1950 മാര്‍ച്ച് 23നാണ് ലോക കാലാവസ്ഥ സംഘടന നിലവില്‍ വന്നത്. ഈ വാര്‍ഷിക ദിനമാണ് പിന്നീട് കാലാവസ്ഥ ദിനമായി ആചരിക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജന്‍സിയായി 1951 മുതല്‍ ഇതിനെ പരിഗണിക്കുന്നു. 1979ല്‍ 50 രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പ്രഥമ ലോക കാലാവസ്ഥാ കോണ്‍ഫറന്‍സില്‍, ജനീവയില്‍ ഒത്തുകൂടി. കാലാവസ്ഥാമാറ്റങ്ങളുടെ ആപല്‍ക്കരമായ ലക്ഷണങ്ങളിൽ അടിയന്തിര നടപടി ആവശ്യപ്പെടുന്നതായിരുന്നു സമ്മേളനം. ഈ സമ്മേളനമാണ് കാലാവസ്ഥാ ദിനാചരണത്തിന്റെ പ്രാധാന്യം ലോകത്തേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായത്. പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ, സമരസപെട്ട് മണ്ണിന്റെ മക്കളായി നാം മാറണം എന്ന ഓര്‍മ്മപ്പെടുത്തലായാണ് ഈ ദിനം വീണ്ടും എത്തുന്നത്.
പല പ്രശ്നങ്ങളാണ് കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്നത്. പര്‍വ്വതങ്ങളും ധ്രുവങ്ങളും വിയര്‍ത്തൊഴുകുന്ന നിലയിലാണ്. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു. ഭൗമകവചമായ ഓസോണ്‍ പാളികള്‍ അര്‍ബുദ ബാധിതരായി. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറയുകയാണ്. കാലാവസ്ഥ വ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതരം കെടുതികളാണ് വിതയ്‌ക്കുന്നത്.
കാട്ടുതീ, പേമാരി, ചുഴലിക്കൊടുംങ്കാറ്റ്, വരള്‍ച്ച, വിളനാശം തുടങ്ങിയ പല പ്രശ്നങ്ങള്‍ ഈ വ്യതിയാനം സൃഷ്ടിക്കുന്നു. മനുഷ്യന്റെ ചെയ്തികള്‍ തന്നെയാണ് ഭൂമിയെ ചൂടുപിടിപ്പിക്കുന്നത്. ഇന്ത്യയിലെ മണ്‍സൂണ്‍ അവസ്ഥയില്‍ മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നതായാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഓരോവര്‍ഷവും വേനല്‍ക്കാലം വര്‍ധിച്ചു വരുന്ന വരള്‍ച്ചയുടെയും, അത്യുഷ്ണത്തിന്റെയും കാലമായി മാറുന്നു. മണ്‍സൂണ്‍ വൈകി എത്തുന്നു. മണ്‍സൂണിന്റെ തുടക്കത്തില്‍ മഴക്കുറവ് അനുഭവപ്പെടുന്നു. പിന്നീട് അതി ശക്തിയായ മഴയും അതിന്റെ ഭാഗമായുള്ള കാലാവസ്ഥാക്കെടുതികളും ഉണ്ടാവുന്നു. ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇത് തീരദേശത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക.
2030-ല്‍ സമുദ്രനിരപ്പ് 11 സെന്റിമീറ്ററും 2100ല്‍ 71 സെന്റിമീറ്ററും 2150-ല്‍ 1.24 മീറ്റര്‍വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. ആഗോളതാപനത്തെ തുടര്‍ന്ന് ഉത്തരധ്രുവത്തിലെ മഞ്ഞുപാളികള്‍ ക്ഷണത്തില്‍ ഉരുകിയാല്‍ സമുദ്രനിരപ്പിലെ ഉയര്‍ച്ച വേഗത്തിലാകും. കടല്‍നിരപ്പ് അരയടി മുതല്‍ 2.7 അടി വരെ ഉയര്‍ന്നാല്‍ കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 12 നഗരം വെള്ളത്തിലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കൊച്ചിക്ക് പുറമേ കണ്ട്ല, ഓഖ, ഭവ്നഗര്‍, മുംബൈ, മംഗളൂരു, പാരദീപ്, കിദിര്‍പുര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതാപനത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ ചൂടുകാറ്റ് സാഹചര്യം തുടരാനുള്ള സാധ്യത കൂടുതലാണ്. ഏതാനും വര്‍ഷം മുമ്പുവരെ കേരളത്തില്‍ ഹീറ്റ് വേവ് സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ അത് കൂടിവരുന്നു. ശക്തമായ പ്രളയങ്ങളുണ്ടാകും. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുനോക്കിയാല്‍ ചൂടുകാറ്റ്, പ്രളയം എന്നിവയെല്ലാം കൂടുകയാണ്. 20 വര്‍ഷത്തിനിടെ വെള്ളപ്പൊക്കംമൂലം കേരളത്തില്‍ മരണം വര്‍ധിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നുണ്ട്.
കേരളത്തിലും മാറിയ കാലാവസ്ഥ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രകൃതി ചൂഷണം തന്നെയാണ് പ്രധാന ഹേതു. കര്‍ക്കിടകത്തിലെ ഇടമുറിയാത്ത മഴ, വസന്തത്തെ വരവേറ്റ് ഓണത്തിനൊരുങ്ങുന്ന ചിങ്ങം, പിന്നെ കടലുവറ്റിക്കുന്ന കന്നി വെയില്‍. ഇടിമിന്നലിന്റെ അകമ്പടിയോടെ തുലാവര്‍ഷം. മഞ്ഞും, കുളിരുമായി പതുങ്ങി വരുന്ന ധനു, മകരങ്ങള്‍ എല്ലാം കവി വാക്യങ്ങളായി മാറിയ അവസ്ഥയാണ്.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ പൊള്ളിക്കുന്ന മീന വെയില്‍. കത്തുന്ന നിറത്തില്‍ മേടത്തില്‍ പൂത്ത് നില്‍ക്കുന്ന കണിക്കൊന്നയും, കുംഭത്തിലെ വേനല്‍ മഴ. ഇങ്ങനെ കേരളത്തിനു ഒരു കൃത്യമായ താളമുണ്ടായിരുന്നു. ഇന്നത് അപ്രത്യക്ഷമായിരിക്കുന്നു. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ ക്രമത്തില്‍ തന്നെ കടന്നുപോകുമെന്ന് ഒരുറപ്പുമില്ല. ഒപ്പം 2004 ലെ സുനാമിയും 2017 നവംബറിലെ ഓഖി കൊടുങ്കാറ്റും 2018 ആഗസ്തിലും 2019 ആഗസ്തിലും കേരളത്തില്‍ പെയ്ത അതിവൃഷ്ടിയും പ്രളയവുമെല്ലാം കേരളത്തെ തുടച്ചുമാറ്റാന്‍ പര്യാപ്തമായിരുന്നു. ഞാറ്റുവേലയും കടല്‍ കടന്നിരിക്കുന്നു. എല്ലാം വിരല്‍ ചൂണ്ടുന്നത് കടുത്ത പ്രകൃതി ചൂഷണത്തിലേക്കും.