ചെന്നൈ: തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷികള്‍ക്കൊപ്പം നില്‍ക്കാതെ മുന്നാം മുന്നണി ലക്ഷ്യമിട്ട് സിനിമാ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. സൂപ്പര്‍ താരം രജനികാന്തിന്റെ പിന്തുണയ്ക്കായി കമല്‍ താത്പര്യം പ്രകടിപ്പിച്ചു. രജനികാന്ത് പാര്‍ട്ടി രൂപീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പിന്തുണ തേടുമെന്നും കമല്‍ പറഞ്ഞു.
രജനികാന്തിന്റെ ആരോഗ്യം തന്നെയാണ് പ്രധാനം. എന്നാല്‍ നല്ല ആളുകളെ ഒപ്പം നിര്‍ത്തേണ്ടത് ജനാധിപത്യത്തിന്റെ കടമയാണ്. മൂന്നാം മുന്നണിയാണ് ലക്ഷ്യമിടുന്നത്. അഴിമതിയില്ലാത്ത നല്ല ആളുകളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മറ്റ് പാര്‍ട്ടികളില്‍ അസംതൃപ്തരായ സത്യസന്ധരായ നേതാക്കളെ സ്വാഗതം ചെയ്യുന്നു.രാഷ്ട്രീയ സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുഴുവന്‍ കാര്യങ്ങളും മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ല. രജനികാന്തിനോടുള്ള തന്റെ സ്‌നേഹം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
നേരത്തെ, കോവിഡ് സാഹചര്യവും ആരോഗ്യനിലയും കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് രജനികാന്ത് വ്യക്തമാക്കിയിരുന്നു. വൃക്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ തനിക്ക് വിശ്രമം ആവശ്യമാണ് എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം എന്നായിരുന്നു രജനിയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ രജനി രാഷ്ട്രീയത്തിലേക്ക് കടന്നുവരണം എന്നാവശ്യപ്പെടട്ട് തമിഴ്‌നാട്ടില്‍ ഫാന്‍സ് അസോസിയേഷനുകള്‍ വന്‍ പ്രചാരണമാണ് നടത്തുന്നത്.