ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്,

0
40

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.

രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെ പൊങ്കാല തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. ദേവിയെ പാടി കുടിയിരുത്തിയ ശേഷം പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടാകും തീ പകരുക. ഇതോടെ ക്ഷേത്ര പരിസരത്തു നിന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീപടരും.

1.15 നാണ് നിവേദ്യം. തുടർന്ന് രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. രാത്രി 11.15ന്‌ പുറത്തെഴുന്നള്ളിപ്പും വെള്ളി രാവിലെ എട്ടിന്‌ അകത്തെഴുന്നള്ളിപ്പും നടക്കും. രാത്രി 10ന്‌ കാപ്പഴിക്കും. രാത്രി ഒന്നിന്‌ കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന്‌ സമാപനമാകും.

ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകൾ നിരന്നിട്ടുണ്ട്. അതേസമയം സ്മാർട്ട് സിറ്റിയുടെ ഭാഗമായി നഗരത്തിൽ വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്.

ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

പൊങ്കാല ഇടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

1. അടുപ്പ് മണ്ണെണ്ണ പോലുള്ള ദ്രവ ഇന്ധനങ്ങൾ ഉപയോഗിച്ച് കത്തിക്കരുത്.

2. പെട്രോൾ പമ്പുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്

3. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു മാത്രം അടുപ്പ് കത്തിക്കുക

4. പൊങ്കാലയിടുന്ന ഒരാൾക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാൻ ശ്രദ്ധിക്കണം

5. ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കുക

6. സാരി, ഷാൾ, അയഞ്ഞ വസ്ത്രങ്ങൾ എന്നിവ ശരീരത്തോട് ചേർത്ത് ചുറ്റിവയ്ക്കുക.

7. അത്യാവശ്യമുണ്ടായാൽ തീ അണയ്ക്കുന്നതിന് സമീപത്ത് വെള്ളം കരുതുക.

8. പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം വയ്ക്കരുത്.

9. ഹൈഡ്രജൻ ബലൂണുകളും സമാന വസ്‌തുക്കളും തീർത്തും ഒഴിവാക്കുക

10. അടുപ്പ് കത്തിക്കുന്നതിനു മുൻപായി അധികമുള്ള വിറക് സുരക്ഷിതമായി മാറ്റിവയ്ക്കുക

11. പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥാനം വിട്ടുപോകുക.

12. വസ്ത്രങ്ങളിൽ തീപിടിച്ചാൽ നിലത്തു കിടന്ന് ഉരുളുക. സമീപത്ത് നിൽക്കുന്നവർ വെള്ളമൊഴിച്ചോ കട്ടിയുള്ള തുണികൊണ്ട് മൂടിയോ തീ അണയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here