ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം നിരവധി ഭക്തരാണ് ആറ്റുകാലമ്മയുടെ നടയിൽ ദർശനത്തിനായെത്തിയത്. ഇന്നലെ മുതൽ നിരവധി ഭക്തർ പൊങ്കാലയിടാനുള്ള സ്ഥലം ബുക്ക് ചെയ്തു കഴിഞ്ഞു. ഇത്തവണയും അത്യാവശ്യം ചൂട് ഉള്ളതിനാൽ പൊങ്കാലയിടാനെത്തുന്ന ഭക്തർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
പൊങ്കാല ഇടാനെത്തുന്നവർ തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ചൂട് അത്യാവശ്യം കൂടുതലായതിനാൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്കി മാറി വൈദ്യസഹായം തേടണം.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്
- നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതിനായി തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കണം
- ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ സഹായിക്കും
- ഇടയ്ക്കിടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
- കുട്ടികളെ തീയുടെ അടുത്ത് നിന്നും മാറ്റി നിർത്തണം
- സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
- കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം
തിരക്ക് ഏറെ ആയതിനാൽ, പൊങ്കാലയിടുമ്പോൾ തീ പിടിക്കാനുള്ള സാധ്യതയുണ്ട്. തീ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- തീ പിടിക്കുന്ന രീതിയിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്
- ചുറ്റുമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
- തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. - വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക.
- അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
- തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
- പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
- ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
- പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം