പത്തനംതിട്ട കലഞ്ഞൂർ പാടത്ത് ഭർത്താവ് ഭാര്യയേയും സുഹൃത്തിനെയും വെട്ടിക്കൊന്നത് അവിഹിതബന്ധം സംശയിച്ചെന്ന് എഫ്ഐആർ.പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവി(27) ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണു(34) എന്നിവരെയാണ് വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.
ഭാര്യ വൈഷ്ണവിയും അയൽവാസിയായ വിഷ്ണുവും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് ഭർത്താവ് ബൈജുവിന് സംശയമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി വൈഷ്ണവിയും ബൈജുവും തമ്മിൽ വഴക്കിട്ടു. വഴക്കിനെത്തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ബൈജു സിറ്റൗട്ടിൽ ഇട്ടു കൊടുവാൾ കൊണ്ട് വൈഷ്ണവിയെ വെട്ടിയത്. ശേഷം വിഷ്ണുവിനെ വിളിച്ചിറക്കി വെട്ടിയെന്നുമാണ് പൊലീസ് പറയുന്നത്.ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് രണ്ടുപേരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വൈഷ്ണവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ ശേഷം ബൈജു സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.