രണ്ടു തവണ മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരത്തിന് നാമ നിർദേശം ചെയ്യപ്പെട്ടു, ആ രണ്ട് തവണയും ഓസ്കർ അങ്ങ് തൂക്കി എഡ്രീൻ ബ്രോഡി. 23 വർഷം മുൻപ് തന്റെ 29 ആം വയസിൽ ‘ദി പിയാനിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കർ നേടിയ എഡ്രീൻ ബ്രോഡി തൊണ്ണൂറ്റിയേഴാമത് ഓസ്കർ വേദിയിൽ ഇത്തവണ വീണ്ടും പുരസ്കാരത്തിനർഹനായത് ‘ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ്.
മികച്ച നടനുള്ള ഓസ്കർ നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടൻ എന്ന റെക്കോർഡ് ഇന്നും അദ്ദേഹത്തിന്റെ പേരിലിരിക്കെയാണ് 2 ആം പുരസ്‌കാര നേട്ടം.യുദ്ധാനന്തര യൂറോപ്പിൽ നിന്ന് അമേരിക്കയിലേയ്ക്ക് പലായനം ചെയ്യുന്ന ലാസ്ലോ ടോത്ത് എന്ന ആർക്കിടെക്റ്റിന് സമ്പന്നനായ ഒരാൾ നൽകുന്ന ഒരു വലിയ ഉത്തരവാദിത്വം എങ്ങനെ അയാളുടെ ഉയർച്ചയ്ക്കും നഷ്ട്ടങ്ങൾക്കും കാരണമാകുന്നു എന്നതാണ് ‘ദി ബ്രൂട്ടലിസ്റ്റി’ന്റെ, പ്രമേയം.ദി പിയാനിസ്റ്റ് എന്ന ചിത്രത്തിലും യുദ്ധക്കെടുതികളും പലായനവും എല്ലാം കടന്നു വന്നിരുന്നു എന്നത് യാദൃശ്ചികമാകാം.
പുരസ്കാരം സ്വീകരിച്ചുള്ള എഡ്രീൻ ബ്രോഡിയുടെ വികാര നിർഭരമായ പ്രസംഗം അല്പം നീണ്ടു പോയപ്പോൾ, പ്രസംഗം അവസാനിപ്പിക്കണമെന്ന് സൂചിപ്പിക്കുന്ന റാപ്പപ്പ് മ്യൂസിക്ക് വേദിയിൽ പ്ലേ ചെയ്യേണ്ടി വന്നു. എന്നാൽ ഉടൻ തന്നെ, “ഞാൻ ദാ നിർത്തുന്നു, ദയവായി ആ മ്യൂസിക്ക് ഒന്ന് ഓഫ് ആക്കൂ, ഇത് ഞാൻ ആദ്യമായല്ല ചെയ്യുന്നത്, ഞാൻ ചുരുക്കാം” എന്ന എഡ്രീൻ ബ്രോഡിയുടെ പ്രതികരണം സദസിനെ പൊട്ടിചിരിപ്പിച്ചു.
പ്രസംഗത്തിൽ തന്റെ 20 വർഷത്തിലധികം നീണ്ട കരിയാറിലേക്കുള്ള തിരിഞ്ഞുനോട്ടവും, ജീവിത പങ്കാളി നൽകിയ പിന്തുണയും, യുദ്ധം കാരണം ലോകത്ത് ഉണ്ടാകുന്ന ദുരിതങ്ങളും എല്ലാം നടൻ ഉൾപ്പെടുത്തിയിരുന്നു. 2003 ലെ ഓസ്കർ വേദിയിൽ പുരസ്‌കാര നേട്ടത്തിന് ശേഷം എഡ്രീൻ ബ്രോഡി ഹാലി ബേറിയെ കടന്നു പിടിച്ചു ചുംബിച്ചത് വലിയ വാർത്തയായിരുന്നു. ആ രംഗം ഇരുവരും ചേർന്ന് പുനർസൃഷ്ട്ടിച്ചതും തൊണ്ണൂറ്റിയേഴാമത് ഓസ്കർ പുരസ്‌കാര ചടങ്ങിൽ നിന്നുള്ള പ്രധാന ചർച്ചയായി മാറിയിട്ടുണ്ട്.