ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

0
36

ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. രാജ്യസഭയിലും ബില്ലിനെ എതിർക്കുമെന്ന് ബി ജെ ഡി രാജ്യസഭാംഗം സസ്മിത് പത്ര വ്യക്തമാക്കിയിട്ടുണ്ട്. ‘ഞങ്ങളുടെ ഭാഗത്ത് നിന്ന്, മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന രാജ്യസഭാംഗം മുസിബുള്ള ഖാൻ സംസാരിക്കും, ബില്ലിലുള്ള എല്ലാ പോരായ്മകളും ബി ജെ ഡി തുടർന്ന് സഭയുടെ ഫ്‌ലോറിൽ അവതരിപ്പിക്കും’ അദ്ദേഹം വ്യക്തമാക്കി.

ബില്ലിനെതിരെ കോൺഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധമുയർത്തു. രാജ്യത്തിന്റെ ഭരണഘടനാ ഘടനയ്ക്കും സാഹോദര്യത്തിനും എതിരായി ഒരു പ്രത്യേക ന്യൂനപക്ഷ സമൂഹത്തെ ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ നീക്കമാണ് ഈ ബിൽ എന്ന് ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരൺ ദാസ് അഭിപ്രായപ്പെട്ടു. ‘ ഈ നീക്കത്തിലൂടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വഖഫ് ബോർഡിന്റെ പ്രവർത്തനത്തെയും ശാക്തീകരണത്തെയും അവർ നശിപ്പിക്കാന്‍ പോകുന്നു. അതിനാല്‍ ഞങ്ങൾ ഈ വഖഫ് ബില്ലിനെ എതിർക്കുന്നു. ഈ സമയത്ത്, എല്ലാം ഒരു വർഗീയ കോണിൽ നിന്ന് പരിഗണിക്കരുത്’ ദാസ് പറഞ്ഞു.

പന്ത്രണ്ട് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ വ്യാഴാഴ്ച പുലർച്ചെയാണ് ലോക്‌സഭ വിവാദപരമായ വഖഫ് ബിൽ പാസാക്കി. ഭരണകക്ഷിയായ എൻ‌ ഡി‌ എ നിയമനിർമ്മാണം ന്യൂനപക്ഷങ്ങൾക്ക് ഗുണകരമാണെന്ന് വാദിച്ചപ്പോള്‍ പ്രതിപക്ഷം ബില്ലിനെ “മുസ്ലീം വിരുദ്ധം” എന്നാണ് വിശേഷിപ്പിച്ചത്. പ്രതിപക്ഷ നിയമസഭാംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും ശബ്ദ വോട്ടോടെ തള്ളിയതിന് പിന്നാലെ 288 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. 232 പേർ എതിർത്ത് വോട്ട് ചെയ്തു.

അതേസമയം, വഖഫ് ബിൽ ന്യൂനപക്ഷങ്ങളുടെ സ്വയംഭരണത്തിനും, വിശ്വാസങ്ങൾക്കും, അവകാശങ്ങള്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്‌നമായ ആക്രമണമാണെന്ന് കെസി വേണുഗോപാല്‍ പാർലമെന്റിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഈ സർക്കാരിന് ഒരൊറ്റ അജണ്ടയെ ഉള്ളൂ, ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയാണിത്. ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന, വിഷയങ്ങൾ തൊഴിലില്ലായ്മ ഉൾപ്പെടെ, കർഷക രോഷമോ ഒന്നും സർക്കാരിന്റെ വിഷയമേ അല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു ചോര കുടിക്കുന്ന സൃഗാല ബുദ്ധിയാണ് ഈ സർക്കാരിനുള്ളത്. ഈ നിയമം മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്ന് ബിജെപി നേതാക്കളും, മന്ത്രിമാരും ആവര്‍ത്തിച്ച് പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയുടെ കുറ്റബോധം കൊണ്ടാകാം ഈ ഏറ്റു പറച്ചിലെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here