പശ്ചിമ ബംഗാളിൽ നിക്ഷേപം നടത്താൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തിനായുള്ള തന്റെ കാഴ്ചപ്പാടും മുകേഷ് അംബാനി പങ്കുവച്ചു. കൊൽക്കത്തയിൽ നടന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട്, വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ കാലഘട്ടത്തിൽ പശ്ചിമ ബംഗാളിന് ഒരു പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016 ൽ ആദ്യമായി ഈ ഉച്ചകോടിയിൽ പങ്കെടുത്തപ്പോൾ റിലയൻസിന്റെ ബംഗാളിലെ നിക്ഷേപം 2000 കോടി രൂപയിൽ താഴെയായിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ നിക്ഷേപം 20 മടങ്ങ് വർധിച്ചുവെന്നും നിലവിലെ നിക്ഷേപം 50,000 കോടി രൂപ കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. 2030ഓടെ നിക്ഷേപം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിന്റെ സമഗ്ര വികസനത്തോടുള്ള റിലയൻസിന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു, “ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഞങ്ങൾ ഈ നിക്ഷേപം ഇരട്ടിയാക്കും” എന്ന് മുഖ്യമന്ത്രി മമത ബാനർജിയെ സാക്ഷിയാക്കി മുകേഷ് അംബാനി പറഞ്ഞു.
ഫൈബർ കണക്റ്റിവിറ്റി സാധ്യമാക്കുന്നതിനായി ജിയോ ബംഗാളിലെ ആദ്യത്തെ കേബിൾ ലാൻഡിംഗ് സ്റ്റേഷൻ ദിഘയിൽ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ആദ്യം ഇത് കമ്മീഷൻ ചെയ്യുമെന്നും കിഴക്കൻ ഇന്ത്യയിലെ ബംഗാളിന്റെ ഡിജിറ്റൽ നേതൃത്വത്തിലേക്കുള്ള ഒരു കവാടമായി ഇത് മാറുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ഡാറ്റാ സെന്ററുകളാണ് എഐ ഇൻഫ്രാസ്ട്രക്ചറിന്റെ കാതൽ എന്നും ജിയോ നിലവിൽ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും മികച്ച എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, കൊൽക്കത്തയിലെ തങ്ങളുടെ ഡാറ്റാ സെന്റർ അത്യാധുനിക എഐ-റെഡി ഡാറ്റാ സെന്ററായി പരിഷ്കരിച്ചതായും അടുത്ത 9 മാസത്തിനുള്ളിൽ അത് തയ്യാറാകുമെന്നും പ്രഖ്യാപിച്ചു.