ദി അറിയിച്ചു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള നേതാക്കളും സര്‍ക്കാരുകളും നല്‍കിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യയുടെ നന്ദി. അന്താരാഷ്ട്ര സമൂഹം ഭീകരതയോട് കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണ് ഈ പിന്തുണ- അവര്‍ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ ഇര എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഇരകള്‍, കുടുംബം, സമൂഹം എന്നിവയിലുണ്ടാകുന്ന ദീര്‍ഘകാര പ്രത്യാഘാതങ്ങള്‍ ഇന്ത്യ മനസിലാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും, സംഘാടകരെയും, ധനസഹായം നല്‍കുന്നവരെയും, സ്‌പോണ്‍സര്‍മാരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെയായാലും എപ്പോഴായാലും ന്യായീകരിക്കാനാവാത്തതാണ്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും നിസംശയം അപലപിക്കേണ്ടതാണ് – അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here