ജൂണ്‍ 1 മുതല്‍ സിനിമാ സമരം; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പിന്തുണച്ച് ഫിലിം ചേംബര്‍;

0
48

ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍ രംഗത്ത്. നിര്‍മാതാക്കള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ 24 ന് കൊച്ചിയില്‍ സംഘടനയുടെ യോ​ഗം ചേരുമെന്ന് സംഘടന അറിയിച്ചു.

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സമരം പ്രഖ്യാപിക്കാൻ ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ വിവാദമായിരുന്നു. വാർത്താസമ്മേളനം മുതല്‍ ആരംഭിച്ച സിനിമാ മേഖലയിലെ തര്‍ക്കം കൂടുതല്‍ സങ്കീണമാവുകയാണ്.

വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം.

പിന്നാലെ സുരേഷ് കുമാറിനെതിരെ വന്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട്  നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ അംഗവുമായ ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തി. എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ചും സുരേഷ് കുമാര്‍ വിമര്‍ശന സ്വരത്തോടെ സംസാരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് ആന്‍റണിയുടെ കുറിപ്പ്.

നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്നതാണ് സമരനീക്കമെന്നുംസംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നും ആൻ്റണി പെരുമ്പാവൂർ ചോദിച്ചു.

“എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്. കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി. നൂറു കോടി ക്‌ളബില്‍ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു” ആൻ്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ എഴുതി.

ഒരു നടന്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്നത് സുരേഷ് കുമാര്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിതെന്നും ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാല്‍ ആരാണ് പിന്തുണയ്‌ക്കെത്തുകയെന്നും അദ്ദേഹം ചോദിച്ചു.

“ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്?” ആൻ്റണി പെരുമ്പാവൂർ ചോദിച്ചു.

“തീയറ്ററുകള്‍ അടച്ചിടുകയും സിനിമകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികള്‍ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനില്‍ക്കുന്നത്. അത് സംഘടനയില്‍ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാള്‍ കാണിക്കേണ്ടതുണ്ട്”, ആൻ്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

ഈ വിമർശനങ്ങൾക്ക് മറുപടിയുമായി നിർമാതാവ് സുരേഷ്‌കുമാർ വീണ്ടും രംഗത്തെത്തി. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആൻ്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു.

ആൻ്റണി സിനിമ കണ്ടു തുടങ്ങുമ്പോൾ സിനിമ നിർമ്മിച്ച ആളാണ് താൻ. ഞാൻ ഒരു മണ്ടൻ അല്ല. തമാശ കളിയ്ക്കാൻ അല്ല സംഘടന. എമ്പുരാന്റെ ബജറ്റിനെ കുറിച്ചു പറഞ്ഞത് ബന്ധപ്പെട്ടവർ അറിയിച്ച കാര്യമാണ്. അത് പിൻവലിക്കണമെങ്കിൽ പിൻവലിക്കാം. സമരവുമായി മുന്നോട്ട് തന്നെ പോവുമെന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here