എല്ലാ ഐശ്വര്യത്തിനും സാക്ഷി RNC 816; വിവാഹ പന്തലിലും കെ.എസ്.ആർ.ടി.സി. ബസ് എത്തിച്ച് അഖിൽ

0
62

ജീവിതത്തിലെ നല്ലതൊക്കെയും സംഭവിച്ചത് പൊൻകുന്നം ഡിപ്പോയിലെ ആർ.എൻ.സി.816 എന്ന ബസിലെ യാത്രയ്ക്കിടയിൽ; അതുകൊണ്ടുതന്നെ പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ ആ ബസിനെ മറക്കാനാകാതെ വിവാഹപ്പന്തലിലേക്ക് കൂട്ടായി വിളിച്ചു… തമ്പലക്കാട് എൻ.എസ്.എസ്.യു.പി.സ്കൂളിലെ അധ്യാപകൻ അഖിൽ എസ്.നായർ മേയ് രണ്ടിന് തന്റെ വിവാഹയാത്രയ്ക്ക് പ്രിയപ്പെട്ട ആർ.എൻ.സി.816 ബസുൾപ്പെടെ നാല് ട്രാൻസ്പോർട്ട് ബസാണ് ഏർപ്പാടാക്കിയത്.

അന്തീനാട് പൊട്ടനാനിക്കൽ സുദർശനൻ നായരുടെയും രമാദേവിയുടെയും മകൾ സുചിത്രയുമായി മേയ് രണ്ടിന് അന്തീനാട് ക്ഷേത്രത്തിലാണ് വിവാഹം. വിവാഹശേഷം അഖിലിന് ഏറ്റവും പ്രിയപ്പെട്ട ആർ.എൻ.സി.816 ബസിലാവും വധൂവരന്മാർ ചിറക്കടവിലെ ചിറയ്ക്കൽപുതുവയൽ വീട്ടിലേക്ക് എത്തുന്നത്. അഖിലിന്റെ തീരുമാനത്തിന് അച്ഛൻ ശിവദാസൻ നായരും അമ്മ മായാദേവിയും പിന്തുണയേകി. വധുവിന്റെ അച്ഛനമ്മമാർക്കും സന്തോഷമേയുള്ളൂ അഖിലിന്റെ തീരുമാനത്തിൽ. 9600 രൂപയാണ് ഓരോ ബസിനും കെ.എസ്.ആർ.ടി.സി.യിൽ അടച്ച് ബുക്കുചെയ്തത്.

നേരത്തേ കളിയിക്കാവിള റൂട്ടിലും ആലപ്പുഴ റൂട്ടിലും സർവീസ് നടത്തിയിരുന്ന ഈ ബസിലായിരുന്നു പഠനകാലയളവിൽ അഖിലിന്റെ യാത്ര. അന്നുമുതൽ തുടങ്ങിയ പ്രണയമാണ് 816 നമ്പർ ബസിനോടും ആനവണ്ടിയോടും. ചെങ്ങന്നൂർ തന്ത്രവിദ്യാപീഠത്തിലെ അധ്യയന കാലയളവിൽ പൊൻകുന്നത്തുനിന്ന് ഈ ബസിലായിരുന്നു പതിവുയാത്ര. തമ്പലക്കാട് സ്കൂളിൽ നിയമനം കിട്ടിയതും ഈ ബസിലെ യാത്രാകാലയളവിൽ. ആദ്യശമ്പളം അക്കൗണ്ടിൽ എത്തിയതിന്റെ സന്ദേശം ലഭിച്ചതും ബസ് യാത്രയ്ക്കിടെ.

പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളേജിൽനിന്ന് ടി.ടി.സി.യും തിരുപ്പതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദവും നേടിയതിന് ശേഷം ചിറക്കടവ് യു.പി.സ്കൂൾ, പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പിന്നീടാണ് തമ്പലക്കാട് സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചത്.

ജീവിതത്തിൽ സുരക്ഷിതമായ ഇടങ്ങളെല്ലാം സമ്മാനിച്ചത് വിവിധ റൂട്ടുകളിൽ സർവീസ് നടത്തിയ ഈ ബസിലെ പതിവുയാത്രകളിലെ ഊർജവും ബന്ധങ്ങളുമാണെന്നാണ് അഖിലിന്റെ പക്ഷം.

LEAVE A REPLY

Please enter your comment!
Please enter your name here