മൂലകോശത്തിൽ നിന്നും കുഞ്ഞുങ്ങളെ ഉണ്ടാക്കാനാവുന്ന ഇൻ-വിട്രോ ഗമെറ്റോജെനസിസ് വഴി ഇനി പ്രായമായവർക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും സ്വവർഗ പങ്കാളികൾക്കും തങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ ലഭിക്കും. ത്വക്ക്, മുടി, രക്തം എന്നിവയിൽ നിന്നുള്ള മൂലകോശങ്ങൾ ഉപയോഗിച്ച് പ്രത്യുൽപ്പാദന ശേഷിയുള്ള അണ്ഡവും ബീജവും ഉണ്ടാക്കുന്നതാണ് ഈ പ്രക്രിയ. ഇവ പിന്നീട് സംയോജിപ്പിച്ച് വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങളെയുണ്ടാക്കും. ഇതിലൂടെ ലാബ് വഴി കുഞ്ഞുങ്ങളുണ്ടാകുന്ന വിപ്ലവകരമായ മാറ്റത്തിനാണ് മനുഷ്യകുലം സാക്ഷ്യം വഹിക്കുന്നത്.
ജപ്പാനിലെ ക്യൂഷു സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇതിനകം തന്നെ എലികൾക്ക് ഈ നിലയിൽ ജന്മം നൽകി. മൂലകോശത്തിൽ നിന്ന് അണ്ഡവും ബീജവും നിർമ്മിച്ച ശേഷമായിരുന്നു ഇത്. യുകെയിലെ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോ അതോറിറ്റി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ രീതിയിൽ മനുഷ്യ കുഞ്ഞിനെ ജനിപ്പിക്കുമെന്ന് പറയുന്നു. എന്നാൽ ഇന്ത്യയിൽ ഐവിഎഫ് വിദഗ്ദ്ധർ ഇക്കാര്യത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്..
വന്ധ്യതയുള്ള ദമ്പതികൾക്ക് ഈ സാങ്കേതികവിദ്യ അനുഗ്രഹമാകുമെന്ന് ഇന്ദിര ഐവിഎഫ് ഗ്രൂപ്പിൻ്റെ സിഇഒ ഡോ.ക്ഷിതിസ് മുർദിയ പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളുടെ പ്രത്യുത്പാദന പ്രായം പാശ്ചാത്യ സ്ത്രീകളെ അപേക്ഷിച്ച് ആറ് വയസ് കൂടുതലാണ്. കഴിഞ്ഞ 50 വർഷമായി പുരുഷന്മാരുടെ ബീജ എണ്ണം കുറഞ്ഞിട്ടുണ്ട്. അടുത്ത 40 വർഷത്തിനുള്ളിൽ പുരുഷന്മാരുടെ ബീജത്തിൻ്റെ എണ്ണം വളരെയേറെ കുറയും. അതിനാൽ തന്നെ ജനങ്ങൾക്ക് താങ്ങാനാവുന്ന നിലയിൽ പ്രത്യുൽപ്പാദന സാങ്കേതിക വിദ്യ ആവശ്യമാണെന്നും അവർ പറഞ്ഞു.
സ്ത്രീകളിൽ പ്രായമേറും തോറും അണ്ഡോൽപ്പാദനം നിലയ്ക്കും. 32 വയസുള്ള സ്ത്രീയുടെ 60 ശതമാനം അണ്ഡത്തിലും ക്രോമസോം സാധാരണ നിലയിലായിരിക്കും. എന്നാൽ 42 വയസുള്ള സ്ത്രീയിൽ 80 ശതമാനത്തോളം അണ്ഡത്തിലും അസാധാരണ ക്രോമസോം നില കാണാം. അതിലൂടെ ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുമെന്നും മുർദിയ ചൂണ്ടിക്കാട്ടുന്നു. പുതിയ സാങ്കേതിക വിദ്യായയിലൂടെ എത്ര അണ്ഡങ്ങൾ വേണമെങ്കിലും ഉൽപ്പാദിപ്പിക്കാനാവുമെന്നും ഇത് നിലവിലെ ഐവിഎഫ് ചികിത്സയെ അപേക്ഷിച്ച് കൂടുതൽ എളുപ്പമാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.