മഞ്ചേരി: കേരളവും ബംഗാളും. കാൽപ്പന്തും കലയും കമ്യൂണിസവും കൊണ്ട് ഇന്ത്യയിൽ വേറിട്ടുനിന്ന രണ്ട് ഭൂപ്രദേശങ്ങൾ. പോരാട്ടങ്ങൾ ഒട്ടേറെ കണ്ടവർ. പൊരുതാതെ അവർ കീഴടങ്ങില്ല. തോൽവിയിൽ തളരുകയുമില്ല.പ്ലാറ്റിനം ജൂബിലി സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ കേരളവും ബംഗാളും മുഖാമുഖം വരുമ്പോൾ കിരീടം കാത്തിരിക്കുന്നത് യഥാർഥ പോരാളികളെ. തിങ്കളാഴ്ച രാത്രി എട്ടുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഞായാറാഴ്ച മലപ്പുറം കോട്ടക്കുന്നിന്റെ രണഭൂമിയിലായിരുന്നു കേരള ക്യാപ്റ്റൻ ജിജോ ജോസഫും ബംഗാൾ നായകൻ മനതോഷ് ചക്ലദാറും ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനായി അണിനിരന്നത്. കോട്ടക്കുന്നിലെ പോരാട്ടത്തിന്റെയും പോരാളികളുടെയും രണവീര്യം ഇവരിൽ അലിഞ്ഞുചേർന്നാൽ, പയ്യനാട് സ്റ്റേഡിയം തിങ്കളാഴ്ച മറ്റൊരു പോർക്കളമാകും.