അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
വിട വാങ്ങിയത് വെറുമൊരു രാഷ്ട്രീയ നേതാവല്ല, 1970 ല്‍ തനിക്ക് ആദ്യമായി വോട്ടു ചെയ്ത പുതുപ്പളളിക്കാരുടെ തലമുറകളിലേക്ക് വേരുപടര്‍ത്തിയ വ്യക്തി. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ഈ വ്യക്തി ബന്ധം തന്നെയായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിന്‍റെ നെറുകയിലേക്ക് വളര്‍ന്നു കയറാനുളള ഉമ്മന്‍ചാണ്ടിയുടെ അടിത്തറ.
പുതുപ്പള്ളിയെന്നാൽ ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തെയല്ലാതെ മറ്റൊരാളെ തങ്ങളുടെ നേതാവായി കാണാൻ പുതുപ്പള്ളിക്കാർക്കും കഴിഞ്ഞിട്ടില്ല. അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോഴും പുതുമ നഷ്ടപ്പെടാത്തൊരു ബന്ധമായിരുന്നു ഉമ്മന്‍ചാണ്ടിയും പുതുപ്പളളിയും തമ്മിലുണ്ടായിരുന്നത്.
2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.
പുതുപ്പളളി എം ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.
കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിവരെയും വർക്കിംഗ് കമ്മിറ്റി അംഗമായും മാറി. കെ എസ് യു സംസ്ഥാന പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. യു ഡി എഫ് കണ്‍വീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും. പുതുപ്പളളിക്കാര്‍ക്കൊപ്പം പുതുപ്പളളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന ചിന്തയായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം.